Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവനടന്‍മാര്‍ക്ക് ചോദിക്കുന്ന പ്രതിഫലം കൊടുക്കേണ്ട, ചെലവ് കൂട്ടുന്ന സംവിധായകനെ വിലക്കണം: വേണു കുന്നപ്പിള്ളി

കൊച്ചി: മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ പോലും ഭൂരിഭാഗം മലയാളം സിനിമകള്‍ക്കും സാധിക്കുന്നില്ല എന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് നിര്‍മാതാക്കളുടെ സംഘടന വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ രണ്ട് കോടി ബജറ്റില്‍ തീര്‍ക്കേണ്ട സിനിമ സംവിധായകന്റെ പിടിവാശി മൂലം 20 കോടിയിലേക്ക് എത്തിയതായും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് വേണു കുന്നപ്പിള്ളി.

നഷ്ടം വരുത്തിയ സിനിമകളുടെ നായകനും സംവിധായകനുമെല്ലാം വീണ്ടും വലിയ സിനിമകള്‍ക്ക് അവസരം ലഭിക്കുന്നുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. യാതൊരു നീതീകരണവുമില്ലാത്ത രീതിയില്‍ സിനിമയുടെ ചിലവുകള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയാണ് എന്നും വേണു കുന്നപ്പിള്ളി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...

Venu Kunnappilly

ചില കൊടൂര ചിന്തകള്‍:

സിനിമയുടെ ജയപരാജയങ്ങളെ കുറിച്ചും, നഷ്ട ലാഭങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകളുമായി മുന്നോട്ടുപോകുന്ന സമയമാണിത്. സിനിമാ അസോസിയേഷന്‍ ഏതാനും ദിവസം മുന്നേ പുറത്തുവിട്ട ആധികാരികമായ വിവരങ്ങള്‍, ആശ്ചര്യ ജനഗവും, ഞെട്ടിക്കുന്നതുമാണ്. വര്‍ഷങ്ങളായി നഷ്ടത്തിലോടുന്ന മലയാള സിനിമാ വ്യവസായിരത്തിലേക്ക് അറിഞ്ഞും ,അറിയാതേയും വീണ്ടും വീണ്ടും നിര്‍മിതാക്കള്‍ എത്തിക്കൊണ്ടേയിരിക്കുന്നു.

എന്തായിരിക്കാമിതിന് കാരണം? യാതൊരു നീതീകരണവുമില്ലാത്ത രീതിയില്‍ സിനിമയുടെ ചിലവുകള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ഒരു സിനിമയുടെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ഏകപക്ഷീയമായി ഏറ്റെടുക്കുന്നു നായകനടന്മാര്‍, പരാജയത്തില്‍ ഞാനൊന്നും അറിഞ്ഞില്ലേ, ഞാനീ നാട്ടുകാരനല്ല എന്ന രീതിയില്‍ അടുത്ത സിനിമയിലേക്ക് വീണ്ടും ശമ്പളം കൂട്ടി ഓടിമറയുന്നു.

ഇല്ലാകഥകള്‍ പറഞ്ഞ് നിര്‍മിതാവിനെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകനോ എഴുത്തുകാരനോ, കബളിപ്പിക്കപ്പെട്ട പാവപ്പെട്ട പ്രൊഡ്യൂസറെ ദുരിതത്തിലേക്ക് തള്ളിവിട്ട് ,അടുത്ത സിനിമയുടെ പുറകേ പോകുന്നു. കഴിഞ്ഞ ദുരന്ത സിനിമയുടെ ഇല്ലാത്ത ലാഭ കഥകള്‍ പറഞ്ഞ് ,പുതിയൊരാള്‍ക്ക് വേണ്ടിയുള്ള വേട്ടയാരംഭിക്കുന്നു. സ്വന്തം കീശയില്‍ കാശ് കിടക്കുമ്പോള്‍ സ്വതന്ത്രമായി എന്തു തീരമെടുക്കാനും നിര്‍മ്മിതാവിന് അവസരമുണ്ട്.

