ഞാനെന്തിന് ഈ കുരിശ് ചുമക്കണം? മോഹൻലാൽ എന്തിന് ആളുകളുടെ കുറ്റംപറച്ചിൽ കേൾക്കണം, ചോദ്യവുമായി സജി നന്ത്യാട്ട്
താരസംഘടനയിലെ അമ്മയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ചേരിപ്പോരാണ് അരങ്ങേറുന്നത്. നിലവിൽ മത്സരിക്കാൻ നോമിനേഷൻ നൽകിയിരിക്കുന്ന ചിലർക്കെതിരെ സംഘടനയിലെ ഒരു വിഭാഗം വലിയ എതിർപ്പുമായി മുന്നോട്ട് വന്നിരിക്കുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആരോപണവിധേയനായ ബാബുരാജ് മത്സരിക്കുന്നതിലാണ് പ്രധാനമായും എതിർപ്പ്.
പീഡനാരോപണം വന്നപ്പോൾ ബാബുരാജ് രാജി വെക്കാത്തത് കാരണമാണ് മോഹൻലാൽ രാജി വെച്ച് ഭരണസമിതി പിരിച്ച് വിട്ടത് എന്നാണ് നടി മാല പാർവ്വതി വെളിപ്പെടുത്തിയത്. പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജഗദീഷും എല്ലാവർക്കും പ്രിയങ്കരനല്ലെന്ന് നടി പറയുന്നു. അതിനിടെ എന്തുകൊണ്ട് മോഹൻലാൽ മത്സരിക്കാതെ മാറി നിൽക്കുന്നുവെന്ന് പറയുകയാണ് നിർമ്മാതാവ് സജി നന്ത്യാട്ട്.
സജി നന്ത്യാട്ടിന്റെ വാക്കുകൾ: '' അമ്മയുടെ തിരഞ്ഞെടുപ്പ് എങ്ങനെ വേണം എന്ന് പറയാന്‍ നമുക്ക് ഒരു അവകാശവും ഇല്ല. നമുക്ക് ആര്‍ക്കും വോട്ടവകാശം ഇല്ല. ആര് മത്സരിക്കണം മത്സരിക്കേണ്ട എന്നുളളത് അതിലെ അംഗങ്ങളുടെ തീരുമാനമാണ്. നമ്മള്‍ അതിലേക്ക് കടന്ന് കയറേണ്ടതില്ല. ആരോപണവിധേയര്‍ മത്സരിച്ചാലും മത്സരിക്കാതിരുന്നാലും വോട്ട് ചെയ്യേണ്ടത് അതിലെ അംഗങ്ങളാണ്.

ഇത് രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്ന കാര്യമല്ല, ഇതൊരു സ്വകാര്യ സംഘടനയാണ്. അവിടെ എല്ലാവര്‍ക്കും മത്സരിക്കാന്‍ അവകാശമുണ്ട്. അംഗത്വഫീസ് കൊടുക്കുന്ന എല്ലാവര്‍ക്കും മത്സരിക്കാനുളള അവകാശമുണ്ട്. അമ്മ എന്ന സംഘടനയില്‍ ആര് അധികാരത്തില്‍ വന്നാലും അത് കേരളജനതയെ എങ്ങനെയാണ് ബാധിക്കുന്നത്. ആര് തിരഞ്ഞെടുക്കപ്പെട്ടാലും ഇല്ലെങ്കിലും നമ്മുടെ റേഷന്‍ കാര്‍ഡുമായി എന്ത് ബന്ധം.
നന്മയും തിന്മയും തിരിച്ചറിയാനുളള ബോധം അമ്മയിലെ അംഗങ്ങള്‍ക്കുണ്ട്. ആരോപണ വിധേയര്‍ എന്ന് പറയുന്നവരെ ആരും ശിക്ഷിച്ചിട്ടില്ലല്ലോ. ശിക്ഷിച്ചിട്ടുണ്ടെങ്കില്‍ നമുക്ക് പറയാം അയാളെ കോടതി ശിക്ഷിച്ചതല്ലേ, മത്സരിക്കുന്നത് ശരിയല്ല എന്ന്. അമ്മയില്‍ ആര് മത്സരിക്കുന്നു ജയിക്കുന്നു എന്നുളളത് പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയമല്ല.
