Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു വാര്യർ മിണ്ടില്ല: പ്രണയവുമായി ശല്യം ചെയ്തിട്ടില്ല ഞാന്‍; ആദ്യം ഇങ്ങോട്ട് സംസാരിച്ചു: സനല്‍കുമാർ ശശിധരന്‍

നടി മഞ്ജു വാര്യറുമായി ബന്ധപ്പെട്ട് നിരവധി അവകാശവാദങ്ങളുമായി നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ് സംവിധായകന്‍ സനല്‍കുമാർ ശശിധരന്‍. ഈമാസം പതിനെട്ടിന് ഫെയ്സ്ബുക്കിലിട്ട കുറിപ്പിന്‍റെ തുടര്‍ച്ചയായി ഇട്ടുകൊണ്ടിരിക്കുന്ന കുറിപ്പില്‍ മഞ്ജു വാര്യറുടെ ജീവന്‍ അപകടത്തിലാണെന്ന വാദമാണ് അദ്ദേഹം ആവർത്തിച്ചുകൊണ്ടിരിക്കുന്നത്.

നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തിൽ വിളിച്ചുപറയേണ്ടിവരുന്നതിൽ എനിക്ക് സങ്കടമുണ്ട്. പക്ഷെ മറ്റെന്താണ് വഴി എന്നാണ് കഴിഞ്ഞ ദിവസം തന്നെ പങ്കുവെച്ച കുറിപ്പില്‍ സംവിധായകന്‍ ചോദിക്കുന്നത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മറ്റൊരു നീണ്ട കുറിപ്പും പങ്കുവെച്ചിരിക്കുന്നത്. മൂന്ന് വർഷം മുന്‍പ് ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിച്ചതിനെ തുടർന്ന് മഞ്ജു വാര്യം പരാതി നല്‍കുകയും സനലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് മഞ്ജുവാര്യറുടെ പേരില്‍ മറ്റാരോ നല്‍കിയ വ്യാജ പരാതിയാണെന്നാണ് സനല്‍കുമാറിന്റെ വാദം.

manju-sanal

സംവിധായകന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

ഇത്തിരി നീണ്ട പോസ്റ്റാണ് സാവകാശം വായിച്ചാൽ മതി.

എന്നെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ട അപവാദങ്ങളിൽ ഏറ്റവും ഒടുവിലത്തേതായിരുന്നു ഞാൻ മഞ്ജു വാര്യറെ പിന്നാലെ നടന്നു ശല്യം ചെയ്തു എന്ന കള്ളക്കഥ. പത്രക്കാരുടെ ചോദ്യങ്ങൾക്ക് മഞ്ജു വാര്യരോട് ഞാൻ പ്രണയം പറഞ്ഞിട്ടുണ്ട് എന്ന് ഞാൻ സമ്മതിച്ചതോടെ ആ കെട്ടുകഥയ്ക്ക് ജനസമ്മിതിയും കിട്ടി. താരാരാധന മൂത്ത് അവരുടെ കൂടെ നിന്ന് സെൽഫിയെടുക്കാൻ കൊതിച്ചുനടക്കുന്ന ആരാധകവൃന്ദം, എന്നെ അവരിലൊരാളായി കരുതുകയും താരങ്ങളെ അടുത്തുകിട്ടിയാൽ അവർ ചെയ്യുന്നതൊക്കെ സങ്കൽപിക്കുകയും ചെയ്തു.

