സ്വഭാവത്തെ വരെ മോശമായി ചിത്രീകരിച്ചു, ചാനലില്‍ വിളിച്ച് തെറി, സഹിക്കാനായില്ല: മഞ്ജു പത്രോസ് പറയുന്നു
ബിഗ് ബോസ് മലയാളം സീസണിലെ പ്രധാന മത്സരാർത്ഥികളില്‍ ഒരാളായിരുന്നു സിനിമാ-സീരിയല്‍ താരമായ മഞ്ജു പത്രോസ്. ഷോയില്‍ തന്റേതായ രീതിയില്‍ മത്സരിച്ച് മുന്നേറിയ താരത്തിന് പ്രേക്ഷകരെ കയ്യിലെടുക്കാനും സാധിച്ചിരുന്ന. എന്നാല്‍ ഷോയ്ക്ക് പിന്നാലെ മഞ്ജുവിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമായിരുന്നു നടന്നത്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി അതേക്കുറിച്ച് തുറന്ന് പറയുകയാണ് താരം.
ബിഗ് ബോസിന് ശേഷം ഞാന്‍ അനുഭവിച്ച അത്ര സൈബർ ബുളളിയിങ് വേറെ ആരെങ്കിലും എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടോയെന്ന് എനിക്ക് അറിയില്ല. അത്രവലിയ രീതിയിലുള്ള ആക്രമണമായിരുന്നു എനിക്കെതിരെ നടന്നതെന്നും നടി പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു.

രണ്ടു പേർ തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, നേർക്കുനേർ നിന്ന് ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ എനിക്ക് എന്റെ ഭാഗം പറയാന്‍ പറ്റും. ഇത് എനിക്ക് അറിയാത്ത, ഞാന്‍ കാണാത്ത മുഖമില്ലാത്ത ആളുകള്‍ അനാവശ്യങ്ങള്‍ പറയുകയാണ്. എന്നെ മാത്രമല്ല, എന്റെ ഒന്നും അറിയാത്ത കുഞ്ഞിനെ, പപ്പയെ, അമ്മയെ, സഹോദരനെയെല്ലാം അവർ പറഞ്ഞു. അങ്ങനെയൊരു സാഹചര്യത്തില്‍ ശരിക്കും പറഞ്ഞാല്‍ ഞാന്‍ ഇല്ലാതായിപ്പോയി.
എങ്ങനെ ഇതില്‍ നിന്നെല്ലാം പുറത്തെടുക്കുമെന്നായിരുന്നു ചിന്ത. ആ സമയത്ത് ആണെങ്കില്‍ കോവിഡ് ലോക്ക് ഡൌണുമാണ്. മരിക്കാനൊക്കെ പേടിയാണ്, പണ്ടൊക്കെ ചത്ത് കളഞ്ഞേക്കാമെന്ന് ചിന്തിച്ചിരുന്നെങ്കിലും ഈ സമയത്ത് എന്തായാലും അങ്ങനെ ചിന്തിച്ചിരുന്നില്ല. ഈ മനുഷ്യർ ഒന്നുമില്ലാത്തെ വേറെ ഏതെങ്കിലും നാട്ടില്‍ പോയി തനിച്ച്, സ്വാതന്ത്രത്തോടെ നടക്കണമെന്നായിരുന്നു അപ്പോള്‍ ചിന്തിച്ചത്.
ഞാന്‍ അധ്വാനിച്ച് ജീവിക്കുന്ന ഒരു സ്ത്രീയാണ്. എന്റെ തൊഴിലിനേയും സ്വഭാവത്തെയുമൊക്കെ വളരെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള ആക്രമണമായിരുന്നു. അന്നൊക്കെ ഫോണ്‍ തുറന്നാല്‍ ഇത് മാത്രമായിരുന്നു. ഒരു പ്രാവശ്യം തുറന്നാല്‍ വീണ്ടും വീണ്ടും വരുമല്ലോ. അമ്മ കുറച്ച് നാള്‍ ഫോണ്‍ ഉപയോഗിക്കേണ്ട എന്ന് മകള്‍ പറഞ്ഞിരുന്നു. ഞാന്‍ ഇത് വളരെ ഈസിയായി കൈകാര്യം ചെയ്യുന്നുവെന്ന് വിചാരിച്ച് സുഹൃത്തുക്കളും അത്തരം വീഡിയോകള്‍ അയച്ച് തരുമായിരുന്നുവെന്നും മഞ്ജു പറയുന്നു.
ബിഗ് ബോസിലേക്ക് ഇനി വിളിച്ചാല്‍ പോകുമോ എന്നുള്ളത് എന്റെ സാമ്പത്തി സ്ഥിതിപോലെ ഇരിക്കും. കുറെ കടമുണ്ടായിരുന്നു. ഞാന്‍ പറഞ്ഞ എമൌണ്ട് അവർ തരാമെന്ന് പറഞ്ഞതുകൊണ്ടാണ് അന്ന് ബിഗ് ബോസിലേക്ക് പോയത്. ഒരു നടിയുടെ ദിവസ വരുമാനം എന്താണെന്ന് പലർക്കും അറിയാം. ബിഗ് ബോസിലെ ദിവസങ്ങള്‍ വളരെ ഈസിയായി കടന്ന് പോകുമെന്നായിരുന്നു ഞാന്‍ കരുതിയത്. കിട്ടുന്ന പണം എന്ന് അല്ലാതെ, കപ്പ് അടിക്കുക എന്നുള്ളതൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല.
ബിഗ് ബോസിലേക്ക് എത്തിയതോടെയാണ് ഇത് അത്ര ഈസിയല്ലെന്ന് മനസിലായത്. ബിഗ് ബോസുകൊണ്ട് ഉണ്ടായ ഗുണം എന്ന് പറയുന്നത് സാമ്പത്തികപരമാണ്. കൌമുദി ചാനലിനോടുള്ള നന്ദി എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല."ഇവളെ ഒഴിവാക്കൂ.. ഇവളെ ഒഴിവാക്കു " എന്നുള്ള ആയിരക്കണക്കിന് കമന്റുകളായിരുന്നു. എന്റെ ഒരു അഭിമുഖമൊക്കെ ഇട്ടാല്‍ വലിയ തെറിവിളിയായിരുന്നു. ചാനലിന്റെ ലാന്‍ഡ് ലൈനിലൊക്കെ ആളുകള്‍ വിളിച്ച് തെറി പറയാറുണ്ടായിരുന്നുവെന്നും മഞ്ജു പത്രോസ് പറയുന്നു.












Click it and Unblock the Notifications