മോഹന്‍ലാല്‍ എന്തുകൊണ്ടാണ് മത്സരിക്കാത്തത്. എന്തിനാണ് മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പോലുളളവര്‍ പ്രഷര്‍ താങ്ങുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ, അദ്ദേഹത്തിന്റെ സ്വഭാവത്തേയും രീതികളേയും ജനം ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അവര്‍ എന്തിനാണ് ഇതിനകത്തുളള വിമര്‍ശനങ്ങളെ ഏറ്റെടുക്കുന്നത്. അവര്‍ ചെയ്യാത്ത തെറ്റിന് പത്രക്കാര്‍ ഓരോരോ കാര്യങ്ങളുണ്ടാക്കി അവരെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. അവര്‍ എന്തിന് ഈ സമ്മര്‍ദ്ദം താങ്ങണം.
അവരുടെ ജോലി അഭിനയിക്കലാണ്. കഥാപാത്രങ്ങളുമായി ഇഴകിച്ചേര്‍ന്ന് നല്ല കഥാപാത്രങ്ങളെ സൃഷ്ടിക്കുക എന്നതാണ്. മമ്മൂട്ടിയും മോഹന്‍ലാലും തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍ സ്വാഭാവികമായും അവര്‍ക്ക് ഒരു നിലപാട് ഉണ്ട്. അവര്‍ക്ക് സംഘടനയില്‍ ഒരു അപ്രമാദിത്വം ഉണ്ട് എന്ന കാര്യത്തില്‍ സംശയം ഒന്നും ഇല്ല. കാരണം അവരെ എല്ലാവരും ബഹുമാനിക്കുന്നു. അവര്‍ മത്സരിക്കാന്‍ വന്നാല്‍ ആരും എതിരെ നില്‍ക്കാറില്ല. ഏകാധിപത്യമാണ് എന്നല്ല അതിന്റെ അര്‍ത്ഥം. അവരെ അംഗങ്ങള്‍ ഇഷ്ടപ്പടുന്നത് കൊണ്ടാണ്. മമ്മൂട്ടി ആയാലും മോഹന്‍ലാല്‍ ആയാലും എത്ര മാന്യമായിട്ടാണ് ഇടപെടുന്നത്.
അവര്‍ക്ക് എന്താണ് നേട്ടം. അവര്‍ അവരുടെ ഷൂട്ടിംഗ് സമയവും വിലയേറിയ സമയവും നഷ്ടപ്പെടുത്തി ഈ അസോസിയേഷന് വേണ്ടി അവര്‍ മെനക്കെടുമ്പോള്‍ തിരിച്ച് ലഭിക്കുന്നത് എന്താണ്. കുറച്ച് കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും സമ്മര്‍ദ്ദങ്ങളും അല്ലേ അവര്‍ക്ക് ലഭിക്കുന്നത്. ആ സാഹചര്യത്തില്‍ അവര്‍ മാറി നില്‍ക്കുന്നത് സ്വാഭാവികമല്ലേ. എന്തിന് ഞാനീ കുരിശ് ചുമക്കുന്നു എന്ന ചോദ്യം അവരെ ചിന്തിപ്പിക്കും.
മല്ലികച്ചേച്ചി പറഞ്ഞത് ശരിയാണ്, മോഹന്‍ലാല്‍ എന്ന വ്യക്തി മാറി നിന്നത് നല്ലകാര്യമാണ്, എന്തിനാണ് മറ്റുളളവരുടെ പഴി കേള്‍ക്കുന്നത്. ആ സംഘടന നല്ല രീതിയില്‍ പോകണം എന്ന് കരുതിയാണ് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലുളളവര്‍ തലപ്പത്ത് വരാന്‍ താല്‍പര്യം കാണിച്ചത്. പക്ഷേ ഓരോ ആള്‍ക്കാരുടെ കുറ്റപ്പെടുത്തലുകളും മീഡിയ അടക്കമുളളവര്‍ നല്‍കിയ സമ്മര്‍ദ്ദവും അവര്‍ എന്തിന് സഹിക്കണം. അവര്‍ സ്വതന്ത്രരായിട്ടിരിക്കട്ടെ. മത്സരിക്കുന്നില്ലെങ്കില്‍ അതിനെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല, അത് അവരുടെ ഇഷ്ടമാണ്. അവര്‍ മാറി നിന്നപ്പോള്‍ അധികാരത്തിനായി എത്ര പേരാണ് വന്ന് നില്‍ക്കുന്നത്, സജി നന്ത്യാട്ട് പറഞ്ഞു.












Click it and Unblock the Notifications