' മോഹൻലാൽ നമ്മുടെ കുടുംബം നോക്കുമെന്ന് പറഞ്ഞു, പക്ഷെ ലാൽ തിരിഞ്ഞ് നോക്കിയില്ല'; ശാന്തി വില്യംസ്
അവസാന കാലത്ത് തന്റെ ഭർത്താവിനെ മലയാള സിനിമയിൽ നിന്നും ഒരാൾ പോലും തിരിഞ്ഞ് നോക്കിയില്ലെന്ന് സംവിധായകൻ ജെ വില്യംസിന്റെ ഭാര്യയും നടിയുമായ ശാന്തി വില്യംസ്. മോഹൻലാലുമായി അദ്ദേഹത്തിന് അടുത്ത ബന്ധമായിരുന്നു. എന്നിട്ട് അദ്ദേഹം മരിച്ചപ്പോൾ പോലും ലാൽ വന്നില്ലെന്നും ശാന്തി വില്യംസ് ആരോപിച്ചു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'മമ്മൂക്ക വീട്ടിലേക്ക് വരും, താഴെ നിൽക്കും, വീട്ടിൽ ഉണ്ടാക്കിയ കട്ട്ലറ്റൊക്കെയായി വില്ലിയേട്ടൻ താഴെ പോകും. മമ്മൂക്കയെ കുറിച്ച് ഒന്നും പറയാനില്ല, അദ്ദേഹം അധികമായി അങ്ങോട്ടും ഇങ്ങോട്ടും ഇല്ല. ഹലോ മദ്രാസ് എന്ന പടത്തിലാണ് ലാലു വരുന്നത്. ആ പടത്തിന്റെ ഷൂട്ടിങ് സമയത്ത് ലാൽ വീട്ടിലേക്ക് വന്നിരുന്നു, ഭക്ഷണമൊക്കെ കഴിച്ചു. പിന്നെ തുടർച്ചയായി ഞങ്ങളുടെ മൂന്ന് പടങ്ങളിൽ അഭിനയിച്ചു. ആ സമയത്തൊക്കെ വീട്ടിൽ വന്ന് ഭക്ഷണം കഴിക്കും.അടുക്കളയിലേക്ക് നേരെ കയറിപ്പോകും. അത്രയും സ്വാതന്ത്ര്യമായിരുന്നു. വില്യേട്ടന് ലാൽ അനിയനെ പോലെയായിരുന്നു.

ജീവനറെ ജീവൻ ചെയ്ത് കൊണ്ടിരിക്കുന്ന സമയത്ത് മോഹൻലാൽ വന്നിരുന്നു, ആ സമയത്ത് ഞാൻ 9 മാസം ഗർഭിണിയായിരുന്നു. വില്ലിയേട്ടൻ പറഞ്ഞു ലാലിന് 60,000 രൂപ കൊടുക്കാനുണ്ട്, അത് കൊടുക്കണമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ എന്റെ ആഭരണങ്ങളൊക്കെ കൊണ്ട് വെച്ചിട്ട് ലാലിന് ഞാൻ തന്നെ പോയി പൈസ കൊടുത്തു. എന്തിനാണ് ചേച്ചി വയ്യാതെ വന്നതെന്ന് ചോദിച്ചു. കാശ് ആവശ്യമുണ്ടെങ്കിൽ കൈയ്യിൽ വെച്ചോളൂവെന്ന് പറഞ്ഞു. അതൊക്കെ നിങ്ങളും വില്ലിയേട്ടനും തമ്മിലുള്ള കാര്യമെന്ന് പറഞ്ഞ് ഞാൻ പോയി.
