'മോഹൻലാൽ ഞങ്ങളുടെ സാഹചര്യം മുതലാക്കി, ചേട്ടൻ മരിച്ചിട്ടും കാണാൻ വന്നില്ല, അന്നത്തെ ആളേ അല്ല'; ശാന്തി വില്യംസ്
മലയാള സിനിമയിലെ സൂപ്പർതാരം മോഹൻലാലിന് എതിരെ ഗുരുതര ആരോപണവുമായി നടി ശാന്തി വില്യംസ്. പ്രമുഖ ക്യാമറാമാൻ വില്യംസിന്റെ ഭാര്യ കൂടിയായ ശാന്തി മോഹൻലാൽ തന്റെ കുടുംബത്തോടെ നന്ദി കാട്ടിയില്ലെന്ന ആരോപണമാണ് ഉന്നയിക്കുന്നത്. സൂപ്പർതാരമായപ്പോൾ തങ്ങളെ മറന്നെന്നും അതിന് മുൻപ് തങ്ങളുടെ സാഹചര്യം മുതലാക്കി പലതും നേടിയെടുത്തുവെന്നും മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ ആരോപിച്ചു. ശാന്തി വില്യംസിന്റെ വാക്കുകൾ ഇങ്ങനെ.
മോഹൻലാൽ മാറിപ്പോയതാണ്, കാരണം ഞാൻ കാണുന്ന ലാലും പിന്നീട് സൂപ്പർസ്‌റ്റാർ ആയ ലാലും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. പണ്ടത്തെ ലാൽ അല്ല ഇത്, അന്നൊരു കുട്ടികളുടെ സ്വഭാവം ആയിരുന്നു. വളരെ നല്ല സ്വഭാവമായിരുന്നു. വീട്ടിൽ വന്നാൽ ഒരു വ്യത്യാസവുമില്ലാതെ നമ്മുടെ അടുത്തൊക്കെ സംസാരിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്യും, വീട്ടിൽ വന്നാൽ ഫുഡ് ഒക്കെ കൊണ്ട് പോവുകയും നല്ലൊരു ഇതൊക്കെ ആയിരുന്നു.

എന്നാൽ പടങ്ങളൊക്കെ വന്ന് വലിയ ഫേമസ് ആയപ്പോഴാണ് ലാലിന്റെ സ്വഭാവം മാറിയത്. ഞങ്ങളുടെ വീട്ടിൽ ഒരു പത്ത് പന്ത്രണ്ട് അടിയുടെ കൃഷ്‌ണൻ ഉണ്ടായിരുന്നു. ഒരു തടിയിൽ ഉണ്ടാക്കി എടുത്തതാണ് അത്. ചന്ദനമരത്തിൽ ഉണ്ടാക്കിയതാണ്. ഇന്ന് അത് ലാലിന്റെ വീട്ടിലാണ് ഉള്ളത്. കൃഷ്‌ണൻ പശുവുമായി നിൽക്കുന്ന ഒരു പ്രതിമയായിരുന്നു അത്. വില്ലിയേട്ടൻ പറഞ്ഞതാണ് വീട്ടിൽ ഉണ്ടെന്ന്. ഇത് എങ്ങനെ നോക്കുമെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ വീട്ടിൽ ഭയങ്കര ബുദ്ധിമുട്ട് സമയമായിരുന്നു അത്. ഇങ്ങനൊക്കെ വന്ന സമയത്ത് ഇത് പുള്ളി ഉപയോഗിച്ചു. ആ സാഹചര്യം നന്നായി ഉപയോഗിക്കുകയാണ് ചെയ്‌തത്. ലക്ഷങ്ങൾ വിലയുള്ള കൃഷ്‌ണനെ കൊണ്ടുപോയിട്ട് പകരം അവിടെ ഓഫീസിൽ ഉണ്ടായിരുന്ന ഒരു പഴയ, പന്ന എസി കൊണ്ട് വന്നിട്ട് ഞങ്ങളുടെ വീട്ടിൽ ഇറക്കി. ആ എസി പത്ത് ദിവസം പോലും ഉപയോഗിച്ചിട്ടില്ല.
