മമ്മൂട്ടി കേസ് കൊടുക്കണം: എന്തും വിളിച്ച് പറയാമെന്നാണോ? ആരോഗ്യത്തിന് ശരിക്കും സംഭവിച്ചത് ഇത്
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വലിയ അഭ്യൂഹങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നത്. മമ്മൂട്ടിക്ക് കുടലില്‍ ക്യാന്‍സർ ആണെന്ന തരത്തില്‍ വരെ അഭ്യൂഹം പടർന്നു. ഇതോടെ താരത്തിന്റെ പിആർ ടീം തന്നെ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നു. ല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണെന്നും ഇവര്‍ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.
മമ്മൂട്ടി ക്യാന്‍സർ ബാധിതനാണെന്ന പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണ്. താരം ആരോഗ്യവാനാണ്, റംസാൻ മാസം കാരണമാണ് അദ്ദേഹം തന്റെ തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് ഇടവേള എടുത്തത്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹൻലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് മടങ്ങുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ശ്രീലങ്കയില്‍ ഷൂട്ടിങ് നടക്കുന്ന ചിത്രത്തിന് തല്‍ക്കാലം എംഎംഎംഎൻ (മമ്മൂട്ടി, മോഹൻലാൽ, മഹേഷ് നാരായണൻ) എന്നാണ് പേരിട്ടിരിക്കുന്നത്. സൂപ്പർതാരങ്ങള്‍ക്ക് പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

മമ്മൂട്ടിയെ ആരോഗ്യ നില സംബന്ധിച്ച അഭ്യൂഹം നീങ്ങിയത് ആരാധകർക്കും സിനിമ പ്രേക്ഷകർക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്. അതോടൊപ്പം തന്നെ ആരോഗ്യ നില സംബന്ധിച്ച വ്യാജ പ്രചരണം നടത്തിയവർക്കെതിരെ മമ്മൂട്ടി കേസ് കൊടുക്കണമെന്നും ആരാധകർ ആവശ്യപ്പെടുന്നു. ആർക്കെതിരേയും എന്ത് പ്രചരണവും നടത്താമെന്ന ഈ ഒരു അവസ്ഥ മാറണമെന്നും അവർ വ്യക്തമാക്കുന്നു.
'വീട്ടിൽ സുഖമായി ഇരിക്കുന്നു. മഹേഷ് നാരായണൻ പടം കുറെ സ്ഥലങ്ങളിലായി മാറി മാറി ഷൂട്ട് വന്നപ്പോൾ കാലാവസ്ഥ മൂലം ഉണ്ടായ ചെറിയൊരു ശ്വാസതടസം ആയിരുന്നു. പൂർണ ആരോഗ്യത്തോടെ ഏപ്രിൽ 6 ന് മഹേഷ് നാരായണൻ പടത്തിൽ ജോയിൻ ചെയ്യും. എല്ലാവർക്കും ഉണ്ടാകുന്നതു പോലെയുള്ള സാധാരണ അസുഗം വന്നതാ. അല്ലാതെ ചില മാന്യൻ മാര് പറയും പോലെ അല്ല കാര്യങ്ങള്‍' എന്നാണ് ഒരു ആരാധകന്‍ കുറിക്കുന്നത്.
'കഴിഞ്ഞ 73 വർഷമായി തന്റെ ശരീരവും മനസ്സും മലയാളികൾക്കായി സമർപ്പിച്ച ഈ മഹാനായ കലാകാരനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർ, അവ തികച്ചും അടിസ്ഥാനരഹിതമാണെന്നു മനസ്സിലാക്കണം.' എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി മാറിയ ഒരു കുറിപ്പില്‍ ഷരീഫ് കെപി എന്നയാള്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
'അവസാന ശ്വാസം വരെയും ഞാൻ അഭിനയിക്കും' - മമ്മുക്ക
ഈ കുറിപ്പ് പങ്കുവയ്ക്കേണ്ട ആവശ്യമുണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ, ചില വ്യാജപ്രചരണങ്ങൾ അതിരുകടക്കുന്നത് കണ്ടപ്പോൾ സത്യം വ്യക്തമാക്കേണ്ടതിന്റെ നിർബന്ധം തോന്നിയതിനാലാണ് ഈ കുറിപ്പ്. നിങ്ങൾ കേൾക്കുന്നതും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതും സത്യത്തിന്റെ അകലെ തന്നെയാണ്. മമ്മൂക്ക മാനസികമായും ശാരീരികമായും പൂർണ്ണ ആരോഗ്യവാനാണ്.
കഴിഞ്ഞ 73 വർഷമായി തന്റെ ശരീരവും മനസ്സും മലയാളികൾക്കായി സമർപ്പിച്ച ഈ മഹാനായ കലാകാരനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർ, അവ തികച്ചും അടിസ്ഥാനരഹിതമാണെന്നു മനസ്സിലാക്കണം.
മമ്മൂക്കയ്ക്ക് വേണ്ടത് വെറും ചില ദിവസങ്ങൾ മാത്രം നീളുന്ന ആശുപത്രി പരിചരണവും അതിന് ശേഷം അദ്ദേഹത്തിന്റെ ഇഷ്ടാനുസൃതമായ കുറച്ച് ദിവസത്തെ വിശ്രമവുമാണ്. ഇക്കയെ ഏറ്റവും അടുത്തറിയുന്ന കുടുംബാംഗങ്ങളും സഹപ്രവർത്തകരും ഈ ഞാനുൾപ്പടെ മമ്മൂക്കയുടെ പൂർണ്ണ ആരോഗ്യത്തിൽ സന്തോഷത്തിലാണ്.
ഇക്കയെ സ്നേഹിക്കുന്നവരും, അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കുന്നവരും, മമ്മൂക്ക വീണ്ടും അഭിനയ വിസ്മയം തീർക്കുന്ന അതിമനോഹരമായ കാഴ്ചക്കായി ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും കാത്തിരിക്കുക. നല്ല വാർത്തകൾ ഉടൻ തന്നെ എത്തും. കുപ്രചരണങ്ങളിൽ നിന്ന് ദൂരെ നിൽക്കുക.












Click it and Unblock the Notifications