താമരയെ തൊട്ടുണർത്തിയെന്ന് സുരേഷ് ഗോപി: കാസർകോട്ടെ ഭൂരിപക്ഷം പ്രവചിച്ച് ഉണ്ണിത്താനും
വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ തന്നെ വോട്ട് രേഖപ്പെടുത്തി വിവിധ മുന്നണികളുടെ സ്ഥാനാർത്ഥികള്‍. തൃശൂരിലെ ബി ജെ പി സ്ഥാനാര്‍ഥി സുരേഷ് ഗോപി അടക്കമുള്ളവർ അതിരാവിലെ തന്നെ പോളിങ് ബൂത്തിലേക്ക് എത്തി. തൃശൂര്‍ മണ്ണുത്തി മുക്കാട്ടുകര സെന്റ്.ജോര്‍ജ് കോണ്‍വെന്റ് എല്‍.പി സ്‌കൂളിലാണ് സുരേഷ് ഗോപിയും കുടുബവും വോട്ട് ചെയ്യാനെത്തിയത്. തനിക്ക് വേണ്ടി, ആദ്യമായി വോട്ട് ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പങ്കുവെച്ചു.
'വിരല്‍ തുമ്പിലൂടെ താമരയെ തൊട്ടുണർത്തി തൃശൂരും അതുവഴി കേരളത്തേയും വിരിയിക്കും എന്ന ആത്മവിശ്വാസം മാത്രമാണ് ഉള്ളത്. അതില്‍ കൂടുതലൊന്നും ഇന്നൊരു പ്രചരണത്തിനായി ഞാന്‍ ഉപയോഗിക്കാന്‍ പാടില്ല. എനിക്ക് വേണ്ടി എനിക്ക് ആദ്യമായി വോട്ടുചെയ്യാനുള്ള അവസരം ലഭിച്ചത്. അതാണ് ഏറ്റവും വലിയ സന്തോഷം' സുരേഷ് ഗോപി പറഞ്ഞു.

എല്ലാവരും പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യണമെന്ന അഭ്യർത്ഥനയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ പങ്കുവെച്ചത്. ഇതൊരു വലിയ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ്. അതായത് നമ്മുടെ രാജ്യം മരിക്കണമോ ജീവിക്കണമോയെന്ന ചോദ്യം ഉയരുന്ന തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ഇന്ത്യ ജീവിക്കണമെന്ന ഉത്തരമാണ് കൊടുക്കേണ്ടതെങ്കില്‍ ഈ വർഗ്ഗീയ ഫാസിസ്റ്റ് സർക്കാറിനെ താഴെ ഇറക്കി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു സർക്കാർ ഉണ്ടാകണമെന്ന് രാജ്യത്തെ ഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്ന ഒരു സമയം കൂടിയാണ് ഇത്. നിശബ്ദമായ തരംഗം രാജ്യത്ത് എല്ലായിടത്തുമുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കേരളത്തില്‍ കേന്ദ്ര - സംസ്ഥാന സർക്കാറുകള്‍ക്കെതിരായ ജനങ്ങളുടെ പ്രതിഷേധവും അമർഷവും രോഷവുമെല്ലാം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. സംസ്ഥാനത്തെ ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തവണത്തെ തിരഞ്ഞെടുപ്പ് എനിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പായി മാറുമെന്നായിരുന്നു കാസർകോട്ടെ യു ഡി എഫ് സ്ഥാനാർത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. ഭൂരിപക്ഷം ഒരുലക്ഷം കവിയും, ഏത് പാർട്ടിക്കാരായാലും എന്റെ ചിഹ്നം കാണുമ്പോള്‍ വോട്ട് ചെയ്യാതിരിക്കാന്‍ അവർക്ക് സാധിക്കില്ല. അത്രയേറെ ഈ നിയോജക മണ്ഡലത്തിലെ ജനങ്ങളെ ഞാന്‍ സ്നേഹിച്ചുവെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമെന്നായിരുന്നു പത്തനംതിട്ടയിലെ എല്‍ ഡി എഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന്റ പ്രതികരണം. വടക്കേ ഇന്ത്യയില്‍ നടന്ന ന്യൂന പക്ഷ വേട്ടയുള്‍പ്പെടെ ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ഇടതുപക്ഷത്തെ സംബന്ധിച്ച് 2004 ന് സമാനമായ തിരഞ്ഞെടുപ്പ് വിജയമായിരിക്കും ഇത്തവണ ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പോളിങ്ങ് ബൂത്തിലേക്ക് പോവുന്ന ഓരോ മലയാളിയും ഇന്ത്യ മഹാരാജ്യത്തെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണെന്ന് ഇതെന്ന് ചിന്തിക്കണമെന്നായിരുന്നു വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ പ്രതികരണം. ഈ തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും ഐക്യ ജനാധിപത്യ മുന്നണിക്ക് ചെയ്യുന്ന ഓരോ വോട്ടും രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെ മതേതര മൂല്യങ്ങളെ വീണ്ടെടുക്കാനുള്ള ഏറ്റവും വലിയ കരുത്തായി മാറും. എല്ലാം വോട്ടര്‍മാരോടും ഈ നാടിന്റെ ഐക്യവും സാഹോദര്യവും നിലനിര്‍ത്താന്‍ നടത്തുന്ന ഒരു വോട്ടെടുപ്പ് എന്ന നിലയ്ക്ക് ഐക്യജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നെന്നും ഷാഫി പറഞ്ഞു.
രണ്ട് ഭരണകൂടങ്ങളും ജനങ്ങളെ വല്ലാതെ വെറുപ്പിച്ചിരിക്കുയാണ്. അവരോടുള്ള പ്രതിഷേധം അറിയിക്കാനുള്ള ഒരവസരം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. പാലക്കാട് നിന്നും വടകരയില്‍ മത്സരിക്കാന്‍ പോയ എന്നെ സംബന്ധിച്ച് വടകരയിലെ ജനങ്ങള്‍ സമാധാനപരമായ ജീവിതവും സ്വസ്തമായ രാഷ്ട്രീയ പ്രവര്‍ത്തനവും ആഗ്രഹിക്കുന്നു, ഞങ്ങളങ്ങനെ മതത്തിന്റെ പേരിൽ അളക്കപ്പെടുന്നവരായി മാറിയിട്ടില്ലെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications