Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ സങ്കടപ്പെട്ടൊരു കാര്യമുണ്ട്..പക്ഷെ ആ അമ്മ മനസിലെ സ്നേഹം ഞാൻ അറിഞ്ഞു'; മഞ്ജു വാര്യർ

നടി കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചന പ്രവാഹമാണ്. സിനിമാ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവരെല്ലാം നടിയെ അനുസ്മരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ നടി മഞ്ജു വാര്യരും അനുശോചന കുറിപ്പ് പങ്കിട്ടിരിക്കുകയാണ്. അമ്മമാര്‍ പോകുമ്പോള്‍ മക്കള്‍ അനാഥാരാകും, അത്തരം ഒരു അനാഥത്വമാണ് മലയാളസിനിമയും ഈ നിമിഷം അനുഭവിക്കുന്നതെന്ന് മഞ്ജു കുറിച്ചു. മലയാളസിനിമയില്‍ അമ്മയെന്നാല്‍ പൊന്നമ്മച്ചേച്ചിയാണ്. ചേച്ചിയുടെ മക്കളായി അഭിനയിക്കാത്തവര്‍ അപൂര്‍വം. അതിലൊരാളാണ് താൻ എന്ന സങ്കടവും നടി പങ്കുവെച്ചു.

മഞ്ജുവിന്റെ വാക്കുകൾ

'ഞാന്‍ പലപ്പോഴും ഓര്‍ത്ത് സങ്കടപ്പെട്ടൊരു കാര്യമുണ്ട്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മച്ചേച്ചിയുടെ മകളായി ഒരു സിനിമയില്‍പ്പോലും എനിക്ക് അഭിനയിക്കാനായിട്ടില്ല. മലയാളസിനിമയില്‍ അമ്മയെന്നാല്‍ പൊന്നമ്മച്ചേച്ചിയാണ്. ചേച്ചിയുടെ മക്കളായി അഭിനയിക്കാത്തവര്‍ അപൂര്‍വം. അതിലൊരാളാണ് ഞാന്‍. സിനിമയില്‍ എനിക്ക് പിറക്കാതെ പോയ അമ്മയാണ് പൊന്നമ്മച്ചേച്ചി!
അതുകൊണ്ടുതന്നെ എന്റെ ഓര്‍മയില്‍ ഞങ്ങളൊരുമിച്ചുള്ള രംഗങ്ങളില്ല. പക്ഷേ പലയിടങ്ങളില്‍ വച്ചുള്ള കൂടിക്കാഴ്ചകളില്‍ ഞാന്‍ ആ അമ്മമനസ്സിലെ സ്‌നേഹം അടുത്തറിഞ്ഞു.

manjuwarrierkaviyurponnamma

ചേച്ചിയുടെ സഹോദരി കവിയൂര്‍ രേണുകച്ചേച്ചിയുമൊത്ത് 'കണ്ണെഴുതിപൊട്ടും തൊട്ട്' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ചില ആംഗിളുകളില്‍ പൊന്നമ്മച്ചേച്ചിയെ ഓര്‍മിപ്പിക്കും രേണുകച്ചേച്ചിയും. അന്ന് കണ്‍മുന്നില്‍ പൊന്നമ്മച്ചേച്ചിയുള്ളതുപോലെ തോന്നിയിട്ടുണ്ട്,പലവട്ടം.

കുട്ടിക്കാലം തൊട്ടേ അമ്മയായി മാത്രമേ പൊന്നമ്മച്ചേച്ചിയെ സിനിമയില്‍ കണ്ടിട്ടുള്ളൂ. ഇങ്ങനെയൊരമ്മയുണ്ടായിരുന്നെങ്കില്‍ എന്ന് കാണുന്നവരെ മുഴുവന്‍ കൊതിപ്പിക്കാനായി എന്നതാണ് പൊന്നമ്മച്ചേച്ചിയുടെ അഭിനയത്തിന്റെ ഭംഗി. നമ്മുടെ വീട്ടുമുറ്റത്തുനിന്നോ അടുക്കളയില്‍ നിന്നോ പൂജാമുറിയില്‍ നിന്നോ സ്‌ക്രീനിലേക്ക് കയറി വന്നൊരാള്‍ എന്നേ തോന്നുമായിരുന്നുള്ളൂ പൊന്നമ്മച്ചേച്ചിയെ കാണുമ്പോള്‍. അത്രത്തോളം സ്വാഭാവികമായ ശൈലി. യഥാര്‍ഥത്തില്‍ അത് അഭിനയമായിരുന്നില്ല,ഒരമ്മയുടെ പെരുമാറ്റമായിരുന്നു.

പൊന്നമ്മച്ചേച്ചി കൂടി പോകുന്നതോടെ അത്തരം അമ്മമാരുടെ പരമ്പരയുടെ അവസാനകണ്ണി കൂടിയാണ് ഇല്ലാതാകുന്നത്. സുകുമാരിയമ്മ,മീനച്ചേച്ചി, ശ്രീവിദ്യാമ്മ,കെ.പി.എ.സി ലളിതച്ചേച്ചി...ഇന്നലെകളില്‍ നമ്മള്‍ സ്‌നേഹിച്ച അമ്മമാരൊക്കെ യാത്രയായി. അമ്മമാര്‍ പോകുമ്പോള്‍ മക്കള്‍ അനാഥാരാകും. അത്തരം ഒരു അനാഥത്വമാണ് മലയാളസിനിമയും ഈ നിമിഷം അനുഭവിക്കുന്നത്'.

മോഹൻലാലിന്റെ വാക്കുകൾ-

'അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നു തന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങൾ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ച ചിത്രങ്ങൾ. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു.

കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥൻ, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകർന്നുതന്ന എത്രയെത്ര സിനിമകൾ. മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന 'ഹിസ് ഹൈനസ് അബ്ദുള്ള' യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മച്ചേച്ചി എനിക്കും..വിതുമ്പുന്ന വാക്കുകൾക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ല.. ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+