അതുകൊണ്ട് ഞാൻ ആരാധനയും പ്രണയവും കൊണ്ട് അവരെ ജീവിക്കാൻ അനുവദിക്കാതെ പിന്നാലെ പാഞ്ഞു എന്നാണ് പൊതു ധാരണ. സത്യം അതല്ല. എന്നോട് ഒരു പ്രത്യേക അടുപ്പം അവർ കാണിക്കുന്നത് ശ്രദ്ധയിൽ പെട്ടതിന്റെ ഫലമായിട്ടാണ് ഞാനവരെ കൂടുതൽ ശ്രദ്ധിക്കാൻ പോലും തുടങ്ങിയത്. പക്ഷേ ഞാനിത് പറയുമ്പോഴും സ്വന്തം സ്വഭാവവിശേഷങ്ങൾ എന്നിൽ ആരോപിച്ചുകൊണ്ട് ഞാൻ തന്നെയാണ് കുറ്റക്കാരൻ എന്ന് പൊതുജനം വിശ്വസിക്കുന്നത് എന്റെ കുഴപ്പമല്ല.

സത്യത്തിൽ ഞാനുമായി ആശയവിനിമയം തുടങ്ങിയതു പോലും മഞ്ജു വാര്യർ തന്നെയാണ്. സെക്സി ദുർഗയുടെ ലിങ്ക് ചോദിച്ചുകൊണ്ട് അവർ അയച്ച മെസേജും സിനിമ കണ്ടതിനു ശേഷമുള്ള ചാറ്റുകളുമാണ് "കയറ്റം" എന്ന സിനിമയിലേക്ക് വഴിവെച്ചത്. ഞാൻ അയച്ച അപൂർണമായ സ്ക്രിപ്റ്റ് വായിച്ച ശേഷം സിനിമയിൽ അഭിനയിക്കാൻ മാത്രമല്ല അത് പ്രൊഡ്യൂസ് ചെയ്യാനും അവർ സന്നദ്ധയാവുകയായിരുന്നു. അവരോട് ഞാൻ നിർദ്ദേശിച്ചിട്ടാണ് ഷാജി മാത്യു ആ ചിത്രത്തിലേക്ക് നിർമാണ പങ്കാളിയായി എത്തുന്നത്. ജീവിതത്തേക്കാൾ വലുതായ ഒരു ബലൂൺ പോലെ ഊതിവീർപ്പിച്ച മഞ്ജു വാര്യർ എന്ന ഇമേജിനോട് എനിക്ക് തീരെ താല്പര്യം ഇല്ലാത്തതുകൊണ്ടായിരുന്നു സിനിമയുടെ നിർമാണം അവർ ഒറ്റയ്ക്ക് വഹിക്കാം എന്നു പറഞ്ഞിട്ടും ഞാൻ എന്റെ മറ്റു സിനിമകളുടെ നിർമതാവായ ഷാജിയെ അതിലേക്ക് കൊണ്ടു വന്നത്. (അതിൽ എനിക്കെതിരെ ഒരു ചതി ഒളിഞ്ഞിരുന്നു എന്നത് വേറെ കാര്യം).

ആ സിനിമയുടെ പ്രാരംഭ ചർച്ചകളിൽ മഞ്ജുവാര്യരുമായി സംസാരിച്ചപ്പോൾ അവരെക്കുറിച്ച് പുറമെ സൃഷ്ടിക്കപ്പെട്ട ഇമേജ് അല്ല യഥാർത്ഥത്തിലുള്ള മഞ്ജു വാര്യർ എന്ന് എനിക്ക് തോന്നിത്തുടങ്ങി. ഏതാണ്ട് എന്റെതിന് സമാനമായ ജീവിതവീക്ഷണങ്ങളും നിലപാടുകളും അവരിൽ കണ്ടതോടെ എനിക്ക് അവരോട് ഒരു ഇഷ്ടവും തോന്നി. എന്നാൽ സിനിമയുടെ ചർച്ചകൾ മുന്നോട്ട് പോയപ്പോൾ അതുവരെയില്ലായിരുന്ന ഒരാൾ രംഗപ്രവേശം ചെയ്തു. മാനേജർ എന്ന് പരിചയപ്പെടുത്തിയ ബിനീഷ് ചന്ദ്രനായിരുന്നു അത്. സിനിമയുടെ കാര്യങ്ങൾ അയാളോട് ചർച്ചചെയ്യാൻ തുടങ്ങിയതോടെ കാര്യങ്ങൾ എനിക്ക് യോജിക്കാൻ കഴിയാത്ത നിലയിലേക്ക് പോയി.