ബട്ടർഫ്ലൈ സിനിമയുടെ ഷൂട്ടിങ് സമയത്ത് വില്ലിയേട്ടൻ നന്നായി സിഗരറ്റ് വലിക്കുമായിരുന്നു. ലാലുവിനോട് ഞാൻ പറയും, ഇത് നിർത്താൻ നിങ്ങൾക്കൊക്കെ പറഞ്ഞൂടെയെന്ന്. പറഞ്ഞാൽ കേക്കില്ലല്ലോയെന്ന് ലാലും പറഞ്ഞു. ഈ സമയത്ത് വില്ലിയേട്ടൻ പറഞ്ഞു എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ലാൽ നമ്മുടെ കുടുംബം നോക്കും എന്നും പറഞ്ഞു. മോഹൻലാൽ ആരാ നമ്മുടെ കുടുംബം നോക്കാൻ എന്ന് ഞാനും പറഞ്ഞു. ഇതൊക്കെ കഴിഞ്ഞ് കുറച്ച് കാലം കഴിഞ്ഞപ്പോൾ ഞങ്ങളുടെ സ്വത്തുക്കളൊക്കെ പോയി, വീട് പോയി , കാറ് പോയി, അങ്ങനെ എല്ലാം. ഇന്ന് ഞങ്ങളുടെ പ്രോപ്പർട്ടിയുടെ മൂല്യം 120 കോടിയാണ്. എന്റെ അച്ഛൻ എഴുതി തന്നതാണ്. ഒരാൾ എന്റെ വില്ലിയേട്ടനെ പറ്റിച്ചതാണ്. അതോട് കൂടിയാണ് ഞങ്ങളുടെ കഷ്ടകാലം തുടങ്ങിയത്. പിന്നെ വർക്കില്ലാതായി.
വില്ലിയേട്ടൻ എന്നെ വിവാഹം കഴിക്കുമ്പോൾ എനിക്ക് 19 വയസാണ്, അദ്ദേഹത്തിന് 46 ഉം. മനസിലാക്കുകയേ ഇല്ലായിരുന്നു. പക്ഷെ എനിക്ക് ശീലമായി. വില്ലിയേട്ടൻ ഇങ്ങനെയാണെന്നും അതിൽ കൂടുതൽ പ്രതീക്ഷിക്കരുതെന്നും എനിക്ക് മനസിലായി.ഇങ്ങനെയായിരുന്നു 25 കൊല്ലം.
വില്ലിയേട്ടൻ വയ്യാതായപ്പോഴൊന്നും ലാലുവും ആരും വന്നില്ല. സുരേഷ് ഗോപി വന്നിരുന്നു. കുറച്ച് കാശും കൊടുത്തിരുന്നു. കലാഭവൻ മണിയും വന്നിരുന്നു. അവസ്ഥ മോശമായപ്പോൾ ഞാൻ ലാലിനെ വിളിച്ചൊന്നുമില്ല. രജനീകാന്ത് എല്ലാ കാര്യങ്ങളും അറിഞ്ഞ് കുറച്ച് പൈസ തന്നിരുന്നു. വില്ലിയേട്ടൻ മരിച്ച് കിടന്ന സമയത്ത് പോലും മോഹൻലാൽ വന്നില്ലെന്നത് വളരെ വിഷമപ്പെടുത്തി. മരിച്ചപ്പോൾ മലയാളം സിനിമയിൽ നിന്ന് ഒരാൾ പോലും വന്നിരുന്നില്ല. ഈ നിമിഷം വരെ മോഹൻലാൽ എന്നെ വിളിച്ചിട്ടില്ല. അത്രത്തോളം ലാലിനെ എന്റെ ഭർത്താവ് സ്നേഹിച്ചിരുന്നു. ലാൽ ഒന്ന് വിളിച്ചാൽ മതിയായിരുന്നു.
ഒരിക്കൽ എയർപോർട്ടിൽ വെച്ച് കണ്ടു, ഫ്ലൈറ്റ് ഇറങ്ങുമ്പോൾ തിരിഞ്ഞ് നോക്കിയപ്പോൾ മോഹൻലാൽ എന്നെ പെട്ടെന്ന് കണ്ടു, ആൾ ഒരു ഹായ് പറഞ്ഞു. എന്നാൽ ഇറങ്ങാൻ നോക്കുമ്പോൾ ലാൽ എന്റെ മുന്നിൽ നിന്ന് എന്തോ അത്യവശ്യമെന്ന പോലെ ഓടി പോയി', ശാന്തി വില്യംസ് പറഞ്ഞു.












Click it and Unblock the Notifications