കൊല്ലം സുധിയെ പച്ചക്ക് തെറിവിളിച്ചവരുണ്ട്; എങ്ങനെ ഇത്ര പൈസ ഇല്ലാതായി എന്ന് അറിയില്ല: അനൂപ് ജോണ്‍
അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുമായി വലിയ ആത്മബന്ധം ഉണ്ടായിരുന്നുവെന്ന് സ്റ്റാർമാജിക്ക് ഡയറക്ടർ ആയിരുന്ന അനൂപ് ജോണ്‍. സ്റ്റാർമാജിക്കില്‍ സുധിച്ചേട്ടന്‍ ഒരു അലങ്കാരമായിരുന്നു. സുധിച്ചേട്ടന്‍ പോയതിന് ശേഷം സ്റ്റാർ മാജിക്ക് കാണുന്നത് നിർത്തി എന്നൊക്കെ ഒരുപാട് പേർ ഇപ്പോള്‍ പറയാറുണ്ട്. എന്നാല്‍ അദ്ദേഹം വന്ന എപ്പിസോഡുകളില്‍ പച്ചക്ക് ചീത്തവിളിച്ച ഇഷ്ടം പോലെ ആളുകളുണ്ട്. 'എന്തിനാണ് ഇയാളെ അവിടെ കൊണ്ടിരുത്തുന്നത്? ഒന്നും മിണ്ടുന്നില്ലാലോ?' എന്നൊക്കെയായിരുന്നു ചില കമന്റുകളെന്നും അദ്ദേഹം പറയുന്നു.
സുധിച്ചേട്ടന്‍ തന്നെ സ്റ്റേജില്‍ ഒന്നും മിണ്ടാത്ത അവസ്ഥയില്‍ ആയിപ്പോയിട്ടുണ്ട്. കാരണം അദ്ദേഹ പറയുന്ന കോമഡികളൊന്നും മറ്റുള്ളവർക്ക് ഇഷ്ടമാകുന്നില്ല. ഇതേക്കുറിച്ച് എന്നോട് പറഞ്ഞപ്പോള്‍ 'കോമഡി പറയാനല്ല സുധിച്ചേട്ടനെ അവിടെ കൊണ്ടിരുത്തിയത്. ആ സാഹചര്യത്തില്‍ എങ്ങനെ പ്രതികരിക്കാന്‍ തോന്നുന്നോ, അങ്ങനെ പ്രതികരിക്കാനാണ്' എന്നായിരുന്നു എൻ്റെ മറുപടി.

കൊല്ലം സുധിയെപ്പോലെ ശരീരഭാഷയുള്ള ഒരു കോമേഡിയന്‍ ഇതുവരെ ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. ഏത് വേഷവും പുള്ളിയുടെ കൈകളില്‍ നില്‍ക്കും. ഫ്ലെക്സിബിലിറ്റി നല്ല രീതിയിലുണ്ട്. മരിച്ചപ്പോഴാണ് സുധിച്ചേട്ടന് ഇത്രയധികം ആരാധകർ ഉണ്ടായിരുന്നുവെന്ന് നമുക്ക് മനസ്സിലാകുന്നത്. സ്റ്റാർമാജിക്ക് നിർത്തിയിട്ട് കുറേ മാസങ്ങളായെങ്കിലും ഇപ്പോഴും ആ പരിപാടി നിർത്തിയതായി തോന്നുന്നില്ല. ആര് കണ്ടാലും ഇപ്പോള്‍ ചോദിക്കുന്നത് എപ്പോഴാണ് വീണ്ടും പരിപാടി തുടങ്ങുന്നത് എന്നാണെന്നും അനൂപ് പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീട്ടില്‍ നിന്നും ഉണ്ടാക്കുന്ന ഒരു കറിയാണെങ്കില്‍ എന്തെങ്കിലും ഒരു കുറവ് വന്നാല്‍ സ്ഥിരം കഴിക്കുന്ന ആള്‍ക്ക് അത് പെട്ടെന്ന് മനസ്സിലാകും. അതുപോലെ തന്നെയാണ് സ്റ്റാർമാജിക്കിലെ സുധിച്ചേട്ടന്റെ കുറവ്. സ്റ്റാർമാജിക്കിന്റെ ഏകദേശം എല്ലാ എപ്പിസോഡിലും സുധിച്ചേട്ടന്‍ ഉണ്ടായിരുന്നു. ബാക്കി എല്ലാവരും മാറിവന്നിട്ടുണ്ട്. സുധിച്ചേട്ടന് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് പോലും അദ്ദേഹത്തോട് വെറുതെയാണെങ്കിലും ഒന്ന് വന്നിരിക്കാന്‍ പറയും. അത് ഒരു പോസിറ്റീവ് ആണെന്ന് പറയും.