അയാൾ മുന്നോട്ട് വെച്ച ഒരു കരാർ എനിക്ക് സ്വീകാര്യമല്ലാത്തതുകൊണ്ട് ആ സിനിമയിൽ നിന്ന് പിന്മാറുന്ന കാര്യം പോലും ഒരിക്കൽ ഞാൻ ആലോചിച്ചു. അക്കാര്യം ഞാൻ മഞ്ജു വാര്യരോട് പറഞ്ഞപ്പോൾ അയാളോട് സംസാരിച്ചിട്ട് പറയാം എന്നു പറഞ്ഞ അവർ പിന്നീട് "നമുക്ക് ഒരു കരാർ വേണമോ? " എന്ന ചോദ്യവുമായിട്ടാണ് മടങ്ങി വന്നത്. ഞാൻ സ്വതന്ത്ര സിനിമകൾ ആയിരുന്നു എടുത്തിരുന്നത് എന്നതിനാൽ അതിനുമുൻപുള്ള സിനിമകളിലൊന്നും കരാറുകൾ ഇല്ലായിരുന്നു. അത് ഞാൻ സൂചിപ്പിച്ചപ്പോൾ എന്നാൽ കയറ്റത്തിലും കരാർ വേണ്ട വിശ്വാസം മതി എന്ന രീതിയിൽ മുന്നോട്ട് പോകാൻ ഞങ്ങൾ തീരുമാനിച്ചു.

എങ്കിലും മാനേജർ എന്ന നിലയിലല്ലാത്ത ഒരു സ്വാധീനം ബിനീഷ് ചന്ദ്രന് അവരിൽ ഉണ്ട് എന്ന് തോന്നിയതു കൊണ്ട് ഞാൻ അവരോട് ഒരകലം സൂക്ഷിക്കാൻ ശ്രമിച്ചു. പിന്നീട് ബിനു നായർ എന്നൊരാൾ സഹായി എന്ന നിലയിൽ രംഗത്തു വന്നു. താമസിയാതെ ബിനീഷ് ചന്ദ്രനും ബിനു നായരും സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർമാരായി. ഇതൊക്കെയും എനിക്ക് അവരോടുള്ള അടുപ്പം കുറയ്ക്കാൻ കാരണമായി.

കയറ്റത്തിന്റെ ഷൂട്ടിനിടയിൽ നേരത്തെ സ്ക്രിപ്റ്റിലുണ്ടായിരുന്ന ഒരു സീൻ ചെയ്യാൻ മഞ്ജു വാര്യർ വിസമ്മതം പ്രകടിപ്പിച്ചതും എനിക്കവരോട് അലോസരമുണ്ടാക്കി. ആ സമയത്ത് ബിനീഷ് ചന്ദ്രനും ബിനു നായരും എന്നെ സമീപിച്ച് "ചേട്ടാ ആവശ്യമുള്ള കാര്യങ്ങൾ ഞങ്ങളോട് പറഞ്ഞാൽ മതി. ഞങ്ങൾ പറഞ്ഞു സമ്മതിപ്പിച്ചോളാം" എന്ന് പറഞ്ഞു. എനിക്കത് നല്ലതായി തോന്നിയില്ല. ആ സമയത്ത് അവരുമായുണ്ടായ ചെറിയ അലോസരം തീർക്കാൻ അഞ്ചോ പത്തോ മിനുട്ട് അവരുമായി ഒറ്റയ്ക്ക് സംസാരിക്കാൻ സാധിച്ചു. ഒറ്റയ്ക്ക് സംസാരിക്കുമ്പോഴുള്ള സ്ത്രീയല്ല അവരുടെ മാർക്കറ്റിംഗ് മീഡിയകൾ അവതരിപ്പിക്കുന്ന താരം എന്നെനിക്ക് അപ്പോഴും തോന്നി. എങ്കിലും അവരുമായി കാര്യമായി അടുപ്പമൊന്നും ഉണ്ടായില്ല.

