ആസിഫ് അലി മാത്രമല്ല, അല്ലു അർജുനുമുണ്ട്: അന്ന് വില്ലത്തി നയന്‍താര, ശേഷം 8 വർഷമായി പിണക്കം
നടന്‍ ആസിഫ് അലിയില്‍ നിന്നും ഉപഹാരം വാങ്ങിക്കാന്‍ വിസമ്മതിച്ച സംഗീതജ്ഞന്‍ രമേഷ് നാരായണനെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയർന്നത്. വിമർശനങ്ങള്‍ ശക്തമായതോടെ സംഭവത്തില്‍ വിശദീകരണവുമായി ആസിഫ് അലിയും രമേഷ് നാരായണനും കഴിഞ്ഞ ദിവസം രംഗത്ത് വരികയും ചെയ്തു. ഇതോടെ ആ വിഷയം അവസാനിക്കുകയും ചെയ്തു.
ഈ വിവാദത്തിന് ഇടയില്‍ തന്നെ സമാനമായ മറ്റ് ചില സംഭവങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചർച്ചയാകുന്നുണ്ട്. അത്തരത്തില്‍ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിലെ കേന്ദ്ര കഥാപാത്രം നയന്‍താരയാണ്. 2016ലെ സൈമ അവാർഡ് വേദിയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. മികച്ച തമിഴ് നടിക്കുള്ള പുരസ്കാരമായിരുന്നു നയന്‍താരയ്ക്ക് ലഭിച്ചത്.

'നാനും റൗഡി താൻ' എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാർഡ്. പരിപാടിയില്‍ നയന്‍താരയ്ക്ക് പുരസ്കാരം കൊടുക്കേണ്ടിയിരുന്നത് അല്ലു അർജുനാണ്. പുരസ്കാരം നല്‍കാനായി അല്ലു അർജുനേയും സ്വീകരിക്കാനായി നയന്‍താരയേയും ക്ഷണിച്ചു. വേദിയിലേക്ക് വന്ന ഉടനെ തന്നെ അല്ലു അർജുനില്‍ നിന്ന് നയന്‍താര അവാർഡ് സ്വീകരിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് ചിത്രത്തിന്റെ സംവിധായകനും പിന്നീട് ഭർത്താവുമായി മാറിയ വിഘ്‌നേശ് ശിവനെക്കുറിച്ച് വാ തോരാതെ സംസാരിക്കുകയും അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിക്കുകയുമായിരുന്നു. "നിങ്ങൾക്ക് വിരോധമില്ലെങ്കിൽ നാനും റൗഡി താന്റെ സംവിധായകനിൽ നിന്ന് ഈ പുരസ്‌കാരം സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു" എന്നായിരുന്നു നയന്‍താരയുടെ വാക്കുകള്‍
ശേഷം അല്ലു അർജുനില്‍ നിന്ന് സ്വീകരിച്ച പുരസ്കാരം തിരികെ വിഘ്നേഷ് ശിവന് നല്‍കി അദ്ദേഹത്തില്‍ നിന്നും സ്വീകരിക്കുകയും ചെയ്തു. ഈ സംഭവം അന്ന് തന്നെ വലിയ രീതിയില്‍ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആ സംഭവുമായി ബന്ധപ്പെട്ട് എട്ടുകൊല്ലമായി നയന്‍താരയും അല്ലു അർജുനും പിണക്കത്തിലാണെന്നും റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു.
നയന്‍താരയ്ക്കെതിരെ നിശിതമായ വിമർശനമായിരുന്നു അല്ലു അർജുന്‍ ആരാധകർ അന്ന് നയന്‍താരയ്ക്കെതിരെ നടത്തിയത്. തുടർന്ന് അല്ലുവിന്റെ പല സിനിമകളിലും പിന്നീട് നായികയായി നയൻതാരയെ പരിഗണിച്ചെങ്കിലും ഓഫർ സ്വീകരിക്കാന്‍ താരം തയ്യാറായില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, രമേശ് നാരയണനെതിരായി നടക്കുന്ന സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആസിഫ് അലി ഇന്നലെ രംഗത്ത് വന്നിരുന്നു. 'തന്നോട് കാണിക്കുന്ന സ്നേഹം സ്നേഹം മറ്റൊരാളുടെ മേലുളള വെറുപ്പായി മാറരുത്. ഇത് വലിയ സംസാര വിഷയമായി മാറണമെന്നൊക്കെ ആഗ്രഹമുള്ള വ്യക്തിയല്ല ഞാന്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളും വിമർശനങ്ങളും ഞാന്‍ കാണുന്നുണ്ട്.' എന്നായിരുന്നു ആസിഫ് അലിയുടെ പ്രതികരണം.
അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിക്കാന്‍ മറന്നു, വിളിച്ചപ്പോള്‍ തന്നെ പേര് മാറിയാണ് വിളിച്ചത്. ആ സമയത്ത് എല്ലാ മനുഷ്യർക്കും ഉണ്ടാകുന്ന ഒരു ടെന്‍ഷന്‍ അദ്ദേഹത്തിനും ഫീല്‍ ചെയ്തിട്ടുണ്ടാകാം. കാലിന് ബുദ്ധിമുട്ട് ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിന് സ്റ്റേജിലേക്ക് കയറാനും സാധിച്ചിരുന്നില്ല. അത്തരത്തില്‍ ഒരുപാട് ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. ആ ഒരു നിമിഷത്തില്‍ എല്ലാ മനുഷ്യരും പെരുമാറുന്നത് പോലെയാണ് അദ്ദേഹവും പെരുമാറിയത്.
ഇന്നലെ രാത്രി ഫോണ്‍ ഓണ്‍ ചെയ്യുമ്പോള്‍ "മോനെ പ്ലീസ് കോള്‍ ബാക്ക്" എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഒരു മെസേജ് ഞാന്‍ കണ്ടു. ഇന്ന് രാവിലെ തന്നെ അദ്ദേഹത്തെ വിളിച്ചു. എന്റെ കോള്‍ പ്രതീക്ഷിച്ച് ഇരിക്കുന്നത് പോലെ തന്നെയാണ് അദ്ദേഹം കോള്‍ എടുത്തതെന്നും ആസിഫ് അലി പറഞ്ഞു.












Click it and Unblock the Notifications