'മമ്മൂട്ടിക്കെതിരെ ഫിറോസ് നുണ പ്രചരിപ്പിക്കുന്നു; ആ രാത്രിയില്‍ നടന്ന സംഭവം വളച്ചൊടിച്ചു'; സത്യാവസ്ഥ ഇതാണ്
മമ്മുട്ടിക്കെതിരെ വലിയ തോതിലുള്ള ആരോപണങ്ങളുമായി ബിഗ് ബോസ് താരവും ടെലിവിഷന്‍ അവതാരകനുമായ പൊളി ഫിറോസ് അടുത്തിടെ രംഗത്ത് വന്നിരുന്നു. സെറ്റില്‍ ഒരാള്‍ പുള്ളിയെക്കാള്‍ നല്ല ഷർട്ട് ഇട്ടുകൊണ്ട് വന്നാല്‍ മമ്മൂട്ടി അത് ഊരിപ്പിക്കും, മുതിർന്ന ഒരു സിനിമ പ്രവർത്തകനെ പാതിരാത്രി വഴിയില്‍ ഇറക്കിവിട്ടു എന്ന് തുടങ്ങിയ ആരോപണങ്ങളായിരുന്നു ഫിറോസ് ഉയർത്തിയത്.
'മമ്മൂട്ടി സെറ്റില്‍ വന്നാല്‍ പുള്ളിയായിരിക്കണം രാജാവ് എന്നൊക്കെയുള്ള കുറച്ച് കാര്യങ്ങളുമുണ്ട്. അതിന് അടിയാളന്മാരായി നില്‍ക്കുന്ന ആളുകളുമുണ്ട്. അവർക്ക് സിനിമയില്‍ തുടർച്ചയായി അവസരങ്ങള്‍ ലഭിക്കും. ഞാന്‍ അവിടെ കണ്ണുകൊണ്ട് കണ്ട കാര്യമാണ്. അത്തരം താരങ്ങള്‍ക്കൊക്കെ ചെറിയ വേഷങ്ങള്‍ മമ്മൂട്ടി വിളിച്ച് കൊടുക്കും. നട്ടെല്ല് വളച്ച് നില്‍ക്കുന്ന കുറെ ടീമുണ്ട്. ഞാനും അങ്ങനെ നിന്നിരുന്നെങ്കില്‍ ഒരു പക്ഷെ പുള്ളിയുടെ രണ്ടാമത്തെ പടത്തില്‍ ഞാനും ഉണ്ടായേനെ. എന്നാല്‍ നമുക്ക് അത് പറ്റില്ല' എന്നാണ് ഫിറോസ് പറഞ്ഞത്.

ഇതോടൊപ്പം തന്നെയാണ് മമ്മൂട്ടി ഒരാളെ വഴിയില്‍ ഇറക്കിവിട്ട കാര്യവും ഫിറോസ് പറയുന്നത്. ഒരു ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് വരുമ്പോള്‍ ആ സിനിമയുടെ വലിയ ഭാഗമായി നില്‍ക്കുന്ന ഒരാളേയും കൂടെ കൂട്ടി. അദ്ദേഹം വരുന്നില്ലെന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് കൂടെ കൂട്ടുകയായിരുന്നു. യാത്രക്കിടെ ഇദ്ദേഹം നല്‍കിയ മറുപടി മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ പുലർച്ചെ മൂന്ന് മണിക്ക് അദ്ദേഹത്തെ മമ്മൂട്ടി കാടിന് നടുവിലെ വഴിയില്‍ ഇറക്കിവിട്ടു. അരമണിക്കൂർ കഴിഞ്ഞാണ് മമ്മൂട്ടി തിരികെ വന്ന് കൂട്ടിക്കൊണ്ടു പോകുന്നതെങ്കിലും ഇരയാക്കപ്പെട്ട ആ മനുഷ്യന്‍ പിന്നീട് ഗ്ലോറിഫൈ ചെയ്താണ് ഈ സംഭവം പറഞ്ഞതെന്നും അഭിമുഖത്തില്‍ ഫിറോസ് ചൂണ്ടിക്കാട്ടി.