ഒരിക്കൽ സൂര്യ ഫെസ്റ്റിവൽ സംഘാടകരിലൊരാൾ എന്നെ വിളിച്ച് തിരുവനന്തപുരത്ത് മഞ്ജു വാര്യർ അവരുടെ ഒരു പ്രോഗ്രാമിന് വരുന്നുനെണ്ടെന്നും അതോടനുബന്ധിച്ചുള്ള ഒരു വിരുന്നിൽ എന്നെയും ക്ഷണിക്കാൻ മഞ്ജു വാര്യർ താല്പര്യപ്പെട്ടു എന്നും പറഞ്ഞു. എനിക്കതിൽ എന്തോ കാരണം കൊണ്ട് പങ്കെടുക്കാൻ കഴിഞ്ഞില്ല. മറ്റൊരിക്കലും സൂര്യ ഫെസ്റ്റിവലിലെ മഞ്ജു വാര്യരുടെ ഡാൻസ് പ്രോഗ്രാമിന് അവർ പറഞ്ഞതനുസരിച്ച് എന്നുപറഞ്ഞ് എന്നെ വിളിച്ചിട്ടുണ്ട്. കോവിഡ് കാരണം ആ പ്രോഗ്രാം നടന്നില്ല എന്നാണ് എന്റെ ഓർമ.

കയറ്റത്തിന്റെ എഡിറ്റിംഗ് നടന്നു കൊണ്ടിരുന്ന സമയത്ത് ഞാനവരുമായി വീണ്ടും സംസാരിക്കാൻ തുടങ്ങി. സിനിമയുടെ ഗതിവിഗതികളും മനസ്സിൽ വരുന്ന പുതിയ കഥകളും ഒക്കെയായിരുന്നു വിഷയം. ലോക സിനിമകളുടെ ഒരു കളക്ഷൻ ഒരു പെൻ ഡ്രൈവിലാക്കി ഞാനവർക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദം വളർന്നു വന്ന സമയമായിരുന്നു അത്. ആ സമയത്ത് നേരിൽ കാണണം എന്നാവശ്യപ്പെട്ട് അവരെന്നെ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനിലേക്ക് വിളിച്ചു. ഞാനവിടെ പോവുകയും കുറച്ചു നേരം വെറുതെയിരുന്നിട്ട് തിരികെ പോരുകയും ചെയ്തു. എന്തോ ചർച്ചചെയ്യാനുണ്ട് എന്ന് പറഞ്ഞു വിളിപ്പിച്ചിട്ടും അവർ കാര്യമായി ഒന്നും സംസാരിച്ചിരുന്നില്ല. എന്തുകൊണ്ടാവും അതെന്ന് ചിന്തിച്ചിട്ട് ഉത്തരം കിട്ടിയില്ല.

പിന്നീട് കയറ്റത്തിലെ "ഇസ്തക്കോ' എന്ന പാട്ട് തനിക്ക് പാടണം എന്നാഗ്രഹമുണ്ടെന്നു പറഞ്ഞു. അങ്ങനെ എറണാകുളത്തു പോയി അവർ പാടിയത് റെക്കോർഡ് ചെയ്തു. സിനിമയുടെ റിലീസ് വൈകുന്നത് ഞാൻ സൂചിപ്പിക്കുകയും അതുണ്ടാക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പറയുകയും ചെയ്തപ്പോൾ എനിക്കവർ കുറച്ചു പണം തന്ന് സഹായിക്കാം എന്ന് പറഞ്ഞു. ഞാനത് ആദ്യം നിരസിച്ചു എങ്കിലും കയറ്റം സിനിമയിലെ എന്റെ അവകാശം അവർക്ക് എഴുതിക്കൊടുത്തുകൊണ്ട് പ്രതിഫലമായി ഞാൻ ആ പണം വാങ്ങി. ഇങ്ങനെ ദീർഘനാളത്തെ ഇടപെടൽ കൊണ്ട് ആരാധകർ നെഞ്ചേറ്റിയ വിഗ്രഹം എന്ന നിലയിലല്ലാതെ എനിക്കവരെ നന്മകളുള്ള ഒരു സ്ത്രീ എന്ന് മനസിലാക്കാൻ കഴിഞ്ഞപ്പോഴാണ് ഞാൻ എന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. അത് അവർ നിഷേധിച്ചപ്പോൾ ഞാനത് തുടരുകയും ചെയ്തില്ല.

വളരെ നാളുകൾക്ക് ശേഷം പിന്നീടെപ്പോഴോ അവർ തന്നെ അവരുടെ അമ്മ എഴുതിയ ഒരു കഥയോ അനുഭവകുറിപ്പോ എനിക്കയച്ചു. അങ്ങനെ വീണ്ടും ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. "തീയാട്ടം' എന്നപേരിൽ ഒരു സ്ക്രിപ്റ്റ് എഴുതിയപ്പോൾ അവർക്ക് വായിക്കാൻ കൊടുത്തു. അവർക്കത് ഇഷ്ടപ്പെടുകയും അഭിനയിക്കാനും കോപ്രൊഡ്യുസ് ചെയ്യാനും സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ടോവിനോ തോമസും മുരളി ഗോപിയും അഭിനയിക്കാനും സെഞ്ചുറി പ്രൊഡക്ഷൻസ് പ്രൊഡ്യുസ് ചെയ്യാനും തയാറായ ആ പ്രോജെക്ട് നിലച്ചു പോയി. ബിനീഷ് ചന്ദ്രൻ കാസ്റ്റിങ്ങിൽ അനാവശ്യമായ ചില ഇടപെടലുകൾ നടത്തിയതിനാൽ അയാളോടൊപ്പം ജോലി ചെയ്യാൻ എനിക്ക് കഴിയില്ല എന്ന് ഞാൻ പറയുകയും തുടർന്ന് മഞ്ജു വാര്യർ അതിൽ നിന്ന് പിന്മാറുകയും ചെയ്യുകയായിരുന്നു. അവർ ചെയ്യാനിരുന്ന കഥാപാത്രത്തിന് അനുയോജ്യമായ മറ്റൊരു നടിയെ ആലോചിച്ചു കണ്ടെത്താൻ കഴിയാതെ ഞാനത് ഉപേക്ഷിച്ചു. പിന്നീടാണ് 'വഴക്ക്' എന്ന സിനിമ ഞാൻ ചെയ്യുന്നത്.

'വഴക്ക്' സിനിമ കഴിഞ്ഞപ്പോൾ ആ സിനിമ കാണാൻ കഴിയുമോ എന്ന് ചോദിച്ചുകൊണ്ട് മഞ്ജു വാര്യർ വീണ്ടും മെസേജ് അയച്ചു. ഞാനതിന്റെ ഒരു പ്രൈവറ്റ് ലിങ്ക് അവർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. അങ്ങനെ പുനരാരംഭിച്ച സംഭാഷണം "കയറ്റം" എന്തുകൊണ്ട് റിലീസ് ആവുന്നില്ല എന്ന വിഷയത്തിലേക്ക് കടക്കുകയും ആദ്യം അതിന്റെ പാട്ടുകൾ റിലീസ് ചെയ്യാം എന്ന് ഞങ്ങൾ തീരുമാനിക്കുകയും ചെയ്തു. എന്നാൽ 'ഇസ്തക്കോ' എന്ന പാട്ട് റിലീസ് ചെയ്യാൻ ശ്രമിച്ചപ്പോൾ തന്നെ വലിയ തടസങ്ങൾ ഷാജി മാത്യു, ബിനീഷ് ചന്ദ്രൻ എന്നിവരിൽ നിന്നും എനിക്ക് നേരിട്ടു. ഞാനത് അവരോട് പറഞ്ഞപ്പോൾ എനിക്കൊപ്പം നിൽക്കാൻ അവരെടുത്ത ശക്തമായ തീരുമാനം കണ്ടപ്പോഴാണ് അവർ ഉള്ളിലെന്തോ അടക്കി വെയ്ക്കുന്നു എന്നെനിക്ക് തോന്നിയത്. പക്ഷേ അതോടെ ദുരൂഹമായ നിലയിൽ അവരുമായുള്ള കമ്യുണിക്കേഷൻ നിലച്ചു.

പാട്ട് പുറത്തിറങ്ങിയതോടെ എനിക്കെതിരെയുള്ള അപവാദപ്രചാരണം ശക്തമായി. ആ സമയത്ത് എന്റെ ജീവന് പിന്നാലെ ഗുണ്ടകൾ ഉണ്ട് എന്ന് മനസിലായതിനാൽ ഞാൻ വീടുവിട്ടു. ഇന്ത്യമുഴുവൻ സഞ്ചരിച്ചു. ആ യാത്രയിൽ സഞ്ചാരക്കുറിപ്പുകൾ പോലെ ഞാനവർക്ക് ഇമെയിലുകൾ അയച്ചിരുന്നു. മറുപടി ഉണ്ടായിരുന്നില്ല എങ്കിലും എന്റെ മെയിലുകൾ അവർ വായിക്കുന്നുണ്ട് എന്ന സൂചനകൾ കൺഫ്യുസിംഗ് ആയിട്ടുള്ള അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നും ഞാൻ വായിച്ചെടുത്തു. പക്ഷേ അതൊന്നും നേരിട്ടുള്ള ആശയവിനിമയങ്ങൾ അല്ല. എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായ ധാരണ വരുത്തുന്നതിനാണ് ഞാനവരെ നേരിൽ കാണാൻ തീരുമാനിച്ചത്. അതല്ലാതെ തടഞ്ഞു നിർത്തി പ്രണയം പറയാനല്ല. ഒരേ ഒരു തവണ മാത്രമാണ് അതിനായി ശ്രമിച്ചിട്ടുള്ളതുപോലും. എന്നാൽ പരസ്പരം സംസാരിക്കാൻ അനുവദിക്കാത്ത നിലയിൽ ബിനീഷ് ചന്ദ്രനും ബിനു നായരും സംഘവും ചേർന്ന് അവരെ ഒരു കാറിൽ തള്ളിക്കയറ്റി കൊണ്ടു പോകുന്നതാണ് ഞാൻ കണ്ടത്.

ഞാനവരെ പിന്നാലെ നടന്നു ശല്യം ചെയ്യുന്നുവെന്നും ഭീഷണിപ്പെടുത്തുന്നു എന്നുമൊക്കെയുള്ള കള്ളക്കഥകൾ ഒരടിസ്ഥാനവും ഇല്ലാത്തതാണ്. മറ്റൊരാളെ നേരിൽ കണ്ട് ഒറ്റയ്ക്ക് സംസാരിക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലാണ് അവരെന്ന എന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഈ പശ്ചാത്തലത്തിൽ ഉള്ളതായിരുന്നു. അവ എഴുതുന്നതിന് മുൻപും ഞാനവരെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. അവയ്ക്കും ഒരു ഫോൺ കോളിലൂടെ പോലും മറുപടിയുണ്ടായില്ല.