സുധിക്ക് അപകടം പറ്റിയ സമയത്ത് കിച്ചുവാണ് എന്നെ വിളിച്ച് കൊണ്ടിരുന്നത്. കിച്ചുവിനെ എനിക്ക് ആശ്വസിപ്പിക്കാൻ പറ്റുന്നില്ല. അത്രയ്ക്കും അച്ഛനുമായി അറ്റാച്ച്ഡ് ആയിരുന്നു അവന്‍. ഷൂട്ടിന് വരുമ്പോൾ മിക്ക സമയത്തും ഒപ്പം കിച്ചുവുണ്ടാകും. ഇനി ഞാനെന്ത് ചെയ്യും ചേട്ടാ എന്ന് ചോദിച്ച് അവൻ സംസാരിക്കുന്നുണ്ട്. പലതിനും മറുപടി ഇല്ല. കമ്പനിയുടെ ഒരു പരിപാടിക്ക് വിട്ടതിനാൽ അതിന്റെ ഉത്തരവാദിത്വവും നമുക്കുണ്ട്.
ആ ഒരു ഘട്ടത്തിലൂടെ കടന്ന് പോകുമ്പോള്‍ മാത്രമേ അത് എത്രയോളും വേദ നിറഞ്ഞതാണെന്ന് മനസ്സിലാകുകയുള്ളു. ഇപ്പോഴും മനസിൽ കിടക്കുന്ന സംഭവമാണ് അത്. പിന്നെ ഒരുപാട് പേർ വന്നു. മോർച്ചറിയിൽ കയറിയാണ് ഞാൻ സുധിചേട്ടനെ കണ്ടത്. രണ്ട് ദിവസം മുമ്പ് കണ്ട ആൾ അതേപോലെ കിടക്കുന്നു. എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റുന്നില്ലായിരുന്നു. വിനിഷേട്ടനാണ് ചേർത്ത് പിടിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നത്. ഇപ്പോഴും ആ സിറ്റുവേഷൻ കണ്ണിലുണ്ട്. സ്വന്തം വീട്ടിൽ നിന്നും ഒരാൾ പോയ തോന്നലായിരുന്നു. അത്രയും അറ്റാച്ച്ഡ് ആയിരുന്നുവെന്നും അനൂപ് പറയുന്നു.
രേണുവിനേയും മക്കളേയും പറ്റാവുന്നിടത്തോളം സാഹായിച്ചിട്ടുണ്ട്. ഒരുപാട് ഫാന്‍സ് അസോസിയേഷനുകളുണ്ട്, അവരും സഹായിച്ചിട്ടുണ്ട്. എന്തൊക്കെ ചെയ്തുവെന്ന് ഇപ്പോള്‍ പറയുന്നില്ല. അത് അങ്ങനെ തന്നെ നില്‍ക്കട്ടെ. അതേസമയം തന്നെ മറുവശത്ത് എന്തുകൊണ്ട് സുധിച്ചേട്ടന്‍ ഇത്രയും വലിയ പൈസയില്ലാത്ത സാഹചര്യത്തിലേക്ക് പോയെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്.
ഒരുപാട് വലിയ ആർട്ടിസ്റ്റാണ് അദ്ദേഹം. കൊല്ലം സുധിയുടെ പരിപാടി കാണാനായി സൈക്കിള്‍ ചവിട്ടിപോയ കഥ സുരാജേട്ടന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അത്രയും തിളങ്ങി നിന്ന വ്യക്തിയാണ്. അദ്ദേഹം സഞ്ചരിക്കാത്ത കാര്യങ്ങളില്ല. അച്ഛന്‍ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. എന്നിട്ടും എങ്ങനെയാണ് സുധിച്ചേട്ടന്‍ സാമ്പത്തികമായി ഈ ഒരു അവസ്ഥയിലെത്തിയതെന്ന് ഞാന്‍ ആലോചിക്കുമെന്നും അനൂപ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications