'മമ്മൂട്ടി കണകുണ എന്ന് വാചകമടിക്കില്ല..കാല് മുറിച്ച് മാറ്റേണ്ടി വരുമോയെന്ന് വരെ പേടിച്ചു'; മല്ലിക സുകുമാരൻ
എനിക്ക് കുടുംബപരമായി ഒരുപാട് ഉപകാരങ്ങൾ ചെയ്ത ആളാണ് നടൻ മമ്മൂട്ടിയെന്ന് മല്ലിക സുകുമാരൻ. പല വേദികളിലും ഞാൻ ഇത് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്ക് കണകുണന്നുള്ള വാചകവൊന്നും നടക്കത്തില്ല. സ്റ്റൈൽ സ്റ്റേറ്റ്മെന്റുകളുടെ കാര്യത്തിൽ രാജുവിന്റെ റോൾ മോഡൽ മമ്മൂട്ടിയാണ്. എപ്പോഴും പറയും, മമ്മൂക്കയെ പോലെ ഇരിക്കണം എല്ലാ കാര്യത്തിലും എന്ന്', മല്ലിക സുകുമാരൻ പറഞ്ഞു.
ലാലുവിനോട് സംസാരിക്കുന്നത്ര സ്വാതന്ത്ര്യം എനിക്ക് മമ്മൂട്ടിയോട് ഇല്ല. ഗുഡ് മോണിംഗ് മമ്മൂട്ടി എന്ന് മെസേജ് അയക്കുന്ന ആളല്ല ഞാൻ. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അങ്ങനെ ഉണ്ടാകുമായിരിക്കും. നമ്മൾ അതിലല്ല, സുകുവേട്ടന്റെ ഭാര്യ എന്ന നിലയ്ക്കുള്ള ബന്ധമാണ് അദ്ദേഹവുമായിട്ട്. ഞങ്ങൾ പ്രൊഡ്യൂസ് ചെയ്ത പടത്തിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. സുകുവേട്ടനുമായി അടുത്ത സ്നേഹബന്ധം പുലർത്തിയിരുന്ന ആളാണ് മമ്മൂട്ടി. അവരുടെ ആ സ്നേഹബന്ധം അടുത്ത് നിന്ന് അനുഭവിച്ചറിഞ്ഞ ആളാണ് ഞാൻ.

മമ്മൂട്ടിയെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എതിർക്കുന്ന ആളായിരുന്നു സുകുവേട്ടൻ. എന്നെപ്പോലെ നാക്ക് ഇത്തിരി വളഞ്ഞിരിക്കുന്നുവെന്നേ ഉള്ളൂ, ശുദ്ധനായ മനുഷ്യനാണെന്ന് പറയും. മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം പൊക്കിപ്പറയാറുണ്ട്, അങ്ങനെ എല്ലാവരെ കുറിച്ചും സംസാരിക്കാത്ത ആളാണ് അദ്ദേഹം. സുകുവേട്ടൻ പറയുന്നത് സത്യമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെനിക്ക്, മമ്മൂട്ടയുടെ സംസാരവും പെരുമാറ്റവുമെല്ലാം അങ്ങനെയാണ്. എവിടെയാണോ ഞാൻ സംസാരിക്കേണ്ടത് എന്ന് അളന്ന് മുറിച്ച് സംസാരിക്കുന്ന ആളാണ് അദ്ദേഹം. അല്ലാതെ ചുമ്മാ കലാകുലാന്ന് പറയുന്ന ആളല്ല.
എന്നെ പത്രക്കാരാണ് വിളിച്ച് പറഞ്ഞത് മമ്മൂട്ടി ഒരുതവണ സുകുമാരനെ കുറിച്ച് എഴുതിയത്. ആ മനുഷ്യന് അത്രേം ഗുരുത്വവും വിശ്വാസവും ആദരുമൊക്കെ കാണിക്കുന്ന ആളാണ്. സുകുവേട്ടനോട് മമ്മൂട്ടി വലിയ ആദരവൊന്നും കാണിക്കേണ്ട കാര്യമില്ല, കാരണം ഒന്നിച്ച് അഭിനയിച്ചവരല്ലേ, എന്നാൽ സുകുവേട്ടൻ തന്നെക്കാൾ സീനിയർ അല്ലേയെന്ന സ്നേഹം എന്നും അദ്ദേഹം സൂക്ഷിച്ചിരുന്നു. ഇതൊക്കെയാണ് ഇന്നത്തെ തലമുറ കണ്ട് വെക്കേണ്ടത്. അമ്മയിൽ ഒരു മീറ്റിങ്ങിന് പോയാൽ ചെറുപ്പക്കാര് ഒരു സെറ്റും മുതിർന്നവർ മറ്റൊരു സെറ്റുമാണ്. എപ്പോഴും ഒരു മതിലുണ്ട്. മമ്മൂട്ടി ഇപ്പോഴതത്തേതിലും ചെറുപ്പമായി തിരിച്ചുവരും. ഞാൻ ചിലപ്പോൾ മമ്മൂക്കയുടെ അമ്മൂമ്മയായിട്ടൊക്കെ ചെയ്യേണ്ടി വരും. ടർബോയിൽ എനിക്ക് ബിന്ദു ചെയ്ത വേഷം അവതരിപ്പിക്കാൻ അവസരം കിട്ടിയതാണ്. എന്നാൽ കാലിന് വയ്യാതായി. സെല്ലുലിറ്റീസ് വന്നതാണ്. കാല് മുറിച്ച് കളയേണ്ടി വരുമോയെന്നൊക്കെ പേടിച്ച് പോയിരുന്നു. പല ഡോക്ടർമാരും പലതും പറഞ്ഞു. അങ്ങനെ അമേരിക്കയിൽ നിന്നും എന്റെ ചേട്ടൻ വന്നു, ആസ്റ്ററിൽ കാണിച്ചു, എല്ലാം മാറി.
സുകുവേട്ടൻ എന്റെ ജീവിതത്തിലെ ഭാഗ്യമാണ്. 21 വർഷക്കാലം സന്തോഷകരമായ ജീവിതമായിരുന്നു. ഒരിക്കൽപോലും സങ്കടപ്പെട്ട് ഇരിക്കേണ്ടി വന്നിട്ടില്ലെനിക്ക്. ഞാൻ ഇല്ലെങ്കിലും മല്ലിക നന്നായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു അദ്ദേഹം. അങ്ങനെ ദീർഘവീക്ഷണത്തോടെ ജീവിതം പ്ലാൻ ചെയ്തത് കൊണ്ടാണ് ഞാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ജീവിച്ചത്.
പലരും എന്നോട് പൃഥ്വിരാജിന്റെ അമ്മയല്ലേ എന്ന് ചോദിക്കാറുണ്ട്, ഞാൻ മല്ലികാ സുകുമാരനാണ്, ആ മേൽവിലാസം കഴിഞ്ഞിട്ടേ മക്കളുള്ളൂ. സുകുവേട്ടന് ഒളിവും മറവുമൊന്നുമില്ല, ഉള്ളത് ഉള്ളപോലെ പറയും. പൃഥ്വിരാജിനും ആ സ്വഭാവമാണ്. നുണ പറയുന്ന സ്വഭാവം ഇല്ല. മാത്രമല്ല ഇന്ന് ദേഷ്യപ്പെട്ടൊരാൾ നാളെ എന്തെങ്കിലും ആവശ്യത്തിന് വന്നാൽ അവർക്ക് എല്ലാ സഹായങ്ങളും നൽകും. ഇന്ദ്രജിത്ത് വളരെ അധികം സൗഹൃദവലയം സൂക്ഷിക്കുന്ന ആളാണ്. ആർമിയിലും ഡോക്ടർമാരും എഞ്ചിനിയർമാരുമൊക്കെയായി നിരവധി പേരുണ്ട്, പ്രൃഥ്വി അങ്ങനെയല്ല. ഇന്ദ്രന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞാൽ ഇന്ന കഥാപാത്രം എന്നല്ല, എല്ലാ കഥാപാത്രങ്ങളും ചെയ്യാൻ അവൻ തയ്യാറാണ്', മല്ലിക സുകുമാരൻ പറഞ്ഞു.












Click it and Unblock the Notifications