'ദുൽഖർ ചെയ്യുന്ന സിനിമയുടെ കഥ പറയാൻ മമ്മൂക്കയെ കണ്ടു, പക്ഷേ വേണ്ടെന്നായിരുന്നു മറുപടി'; അളഗപ്പൻ
മലയാളത്തിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരിൽ ഒരാളായി വിലയിരുത്തുന്നയാളാണ് അളഗപ്പൻ. തന്റെ കരിയറിൽ ഭൂരിഭാഗവും അദ്ദേഹം ക്യാമറ ചലിപ്പിച്ചത് മലയാള ചിത്രങ്ങൾക്കാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് പ്രിയവും മോളിവുഡിനോട് തന്നെയാണ്. പ്രിയദർശൻ, അൻവർ റഷീദ്, ജയരാജ്, സത്യൻ അന്തിക്കാട് എന്നിങ്ങനെ ഒട്ടുമിക്ക പ്രതിഭകൾക്കും ഒപ്പം അദ്ദേഹം ക്യാമറാമാനായി വർക്ക് ചെയ്‌തിട്ടുണ്ട് എന്നതാണ് പ്രത്യേകത.
അതിൽ തന്നെ മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയ മുൻനിര നായകന്മാർക്ക് ഒപ്പമെല്ലാം സിനിമ ചെയ്‌തിട്ടുള്ള ആൾ കൂടിയാണ് അളഗപ്പൻ. മൂന്ന് പതിറ്റാണ്ടിൽ അധികം നീണ്ടുനിൽക്കുന്ന കരിയറിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാവാൻ അളഗപ്പന് കഴിഞ്ഞിരുന്നു. ഒരുപാട് ഹിറ്റ് ചിത്രങ്ങൾക്കാണ് അദ്ദേഹം ക്യാമറ ചലിപ്പിച്ചത്.

അതിനിടയിൽ ദുൽഖറിനെയും മാളവിക മോഹനനെയും പ്രധാന കഥാപത്രങ്ങളാക്കി അദ്ദേഹം ഒരു സിനിമയും സംവിധാനം ചെയ്‌തിരുന്നു. പട്ടം പോലെ എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്. ഇപ്പോഴിതാ ആ ചിത്രത്തെ കുറിച്ചും അതുണ്ടായ വഴിയെ കുറിച്ചുമൊക്കെ മനസ് തുടക്കുകയാണ് അളഗപ്പൻ. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അദ്ദേഹം മനസ് തുറന്നത്.
അളഗപ്പന്റെ വാക്കുകൾ
മലയാള സിനിമയിൽ വളരെ ഭാഗ്യം ചെയ്‌ത ഛായാഗ്രാഹകനാണ് ഞാനെന്ന് കരുതുന്നു, കാരണം ഒരു അഞ്ച് തലമുറയ്ക്ക് ഒപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. എനിക്ക് ഇപ്പോൾ 66 വയസ് കഴിഞ്ഞു, ചെറുപ്പക്കാർക്കൊപ്പമാണ് ഞാൻ ഇപ്പോൾ കൂടുതലും ജോലി ചെയ്യുന്നത്. അതൊരു അനുഗ്രഹം തന്നെയാണെന്ന് കരുതുന്നത്. ഇത്രയും സംവിധായകർക്ക് ഒപ്പം പ്രവർത്തിച്ചപ്പോഴാണ് എനിക്കും അത്തരം മോഹങ്ങൾ വന്നത്.
അങ്ങനെയാണ് ഞാൻ ആഡുകൾ ഒക്കെ സംവിധാനം ചെയ്യാൻ തുടങ്ങിയത്. പിന്നെ ഏതോ ഒരു സീരിയൽ സംവിധാനം ചെയ്യാൻ അവസരം കിട്ടി. കൈരളി ടിവിക്ക് വേണ്ടി അന്ന കരീന എന്ന സീരിയലാണ് ചെയ്‌തത്. അന്ന് പതിമൂന്ന് എപ്പിസോഡുകൾ ആയിരുന്നു വിചാരിച്ചിരുന്നത്, പക്ഷേ അവർ നല്ല റീച്ചുണ്ടെന്ന് പറഞ്ഞതിനാൽ അത് 26 എപ്പിസോഡുകൾ ചെയ്‌തു, എട്ടോളം സ്‌റ്റേറ്റ് അവാർഡുകളും നേടി.
ഒരു ഛായാഗ്രാഹകനായി ഇരിക്കാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ ഞാൻ പ്രിയൻ ചേട്ടന്റെ അറബിയും ഒട്ടകവും ചെയ്‌തു കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ഞാൻ ആണ് അടുത്ത പടം സംവിധാനം ചെയ്യുന്നതെന്ന് കരുണാകരൻ ചേട്ടനാണ് അന്നൗൺസ് ചെയ്‌തത്. കഥ പോലും അറിഞ്ഞിരുന്നില്ല. ഞാൻ ഞെട്ടിപ്പോയി. ആണും പെണ്ണും കല്യാണം കഴിക്കാതെ ഒരുമിച്ച് താമസിക്കുമ്പോൾ പഴയ തലമുറയ്ക്ക് ഉണ്ടാവുന്ന ഒരു അസ്വസ്ഥത ഉണ്ട്, അത് വച്ചാണ് അന്ന് കഥ തയ്യാറാക്കിയത്.
മൂന്ന് ക്യാരക്റ്ററുകൾ വച്ചാണ് അന്ന് പ്ലാൻ ചെയ്‌തത്, പൃഥ്വിരാജ്, ചാക്കോച്ചൻ, അനൂപ് മേനോൻ പിന്നെ ജയസൂര്യ എന്നിങ്ങനെയായിരുന്നു അത്. ഒരു പെൺകുട്ടി മാത്രമായിരുന്നു നായികയായി വിചാരിച്ചത്. എനിക്ക് ഒരു വാക്കും എഴുതാൻ അറിയുമായിരുന്നില്ല. സച്ചി-സേതുവിനെ വച്ച് സിനിമ ചെയ്യാമെന്നാണ് കരുതിയത്. എന്നാൽ എന്തോ പിണക്കമുണ്ടായി അദ്ദേഹം ഒഴിവായി. പിന്നെ ഗിരീഷ് കുമാർ എഴുതിയെങ്കിലും പാതി വഴിയിൽ നിന്നുപോയി.
അങ്ങനെയാണ് പട്ടം പോലെയിലേക്ക് വരുന്നത്. ദുൽഖറിന്റെ വീട്ടിൽ പോയാണ് ഇതിന്റെ കഥ പറഞ്ഞത്. അപ്പൊ തന്നെ പുള്ളി പറഞ്ഞു, എനിക്ക് ഈ കഥ ഇഷ്‌ടമായി ഞാനിത് ചെയ്യാമെന്ന്. പിന്നെ മമ്മൂക്കയേയും ഞാൻ കാണാൻ പോയി. ഞാൻ അവിടെ സെറ്റ് വർക്ക് നടക്കുമ്പോഴാണ് മമ്മൂക്കയോട് കഥ പറയാൻ പോയത്. പക്ഷേ പുള്ളി കേൾക്കണ്ട എന്നാണ് പറഞ്ഞത്. അവന് ഇഷ്‌ടമായെങ്കിൽ പിന്നെ കേൾക്കേണ്ട എന്നാണ് മമ്മൂക്ക പറഞ്ഞത്.












Click it and Unblock the Notifications