‘നടിയുമായുണ്ടായത് സമ്മതപ്രകാരമുള്ള ബന്ധം’; ബലാത്സംഗക്കേസിൽ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂർ ജാമ്യം
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി.അറസ്റ്റ് ഉണ്ടായാൽ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് എ നസറുദ്ദീൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമർ ലുലു ഹൈക്കോടതിയെ അറിയിച്ചു. ഹർജി വിശദമായ വാദത്തിനായി ജൂൺ 6 ലേക്ക് മാറ്റി.
സിനിമയില്‍ അവസരം വാഗ്‍ദാനം ചെയ്ത് ഒമര്‍ ലുലു നിരവധി തവണ തന്നെ ബലാല്‍സംഗം ചെയ്തുവെന്ന യുവ നടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്. കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.

കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സിനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. നെടുമ്പാശ്ശേരിയിലെ രണ്ട് ഹോട്ടലുകളി വെച്ച് പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നുണ്ട്. ഒമർ ലുലുവിന്‍റെ മുൻ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു.
അതേസമയം നടിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി ഒമർ ലുലു നേരത്തെ വ്യക്തമാക്കിയിരുന്നു. യുവതിയുമായി വിവിധ സ്ഥലങ്ങളിൽ യാത്ര നടത്തിയിട്ടുണ്ട്. എന്നാൽ സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട് വ്യക്തിവിരോധം ആയെന്നും ഇതാണ് പരാതിക്ക് പിറകിലെന്ന് സംശയിക്കുന്നതെന്നുമാണ് ഒമർ ലലു പറഞ്ഞത്. ആറ് മാസമായി യുവതിയുമായി തനിക്ക് ബന്ധമില്ല. പുതിയ സിനിമ തുടങ്ങാൻ ഇരിക്കേയാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതിക്കാരിക്ക് പിന്നിൽ ബ്ലാക്മെയിലിംഗ് സംഘം ഉണ്ടോ എന്ന സംശയമുണ്ടെന്നും സംവിധായകൻ പറയുന്നു.
ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് ഒമർ ലുലു സംവിധായകനായി അരങ്ങേറുന്നത്. ചങ്ക്സ് ആയിരുന്നു ഒമറിന്റെ രണ്ടാമത്തെ ചിത്രം. ഒരു അഡാറ് ലൗ എന്ന ഒമർ ലുലുവിന്റെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒമറിന്റെ നല്ല സമയം എന്ന ചിത്രം നേരത്തേ വലിയ വിവാദങ്ങൾക്ക് കാരമമായിരുന്നു. സിനിമയിലൂടെ എം ഡി എം എയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് കോഴിക്കോട് എക്സൈസ് കേസെടുക്കുകയായിരുന്നു. തുടർന്ന് റിലീസ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം തിയേറ്ററുകളിൽ നിന്നും സിനിമ പിൻവലിക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലും ഒമർ ലുലു മത്സരാർത്ഥിയായിട്ടുണ്ട്.












Click it and Unblock the Notifications