ഫിറോസിന്റെ ഈ വെളിപ്പെടുത്തലിന് പിന്നാലെ മമ്മൂട്ടിക്കെതിരെ ഒരു വിഭാഗം ആളുകള്‍ വലിയ വിമർശനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ യഥാർത്ഥ സംഭവം ഫിറോസ് വളച്ചൊടിച്ച് പറയുകയാണുണ്ടായതെന്ന് മമ്മൂട്ടിയെ പിന്തുണയ്ക്കുന്നവരും വാദിക്കുന്നു. തങ്ങളുടെ വാദം ശക്തിപ്പെടുത്തുന്നതിനായി മമ്മൂട്ടി വഴിയില്‍ ഇറക്കിവിട്ടെന്ന് പറയുന്ന വ്യക്തി തന്നെ പഴയ സംഭവം വിവരിക്കുന്ന വീഡിയോയും അവർ പങ്കുവെക്കുന്നു.
സംവിധായകന്‍ പോള്‍സണേയാണ് മമ്മൂട്ടി വഴിയില്‍ ഇറക്കിവിട്ടത്. കഴിഞ്ഞ വർഷം മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പോള്‍സണ്‍ ഈ സംഭവത്തെക്കുറിച്ച് വിവരിക്കുന്നത്. മണിവത്തൂരിലെ ആയിരം ശിവരാത്രികളുടെ ഷൂട്ടിങ് കഴിഞ്ഞ് മമ്മൂട്ടി ഊട്ടിയിൽ നിന്നും തിരിച്ച് പോകാൻ തുടങ്ങുമ്പോഴാണ് മമ്മൂട്ടി തന്നെ നിർബന്ധിച്ച് കാറില്‍ കയറ്റുന്നതെന്നും അദ്ദേഹം പറയുന്നു.
ഡ്രൈവിങ്ങിനിടെ മമ്മൂട്ടി അദ്ദേഹം സിനിമയിൽ വന്ന കഥയും മറ്റുമൊക്കെ പറയുന്നുണ്ട്. സംസാരത്തിനിടെ എന്റെ സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ച് മമ്മൂട്ടി അറിഞ്ഞു. ഇതോടെ തന്റെ അഞ്ച് സിനിമയ്ക്കുള്ള ഡേറ്റ് തരാമെന്നും അതിന് വേണ്ടി ഒരു പടത്തിന് ഇരുപത്തി അയ്യായിരം രൂപ വീതം തരണമെന്നും മമ്മൂട്ടി പറഞ്ഞു. പിന്നീട് ആ ഡേറ്റുകൾ വിറ്റ് കാശാക്കി നീ സ്വന്തമായി വീട് വാങ്ങിക്കോയെന്നും പറഞ്ഞു.
മമ്മൂട്ടി പറഞ്ഞ ആശയം നല്ലതാണെന്ന് മമ്മൂക്ക പറഞ്ഞത് കേട്ടശേഷം ഞാൻ പറഞ്ഞു. എന്നാല്‍ തുടർന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു എങ്ങാനും സിനിമ പൊട്ടിയാൽ എന്റെ കൈയ്യിലുള്ള കാശ് നഷ്ടമാകില്ലേയെന്ന്. ഇത് അദ്ദേഹത്തിന് ഇഷ്ടമായില്ല. എന്നോട് ദേഷ്യപ്പെടുകയും കാറില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. വെളുപ്പിന് മൂന്ന് മണിയാണ്. ഞാന്‍ കരഞ്ഞു പോയി. അപ്പോള്‍ തന്നെയുണ്ട് പോയ സ്പീഡില്‍ തന്നെ റിവേഴ്സ് അടിച്ച് മമ്മൂട്ടി വരുന്നു.
ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞെങ്കിലും അദ്ദേഹം എന്നെ പിടിച്ച് കാറില്‍ കയറ്റി. പിന്നീട് വീട്ടില്‍ കൊണ്ടുപോയി ഭക്ഷണമൊക്കെ തന്നാണ് വിട്ടതെന്നും പോള്‍സണ്‍ പറയുന്നുണ്ട്. ഇദ്ദേഹത്തിന്റെ അഭിമുഖം വീണ്ടും ചർച്ചയായതോടെ ഫിറോസിനെതിരെ വിമർശനവുമായി മമ്മൂട്ടി ആരാധകർ മുന്നോട്ട് വന്നു. കാര്യങ്ങള്‍ വളച്ചൊടിച്ച് ഫിറോസ് മമ്മൂട്ടിക്കെതിരെ നുണ പ്രചരിപ്പിക്കുകയാണെന്നാണ് ആരാധകർ അവകശപ്പെടുന്നത്.












Click it and Unblock the Notifications