ഒരിക്കൽ എന്റെ ഒരു പോസ്റ്റിനു ശേഷം അവർ എന്നെ വിളിച്ചു. അതുപക്ഷെ എന്റെ സംശയങ്ങൾ കൂടുതൽ ബലവത്താക്കുന്നതായിരുന്നു. മൂന്നാമതൊരാളെ സാക്ഷിയാക്കുന്ന തരത്തിൽ ഒരു കോണ്ഫറൻസ് കോൾ ആയിരുന്നു അത്. സാധാരണ സംസാരിക്കുന്ന രീതിയിലല്ലാത്ത അതിനാടകീയമായ സംസാരമുൾപ്പെടെ അടിമുടി ദുരൂഹതനിറഞ്ഞ പെരുമാറ്റങ്ങളായിരുന്നു അവരിൽ നിന്നും ഉണ്ടായത്. ഇത്തരം കാരണങ്ങൾ കൊണ്ട് മറ്റാരുടെയോ നിർദ്ദേശങ്ങൾക്ക് വഴങ്ങിയാണ് അവർ പ്രവർത്തിക്കുന്നതെന്നും അവരുടെ ജീവൻ അപകടത്തിലാണ് എന്നുമുള്ള തോന്നൽ എനിക്ക് ശക്തമായി. ഞാൻ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റുകളിൽ ഒക്കെയും അവരെ ടാഗ് ചെയ്തിട്ടും ഒരാഴ്ചയോളം അവർ പരസ്യമായോ സ്വകാര്യമായോ ഒരുവാക്ക് പോലും പറഞ്ഞിട്ടില്ല.

ഒരു സുപ്രഭാതത്തിൽ ഞാനറിയുന്നത് അവർ എനിക്കെതിരെ ഒരു പരാതി കൊടുത്തു എന്നാണ്. ഞാനവരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തി എന്നും പിന്തുടർന്ന് ശല്യപ്പെടുത്തി എന്നും അവരുടെ മാനേജർമാരെ അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്നുമൊക്കെയാണ് പരാതിയിൽ ഉള്ളത്. മെയ് മാസം നാല് രാത്രി എട്ടര മണിക്ക് എറണാകുളത്തെ സിറ്റി വനിതാ പോലീസ് സ്റ്റേഷനിൽ അവർ നേരിട്ട് ഹാജരായി മൊഴി പറഞ്ഞു കൊടുക്കുകയായിരുന്നുവത്രേ.

പരാതിയിലെ കയ്യക്ഷരം മറ്റാരുടേതോ ആണ്. അഞ്ചു പേജുള്ള പരാതിയിൽ അവസാനത്തെ പേജിൽ മാത്രമാണ് മഞ്ജു വാര്യരുടെ ഒപ്പുള്ളത്. പരാതിയിലെ ഏറ്റവും രസകരമായ സംഗതി ഞാനവർക്ക് കയറ്റത്തിന്റെ വർക്കിനിടെ പ്രണയം പറഞ്ഞ് മെസേജ് അയച്ചു എന്നും അവർ അത് അപ്പോൾ തന്നെ ഒപ്പമുണ്ടായിരുന്ന ബിനീഷ് ചന്ദ്രനെയും ബിനു നായരേയും കാണിച്ചു എന്നുമാണ്. കയറ്റത്തിന്റെ ഷൂട്ടിനിടെ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. സ്വകാര്യമായ ഒരു മെസേജ് തന്റെ ഒപ്പമുള്ള ആളുകളെ കാണിക്കുന്ന തരംതാണ പ്രവർത്തി ഒരിക്കലും അവർ ചെയ്യില്ല എന്നെനിക്കറിയാം.

ആ കള്ള പരാതിയിൽ എന്നെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുമ്പോൾ ഞാൻ ഫെയ്സ് ബുക്ക് ലൈവ് വന്നത് മാത്രമല്ല ഇന്റർ നെറ്റിലുള്ള വീഡിയോ. ഒരു പോലീസുകാരൻ തത്സമയം ആരെയോ വീഡിയോ കോൾ ചെയ്ത് കാണിക്കുന്നുണ്ടായിരുന്നു. അതിലെ എന്നെ അപമാനിക്കുന്ന തരത്തിലുള്ള ഭാഗങ്ങളാണ് ഇന്റർനെറ്റിൽ കൂടുതൽ പ്രചരിപ്പിക്കപ്പെട്ടത്. ആർക്കാണ് ആ പോലീസുകാരൻ വീഡിയോ കോൾ ചെയ്ത് എന്നെ ഉപദ്രവിക്കുന്നത് കാണിച്ചത് എന്ന് പരിശോധിച്ചാൽ ആരാണ് എനിക്ക് വേണ്ടി ക്വട്ടേഷൻ കൊടുത്തത് എന്ന് മനസിലാവും.

എന്തിനാണ് എളമക്കര പോലീസ് സ്റ്റേഷനിൽ വെച്ച്, ഇനി മഞ്ജു വാര്യരെ ബന്ധപ്പെടാൻ ശ്രമിച്ചാൽ പുറം ലോകം കാണാതെ അകത്താക്കി കളയുമെന്നും കൊന്നുകളയുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നെ ഭീഷണിപ്പെടുത്തിയത്? എന്തുകൊണ്ടാണ് കേസ് കോടതിയിലെത്തിക്കാതെ സ്റ്റേഷനിൽ നിന്നും ജാമ്യം എടുത്ത് പോകാൻ അവർ നിർബന്ധിച്ചത്?
കയറ്റം എന്തുകൊണ്ട് പുറത്തിറങ്ങുന്നില്ല? എന്തുകൊണ്ടാണ് അവർക്ക് എന്നോട് നേരിട്ട് സംസാരിക്കാൻ കഴിയാത്തത്? എന്തുകൊണ്ടാണ് എനിക്കെതിരെ കള്ളക്കേസ് ചമയ്ക്കാൻ പോലീസുകാർ കൂട്ട് നിൽക്കുന്നത്? ദുരൂഹതകൾ നിരവധിയാണ്.

പക്ഷേ ഇതൊന്നും അന്വേഷിക്കപ്പെടില്ല. മഞ്ജു വാര്യർ മൗനം ഭേദിക്കില്ല. കരുതുന്നതിനപ്പുറം വളർന്ന ഒരു മാഫിയയുടെ താല്പര്യങ്ങൾ ഇക്കാര്യത്തിൽ ഉള്ളതിനാലാണത്. അവരുടെ നിസ്സഹായത ഞാൻ മനസിലാക്കുന്നു. പക്ഷേ പ്രണയ പരവശനായി ഞാൻ നിങ്ങളുടെയൊക്കെ ആരാധനാ മൂർത്തിയെ ഓടിച്ചിട്ട് ശല്യം ചെയ്യുകയായിരുന്നു എന്ന കഥ ഒരു കെട്ടുകഥ മാത്രമാണ് എന്നറിയുക. നിങ്ങൾ ആഘോഷിക്കുന്ന ബിംബങ്ങളല്ല നിസ്സഹായത കൊണ്ട് നീറുന്ന പച്ച മനുഷ്യർ. എനിക്കെതിരെയുള്ള കേസ് കോടതിയിൽ വിചാരണയ്‌ക്കെത്തിയാൽ അതിനു വേണ്ടി ഗൂഡാലോചന നടത്തിയ നീതിപാലകർ ഉൾപ്പെടെ കുടുങ്ങും എന്നതിനാൽ അതിനു മുൻപ് അവരുടെയും എന്റെയും ജീവൻ വേട്ടയാടപ്പെടും. കഥയറിയാതെ കല്ലെറിയും മുൻപ് സത്യങ്ങൾ അന്വേഷിക്കാൻ ശ്രമിക്കുക. അതല്ലെങ്കിൽ മറ്റൊരു മനുഷ്യക്കുരുതിയിൽ അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ വിരലടയാളവും പതിയും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+