പൃഥ്വിരാജിനെ തഴഞ്ഞോ മോഹൻലാൽ? തിരഞ്ഞെടുത്തത് ഉണ്ണി മുകുന്ദനെ, തമ്മിൽത്തല്ലുമായി ആരാധകർ
തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് മോഹന്‍ലാലിന് ലൂസിഫറിലൂടെ സമ്മാനിച്ചത് പൃഥ്വിരാജ് ആണ്. ഇനി വരാനിരിക്കുന്ന എംപുരാന്‍ ആകട്ടെ മലയാള സിനിമയുടെ തലവര തന്നെ ചിലപ്പോള്‍ മാറ്റി മറിച്ചേക്കാം എന്ന് കരുതപ്പെടുന്നു. മലയാള സിനിമയെ പൃഥ്വിരാജ് പാന്‍ ഇന്ത്യന്‍ ക്ലബ്ബിലെത്തിക്കും എന്നാണ് പ്രതീക്ഷ.
നടന്‍ എന്ന നിലയ്ക്ക് 2024 പൃഥ്വിരാജിന്റെ കരിയറിലെ നാഴികക്കല്ലായ വര്‍ഷമാണ്. ആടുജീവിതത്തിലൂടെ രണ്ടാമതും സംസ്ഥാന പുരസ്‌ക്കാരം പൃഥ്വിയെ തേടിയെത്തി. മലയാള സിനിമയുടെ ഭാവി വാഗ്ദാനമാകാന്‍ ഇതൊന്നും പോരേ എന്നാണ് ചോദ്യം. ഈ ചോദ്യം മറ്റാരോടുമല്ല, മോഹന്‍ലാലിനോടാണ്. എന്താണ് സംഭവം എന്നല്ലേ.

തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ ഒരു മറുപടിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തമ്മില്‍ത്തല്ലുകയാണ് ചില ഫാന്‍സ്. മലയാള സിനിമയുടെ ഭാവിവാഗ്ദാനങ്ങള്‍ ആയി തോന്നുന്നവര്‍ ആരൊക്കെയാണ് എന്ന് ചോദിച്ചപ്പോള്‍ മൂന്ന് പേരുടെ പേരുകളാണ് മോഹന്‍ലാല്‍ എടുത്ത് പറഞ്ഞത്. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ മികച്ചവരാണ് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഉണ്ണിയുടെ ഒരു ചിത്രം ഇപ്പോള്‍ നന്നായി ഓടുന്നുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ഇതോടെ എന്തുകൊണ്ട് മോഹന്‍ലാല്‍ പൃഥ്വിരാജിന്റെ പേര് പറഞ്ഞില്ല എന്ന് ചോദിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തമ്മില്‍ തല്ലുന്നത്. തന്റെ അഭിമാന പ്രൊജക്ട് അടക്കം കൊടുത്തിട്ടും പൃഥ്വിരാജിന്റെ പേര് മോഹന്‍ലാല്‍ പറഞ്ഞില്ലല്ലോ എന്നാണ് ഫേസ്ബുക്കില്‍ ചര്‍ച്ചയായിരിക്കുന്ന ഒരു പോസ്റ്റ്. ഇതോടെ കമന്റ് ബോക്‌സില്‍ മറുപടികള്‍ നിറഞ്ഞു. പൃഥ്വിരാജ് ഓള്‍റെഡി ഒരു താരം ആണെന്നും അതിനാല്‍ ഭാവിവാഗ്ദാനം എന്ന് പറയേണ്ട കാര്യമില്ലെന്നുമാണ് ഒരു കമന്റ്. ഫഹദ് അടക്കമുളളവര്‍ക്ക് മുന്നേ വന്നതിനാല്‍ പൃഥ്വിരാജ് സീനിയര്‍ ആണെന്നും കമന്റ് ബോക്‌സില്‍ ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഒരു സംവിധായകന്‍ എന്ന നിലയ്ക്ക് പൃഥ്വിരാജ് മികച്ച വാഗ്ദാനമാണ് എന്ന് മോഹന്‍ലാല്‍ ഇതേ അഭിമുഖത്തിൽ പറയുന്നുണ്ട്. പൃഥ്വിയെ വളരെ ചെറുപ്പം മുതല്‍ക്കേ അറിയാം. പൃഥ്വിയുടെ അച്ഛനൊപ്പം താന്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. ഭയങ്കര കമ്മിറ്റഡ് ആയിട്ടുളള സംവിധായകനാണ് പൃഥ്വിരാജ്. സിനിമയെ കുറിച്ച് വളരെ നല്ല അറിവുണ്ട്. തന്നെ എങ്ങനെ സിനിമയില്‍ ഉപയോഗിക്കണം എന്നും അദ്ദേഹത്തിന് അറിയാം. ലൂസിഫറില്‍ നിന്നും തികച്ചും വ്യത്യസ്തമായ ബ്രോ ഡാഡി എന്ന സിനിമയും തങ്ങള്‍ ഒരുമിച്ച് ചെയ്തു. സംവിധായകന്‍ എന്ന നിലയ്ക്ക് പൃഥ്വിരാജിന്റെ പരിണാമം എംപുരാന്‍ കാണുമ്പോള്‍ അറിയാനൊക്കും. എംപുരാന്‍ വളരെ വലിയ ചിത്രമാണ്.യുകെയിലും അമേരിക്കയിലും ദുബായിലുമൊക്കെ ഷൂട്ട് ചെയ്തു. തിരക്കഥയേയും താരങ്ങളേയും വാര്‍ത്തെടുക്കാന്‍ പൃഥ്വിക്കറിയാം. അദ്ദേഹം രാജ്യത്തെ തന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളായി മാറും. ഗംഭീര സിനിമകള്‍ അദ്ദേഹത്തിന് ചെയ്യാനാകും. മികച്ച ഭാവിവാഗ്ദാനമാണ് പൃഥ്വിരാജെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ഇപ്പോഴുളള അഭിനേതാക്കളില്‍ മിക്കവരും മികച്ചവരാണ്. ഞങ്ങളുടെ കാലത്ത് വളരെ മികച്ച കഥകള്‍ ലഭിച്ചിരുന്നു.നിരവധി നോവലുകളെല്ലാം സിനിമയായിരുന്നു. മികച്ച സംവിധായകരുണ്ടായിരുന്നു. ഈ രണ്ട് കാര്യങ്ങള്‍ക്കൊപ്പം സിനിമ തിയറ്ററില്‍ ഓടുകയും വേണം. എന്നാലേ ഒരു അഭിനേതാവിനെ ആളുകള്‍ ഇഷ്ടപ്പെടുകയുളളൂ. ആ ഒരു കാലം മാറിപ്പോയി. എങ്കിലും ഇന്നത്തെ ആളുകള്‍ ശ്രമിക്കുന്നുണ്ട്. മികച്ച സിനിമകള്‍ ഉണ്ടാകുന്നുണ്ട്, മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.
പ്രണവ് മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തെ കുറിച്ചുളള ചോദ്യങ്ങള്‍ക്കും മോഹന്‍ലാല്‍ മറുപടി പറഞ്ഞു. സിനിമയിലേക്ക് വരാന്‍ പ്രണവിനെ ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ല. സ്വന്തമായി തീരുമാനം എടുക്കാനുളള ബുദ്ധി അവനുണ്ട്. ജീവിതത്തില്‍ എന്ത് വേണമെന്ന് അവന് തീരുമാനിക്കാം. മകനിലൂടെ ഒരു പാരമ്പര്യമുണ്ടാക്കണം എന്ന് കരുതുന്നില്ല. അവന്‍ സ്വതന്ത്രനായിരിക്കട്ടെ. തന്റെ അച്ഛനും അങ്ങനെ തന്നെ ആയിരുന്നു. പഠിത്തം പൂര്‍ത്തിയാക്കിയ ശേഷം ഇഷ്ടമുളളത് ചെയ്‌തോളൂ എന്നാണ് അച്ഛന്‍ തന്നോട് പറഞ്ഞിരുന്നത്, മോഹന്‍ലാല്‍ വ്യക്തമാക്കി.












Click it and Unblock the Notifications