'എന്നിലെ റഹ്മാൻ ഫാൻ മരിച്ചു, ഭയങ്കര മോശമായി പോയി'; എആർ റഹ്മാൻ ഷോ സംഘാടകർക്കെതിരെ ആരാധകർ
എആർ റഹ്മാന്റെ സംഗീത പരിപാടിയുടെ സംഘാടനത്തിനെതിരെ രൂക്ഷവിമർശനവുമായി ആരാധകർ. ഞായറാഴ്ച ചെന്നൈയിലെ ആദിത്യ രാം പാലസിൽ നടന്ന 'മറക്കുമാ നെഞ്ചം' എന്ന സ്റ്റേജ് പരിപാടിക്കെതിരെയാണ് ആരാധകർ രംഗത്തെത്തിയിത്. ആയിരങ്ങൾ മുടക്കി ടിക്കറ്റെടുത്തിട്ടും പരിപാടി നടന്ന പരിസരത്തേക്ക് കയറാൻ സാധിക്കാത്തതിന്റെ അമർഷമാണ് ആരാധകർ പങ്കുവെയ്ക്കുന്നത്. ഇത്രയും മോശമായ സംഘാടനം ഒരു പരിപാടിയിലും ഉണ്ടായിട്ടില്ലെന്ന് ഇവർ പറയുന്നു. എസിടിസി ഇവന്റ്സിനായിരുന്നു പരിപാടിയുടെ സംഘാടന ചുമതല.
അമ്പതിനായിരത്തോളം പേരെങ്കിലും ടിക്കറ്റ് വാങ്ങി പരിപാടിക്കെത്തിയെങ്കിലും കടുത്ത തിക്കിലും തിരക്കിലും പെട്ട് പലർക്കും പരിപാടി നടക്കുന്ന വേദിക്ക് അരികിലേക്ക് പോലും എത്താൻ സാധിച്ചില്ലെന്നാണ് ആരാധകരുടെ വിമർശനം. ഗോൾഡൻ ടിക്കറ്റെടുത്തവർക്ക് പോലും സംഗീത നിശ നടക്കുന്നിടത്തേക്ക് അടുക്കാൻ പോലും കഴിഞ്ഞില്ലെന്ന് ആരാധകർ പരാതിപ്പെടുന്നു.

'ഗോൾഡൻ ടിക്കറ്റാണ് എടുത്തത്. കുടുംബം മുഴുവനും ഉണ്ട്. നാല് മണിക്കൂറോളം യാത്ര ചെയ്താണ് ഇവിടെ എത്തിയത്. എന്നിട്ട് കയറാൻ പോലും സാധിച്ചില്ല', ആരാധകരിൽ ഒരാൾ പറഞ്ഞു. 'വഞ്ചിക്കപ്പെട്ടെന്ന തോന്നലിലാണ് ഞങ്ങൾ. കുറഞ്ഞപക്ഷം മനുഷ്യത്വം കാണിക്കണം. 30 വർഷമായി എആർ റഹ്മാന്റ ആരാധകനാണ്. ആ ആരാധകൻ ഇന്ന് മരിച്ചു. സ്റ്റേജിലെ പെർഫോർമർക്ക് മറ്റ് ഭാഗത്ത് എന്താണ് നടക്കുന്നതെന്ന് കാണാൻ പോലും കഴിയുന്നില്ല', എആർ റഹ്മാനെ ടാഗ് ചെയ്ത് കൊണ്ട് ഒരാൾ ട്വിറ്റിൽ കുറിച്ചു.
ഇത്രയും മോശമായ രീതിയിൽ എആർ റഹ്മാൻ ഷോ സംഘടിപ്പിച്ചതായി അറിയില്ലെന്നും എസിടിസി ഈവന്റുസമായി സഹകരിച്ച് റഹ്മാൻ തന്റെ വിശ്വാസ്യതയെ തന്നെ നശിപ്പിക്കുകയാണെന്ന വിമർശനവും ചിലർ ഉയർത്തി. പരിപാടിയ്ക്ക് പങ്കെടുക്കാനാകാത്തവർ തിരിച്ച് പോകരുതായിരുന്നുവെന്നും പ്രതിഷേധം തീർക്കുകയായിരുന്നു വേണ്ടതെന്നുമായിരുന്നു ആരാധകരിൽ ചിലർ ചൂണ്ടിക്കാട്ടിയത്. അനുവദനീയമായതിലും കൂടുതൽ ടിക്കറ്റുകൾ വിറ്റതാണ് ഇത്രയും തിരക്ക് അനുഭവപ്പെടാൻ കാരണമായതെന്ന വിമർശനവും ആരാധകർ ഉയർത്തുന്നുണ്ട്.
ആഗസ്റ്റ് 12 നായിരുന്നു നേരത്തേ പരിപാടി നടത്താനിരുന്നത്. വിദേശത്ത് നിന്നടക്കം അന്ന് പരിപാടിയിൽ പങ്കെടുക്കാൻ ആളുകൾ എത്തിയിരുന്നു. എന്നാൽ കനത്ത മഴയെ തുടർന്ന് വേദിയിൽ വെള്ളം കയറിയതായും പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി വെയ്ക്കുകയാണെന്നും സംഘാടകർ അറിയിക്കുകയായിരുന്നു. അതേസമയം ഷോ തുടങ്ങാൻ മിനിറ്റുകൾക്ക് മുൻപ് മാത്രമാണ് പരിപാടി മാറ്റിവെച്ചതിനെ കുറിച്ച് ആളുകൾക്ക് അറിയിപ്പ് ലഭിച്ചത്. ഇതോടെ അന്നും ആരാധകർ വലിയ പ്രതിഷേധം ഉയർത്തിയുരുന്നു. രാവിലെ മുതൽ പരിസരത്ത് മഴയുണ്ടായിട്ടും അവസാന നിമിഷം വരെ പരിപാടി മാറ്റുന്ന അറിയിപ്പ് നൽകാൻ കാത്തിരുന്ന സംഘാടകർക്കെതിരെ ട്വിറ്ററിലൂടെ ആരാധകർ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
ടിക്കറ്റിന് റീഫണ്ട് ലഭിച്ചേക്കുമെന്ന് കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും പരിപാടി ക്യാൻസൽ ചെയ്തിട്ടില്ലെന്നും അതിനാൽ ടിക്കറ്റ് തുക തിരിച്ച് നൽകാനാകില്ലെന്നുമായിരുന്നു അന്ന് സംഘാടകർ അറിയിച്ചത്. തുടർന്നാണ് വീണ്ടും സപ്റ്റംബർ 10 ന് പരിപാടി നടത്തിയത്. അതേസമയം സംഘാടനത്തിനെതിരെ കടുത്ത വിമർശനം ഉയരുമ്പോഴും വിഷയത്തിൽ ഇതുവരേയും പ്രതികരിക്കാൻ എആർ റഹ്മാൻ തയ്യാറായിട്ടില്ല.












Click it and Unblock the Notifications