'മമ്മൂട്ടിയെ കോമാളിയാക്കി'; ഇനി സിനിമ ചെയ്താല്‍ നിന്റെ കൈ വെട്ടുമെന്ന് പറഞ്ഞു; ലാല്‍ ജോസ്
മലയാളത്തില്‍ വ്യത്യസ്തമായ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. സഹസംവിധായകനായി തുടങ്ങി 1998 ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. മീശമാധവന്‍, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്‌മേറ്റ്‌സ്, അറബിക്കഥ, ഇമ്മാനുവല്‍ തുടങ്ങിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ വലിയ ഹിറ്റായി മാറിയിരുന്നു.
ലാല്‍ ജോസിന്റെ മമ്മൂട്ടി ചിത്രമായിരുന്നു 'പട്ടാളം'. മീശമാധവന്‍ എന്ന വമ്പന്‍ ഹിറ്റിന് ശേഷമാണ് പട്ടാളം ഇറങ്ങിയത്. അതിനാല്‍ വലിയ പ്രതീക്ഷകളുമായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. എന്നാല്‍ തീയറ്ററുകളില്‍ ചിത്രം പരാജയപ്പെട്ടു. അതേസമയം, പിന്നീട് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പട്ടാളം പോലൊരു വലിയ സിനിമയുടെ പരാജയം തന്നെ ഏറെ വിഷമിപ്പിച്ചതായി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ലാല്‍ ജോസ്.

സിനിമയുടെ റിലീസിന് ശേഷം തന്റെ വീട്ടിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. ഇളയ മകളാണ് ആ ഫോണെടുത്തത്. ഒരു ഭീഷണി ഫോണ്‍ കോളായിരുന്നു അത്. മമ്മൂട്ടിയുടെ ആരാധകനെന്നു പറഞ്ഞാണ് വിളിച്ചത്.
നിന്റെ തന്ത വീട്ടിലുണ്ടോ? എന്നായിരുന്നു വിളിച്ച ആള്‍ ആദ്യം ചോദിച്ചത്. 'മമ്മൂട്ടിയെപ്പോലെ ഒരു മഹാനടനെ ഓടിന്റെ പുറത്ത് കയറ്റുകയും, പട്ടിയുടെ പിന്നാലെ ഓടിക്കുകയും ചെയ്ത് കോമാളിയാക്കിയതിന് അയാള്‍ക്ക് മാപ്പ് കൊടുക്കില്ല ഞങ്ങള്‍. ഇനി സിനിമ അയാള്‍ ചെയ്യാന്‍ നിന്നാല്‍ അയാളുടെ കൈ വെട്ടും' എന്നായിരുന്നു അയാളുടെ ഭീഷണി. സംസാരം കേട്ട് മകള്‍ ഭയന്നുപോയി. സിനിമ വിട്ട് വീട്ടില്‍ ഇരിക്കാന്‍ മകള്‍ പറഞ്ഞെന്നും ലാല്‍ജോസ് ഓര്‍ക്കുന്നു.
വീട്ടില്‍ തന്നെ ഊണ് കഴിച്ച് കൂടാം എന്നായിരുന്നു മകള്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നെ പിന്നീട് പുറത്തേക്ക് വിടാന്‍ അവള്‍ക്ക് പേടിയായിരുന്നു. 'ഒരു സിനിമ പരാജയപ്പെട്ടാല്‍ അതിന് വേണ്ടി നമ്മള്‍ എടുത്ത എഫര്‍ട്ടും സ്ട്രെയിനും എല്ലാം പലരും മറക്കും. അതുവരെ നമ്മള്‍ ചെയ്ത പുണ്യങ്ങളെല്ലാം പാപമായി മാറും. അതിനെ അതിജീവിക്കുന്നത് വലിയൊരു കാര്യമാണ്'. ചാവക്കാടുള്ള ഫാന്‍സായിരുന്നു അന്ന് വിളിച്ചതെന്നും ലാല്‍ ജോസ് പറയുന്നു.
അതേസമയം, പട്ടാളം പരാജയപ്പെട്ടെങ്കിലും ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെ വീണ്ടും മമ്മൂട്ടിയും ലാല്‍ജോസും ഒരുമിച്ചു. 2013-ല്‍ ഇറങ്ങിയ ഇമ്മാനുവല്‍ തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.












Click it and Unblock the Notifications