ഇളയദളപതിയുടെ അടുത്ത ചുവടുവെപ്പ്; ടിവികെയുടെ പതാകയും ചിഹ്നവും പുറത്തിറക്കി വിജയ്
ചെന്നൈ: തമിഴകത്ത് പുതിയ രാഷ്ട്രീയ നീക്കവുമായി വിജയ്. തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും ചിഹ്നവും പുറത്തിറക്കിയിരിക്കുകയാണ് ഇളയദളപതി. ഈ വര്‍ഷം ആദ്യം വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. 2026ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ മത്സരിക്കുമെന്നും താരം അറിയിച്ചിരുന്നു. ചെന്നൈയിലെ പാര്‍ട്ടി ഓഫീസില്‍ വെച്ച് വിജയ് തന്നെയാണ് പാര്‍ട്ടിയുടെ കൊടി ഉയര്‍ത്തിയത്.
ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി വീരചരമം വരിച്ച പോരാളികളെയും, തമിഴരുടെ അവകാശങ്ങള്‍ക്കായി ഈ മണ്ണില്‍ നിന്ന് പോരാടിയവരെ അതുപോലെ വിസ്മരിക്കാനാവില്ല. അവരെ എപ്പോഴും അഭിനന്ദിക്കാറുണ്ട്. ജാതി, മതം, ലിംഗം, ജന്മനാട് എന്നിവയുടെ പേരിലുള്ള എല്ലാ വിവേചനങ്ങളെയും ഞാന്‍ നീക്കം ചെയ്യും. എല്ലാവര്‍ക്കും തുല്യ അവകാശങ്ങളും, അവസരങ്ങളും ഉറപ്പാക്കും. എല്ലാ ജീവജാലങ്ങള്‍ക്കും തുല്യത എന്ന തത്വം മുറുകെ പിടിക്കുമെന്നും വിജയ് വ്യക്തമാക്കി.

ചെന്നൈയിലെ പനയൂരിലുള്ള പാര്‍ട്ടി ഓഫീസില്‍ വെച്ച് ഔദ്യോഗികമായി പതാക ഉയര്‍ത്തിയ വിജയ്, പാര്‍ട്ടിക്കായി ഔദ്യോഗിക ഗാനവും പുറത്തിറക്കി. രണ്ട് നിറത്തിലുള്ള ടിവികെയുടെ പതാക. മറൂണ്‍-മഞ്ഞ നിറത്തിലാണ് പതാകയുള്ളത്. രണ്ട് വശങ്ങളിലും ആനകളും, ഒരു മയിലും ചുറ്റും നക്ഷത്രങ്ങളുമാണ് പതാകയുടെ മധ്യത്തിലായി ഉള്ളത്.
നിങ്ങളെല്ലാം പാര്‍ട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിനായി കാത്തിരിക്കുകയാണെന്ന് എനിക്കറിയാം. അതിനായുള്ള മുന്നൊരുക്കങ്ങള്‍ നടക്കുകയാണ്. വൈകാതെ തന്നെ അതിന്റെ തിയതി പ്രഖ്യാപിക്കും. ഇന്ന് പാര്‍ട്ടിയുടെ പതാക ഉയര്‍ത്തിയപ്പോള്‍ എനിക്ക് വളരെ അഭിമാനം തോന്നി. തമിഴ്‌നാടിന്റെ വികസനത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. തമിഴ്‌നാടിന്റെ ക്ഷേമത്തിനായി ഞാന്‍ പ്രവര്‍ത്തിക്കും. തമിഴ്‌നാട് ഇനി മുതല്‍ ഏറ്റവും മികച്ചതായിരിക്കും. വിജയം സുനിശ്ചിതമായിരിക്കുമെന്നും വിജയ് പറഞ്ഞു.
അതേസമയം പതാക ഉയര്‍ത്തിയതിന് ശേഷം വമ്പന്‍ റാലിയുടെ തിയതിയും പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനമാണ് വമ്പന്‍ ജനകീയ റാലി നടത്തുക. തമിഴ്‌നാട്ടിലെ വടക്കന്‍ മേഖലയായ വിക്രവണ്ടിയിലാണ് റാലി നടത്തുക. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ നടത്തുന്നത് അവസാന ഘട്ടത്തിലാണ്. ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ടിവികെയുടെ ഔദ്യോഗിക ഗാനത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകന്‍ എസ് തമനാണ്. വരികള്‍ എഴുതിയത് ജി വിവേകുമാണ്. ചടങ്ങിലേക്ക് മുന്നൂറില്‍ അധികം ടിവികെ പ്രവര്‍ത്തകരും, വിജയ് ആരാധക സംഘടനയില്‍ നിന്നുള്ളവരും പരിപടായില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.












Click it and Unblock the Notifications