അന്ന് അവർ ചോദിച്ചു ആരെങ്കിലും ഈ എസി ഉപയോഗിക്കുമോന്ന്, അത് പൊട്ടിത്തെറിക്കാൻ സാധ്യത ഉണ്ടെന്നാണ് പറഞ്ഞത്. കൊച്ചുങ്ങളെ വച്ച് ആണോ കളിക്കുന്നത് എന്ന് ചോദിച്ചു. അങ്ങനെ അവർ തന്നെ വന്നു അത് എടുത്തുകൊണ്ട് പോയി വിറ്റു, കിട്ടിയത് 2000 രൂപയാണ്. ലക്ഷങ്ങൾ വിലയുള്ള കൃഷ്‌ണനെ അവർ എടുത്തുകൊണ്ട് പോയി. ഇന്ന് എന്റെ വീട്ടിൽ എങ്ങോട്ട് തിരിഞ്ഞാലും കൃഷ്‌ണനാണ്.
ഇത്രയും ചെയ്‌ത ഒരു മനുഷ്യനെ മരിച്ചപ്പോൾ കാണാൻ വന്നില്ലാലോ എന്ന സങ്കടമാണ് എനിക്ക് ഉള്ളത്. അതിന്റെ ദേഷ്യം ഇപ്പോഴും എന്റെ ഉള്ളിലുണ്ട്. ശങ്കർ സാർ എന്റെ ഭർത്താവ് മരിച്ചെന്ന് അറിഞ്ഞപ്പോൾ തന്നെ 25,000 രൂപ പണം എനിക്ക് അയച്ചു തന്നു. അമ്മ വിഷമിക്കരുത് എന്നാണ് ഡയറക്‌ടർ തിരുമുരുകൻ പറഞ്ഞു കൊണ്ടിരുന്നത്. രണ്ടര മണിക്കൂർ എന്നോട് സംസാരിച്ചു കൊണ്ടിരുന്നു.
ഈ നിമിഷം വരെ എന്നെ പോറ്റിക്കൊണ്ട് ഇരിക്കുന്നത് തമിഴൻമാരാണ്. പക്ഷേ എനിക്ക് ഇപ്പോൾ മലയാളി ആണെന്ന് പറയാൻ നാണക്കേട് ആണ്. ആരുടെയും കാശും പണവും ഒന്നും വേണ്ട, ഒരുവിളി, ഒരു ചോദ്യം അത് മാത്രം മതിയായിരുന്നു. ഞാൻ ഒരുപാട് വർഷം ഞാൻ അഭിനയിച്ചില്ല. അതിനിടയിൽ എത്രയോ പ്രശ്‌നങ്ങൾ ഉണ്ടായി, ഒരാൾ പോലും അതിന് ഇടയിൽ തിരിഞ്ഞുപോലും നോക്കിയില്ല.
ലാലിന് അറിയാം എനിക്ക് നാല് മക്കൾ ഉണ്ടെന്ന്. ഞാൻ ഓട്ടം ആയിരുന്നു അവരെ വളർത്താൻ. ഡബ്ബിങ്ങും അഭിനയിക്കാനും ഒക്കെ ഓടുകയായിരുന്നു. അന്ന് എന്റെ മക്കൾക്ക് ഭക്ഷണം കഴിക്കാൻ പോലും ഗതി ഉണ്ടായിരുന്നില്ല. എത്രയോ ദിവസം നനഞ്ഞ തുണി വയറ്റിൽ ഇട്ട് അവർ കിടന്നിട്ടുണ്ട്. ഇതൊന്നും ഒരാൾക്കും അറിയില്ല. വില്ലിയേട്ടൻ നടന്നുപോവുന്നത് കണ്ട് കരഞ്ഞിട്ടുണ്ട് ഞാൻ.












Click it and Unblock the Notifications