ആ അവസരം നഷ്ടപ്പെടുത്തി പിന്നെ ദുഃഖിച്ചിട്ട് എന്തുകാര്യം. ദുരന്ത സിനിമകള്‍ ഏറെയും സമ്മാനിക്കുന്ന യുവകുമാരന്മാര്‍ എത്ര ശമ്പളം വേണമെങ്കിലും ചോദിച്ചോട്ടെ. അവര്‍ വന്നു തട്ടിപ്പറിച്ചു കൊണ്ടുപോകുന്നില്ലല്ലോ? കൊടുക്കാന്‍ പറ്റാത്ത ശമ്പളം കൊടുക്കാതിരിക്കുക, സിമ്പിള്‍ സിനിമയില്‍ ജൂനിയറായ ആര്‍ട്ടിസ്റ്റുകളും, പിന്നണി പ്രവര്‍ത്തകരും അധ്വാനത്തിന് ആനുപാതികമല്ലാത്ത ചെറിയ ശമ്പളം കൈപ്പറ്റുമ്പോള്‍, ഒരു നീതീകരണവുമില്ലാതെ ഭൂരിഭാഗവും കൈക്കലാക്കുന്നത് മേല്‍പ്പറഞ്ഞ ആളുകളാണ്.

ഇല്ലാ കഥകള്‍ പറഞ്ഞൊരു സിനിമ തുടങ്ങിയിട്ട് പിന്നെ നെറുകേടിന്റെ നേര്‍ചിത്രമാണ് പലപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. ബഡ്ജറ്റിന്റെ പത്തു പതിനഞ്ചു ശതമാനം ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമാണ്. എന്നാല്‍ 100 ,300% വരെ ചിലവ് കേറുമ്പോഴും സന്തോഷവാനായി ഒരു കൂസലുമില്ലാതെയിരിക്കുന്ന സംവിധായകനെ എന്തു പറയാനാണ്?? ഇവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനോ, അല്ലെങ്കില്‍ പുതിയതായി വരുന്ന നിര്‍മ്മിതാക്കളോട് ഇവരുടെ വീരഗാഥകള്‍ പറഞ്ഞുകൊടുക്കാനോ അസോസിയേഷനുകള്‍ക്ക് സാധിക്കില്ലേ??

കൊടൂര നഷ്ടം വരുത്തിയ സിനിമകളുടെ നായകനും ,ഡയറക്ടറുമെല്ലാം വീണ്ടും വീണ്ടും അതിലും വലിയ സിനിമകള്‍ ചെയ്യുന്ന കാണുമ്പോള്‍ സത്യത്തില്‍ അമ്മേമ്മേ! എന്ന് വിളിച്ചു പോകുന്നു.. എത്ര നഷ്ടമായാലും നിര്‍മ്മിതാവിനെ കൊന്നു കൊല വിളിച്ചാണ് ഇവര്‍ മുന്നോട്ടു പോകുന്നത്.. സിനിമ തുടങ്ങിയാല്‍ പിന്നെ ഇവരുടെ ചെലവുകള്‍ക്ക് പരിധികളില്ല... ഒരുമാതിരി ദത്തെടുത്ത പോലെയാണ് പിന്നെത്തെ കാര്യങ്ങള്‍??

ബിസിനസ് ക്ലാസില്‍ നിന്ന് ഫസ്റ്റ് ക്ലാസിലേക്കും, തരം കിട്ടിയാല്‍ പൈലറ്റിന്റെ സൈഡില്‍ പോലും ഇരിക്കാനവര്‍ ആവശ്യ പെട്ടേക്കാം?? ഫൈസ്റ്റാര്‍ ഹോട്ടലിലെ സൂട്ട്‌റൂം ,ഏറ്റവും മുന്തിയ കാറുകളും ഫൈസ്റ്റാര്‍ ഭക്ഷണവുമെല്ലാം ഇവരുടെ ചെറിയ ആവശ്യങ്ങള്‍ മാത്രം. സിനിമയെടുക്കാന്‍ വരുന്ന നിര്‍മ്മിതാക്കള്‍ അത് തുടങ്ങുന്നതിനു മുന്നേ കണ്ണീച്ചോരയില്ലാത്ത ഇതുപോലുള്ളവരെ പറ്റി ഒരു ചെറിയ അന്വേഷണം നടത്തിയാല്‍ നഷ്ട സ്വര്‍ഗത്തിലേക്കുള്ള പോക്ക് കുറക്കാനാകുമെന്നാണ് തോന്നുന്നത്.

മലയാള സിനിമയുടെ നഷ്ട കണക്കുകള്‍ പറഞ്ഞു പരിതപിക്കുമ്പോള്‍ ,കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന സംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ തന്നെയാണ് പലപ്പോഴുമീ തോന്നിവാസങ്ങള്‍ക്ക് കുടപിടിക്കുന്നത്. സ്വന്തം താല്പര്യങ്ങള്‍ക്കൊപ്പം, സിനിമാ വ്യവസായത്തിന്റെ ഉന്നമനത്തിനുമിവര്‍ പ്രാധാന്യം കൊടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+