'എന്നെ മനസ്സിലാക്കിയല്ലോ, നന്ദി അഖിൽ ബ്രോ', സ്വപ്‌നത്തിൽ ഇപ്പോള്‍ സുധിച്ചേട്ടന്‍ വരാറില്ലെന്ന് രേണു
ബിഗ് ബോസിലേക്കല്ല ഏത് പ്ലാറ്റ്ഫോമിലേക്ക് വിളിച്ചാലും പോകാൻ തയ്യാറാണെന്ന് രേണു സുധി. തന്നെ പിന്തുണച്ച് സംസാരിച്ചതിന് ബിഗ് ബോസ് വിജയിയായിരുന്ന സംവിധായകൻ അഖിൽ മാരാർക്ക് രേണു നന്ദി പറയുന്നു. സുധിച്ചേട്ടൻ തിരിച്ച് വന്നിരുന്നുവെങ്കിൽ എന്ന് ഓരോ നിമിഷവും ആഗ്രഹിക്കുന്നുവെന്നും എന്നാൽ ഇപ്പോൾ സ്വപ്നത്തിൽ പോലും വരുന്നില്ലെന്നും ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ രേണു തുറന്ന് പറഞ്ഞു.
രേണു സുധി പറയുന്നു: ബിഗ് ബോസിലേക്ക് ഇതുവരെ വിളിച്ചിട്ടില്ല. സാധ്യത ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. വിളിച്ചാല്‍ പോകും. ബിഗ് ബോസ് സ്ഥിരം കാണുന്ന ആളല്ല. ഷോട്ട്‌സ് ഒക്കെയേ കാണാറുളളൂ. പ്രഡിക്ഷന്‍ ലിസ്റ്റിലുണ്ട്. വിളിച്ചാല്‍ അതെവിടെയാണെങ്കിലും പോകും. ഏത് പ്ലാറ്റ്‌ഫോം ആണെങ്കിലും പോകാം, രേണു പറഞ്ഞു.
ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖില്‍ മാരാരുടെ പിന്തുണയ്ക്ക് രേണു നന്ദി പറഞ്ഞു. എങ്ങനെ ജീവിക്കണം എന്നുളളത് അവരുടെ തീരുമാനമാണ്. സമൂഹത്തിന് അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യാം. അവര്‍ പട്ടിണി കിടന്നാല്‍ ചെലവിന് കൊടുക്കാന്‍ വിമര്‍ശകര്‍ തയ്യാറാകുമോ. അവര്‍ ആരെയും ദ്രോഹിക്കുന്നില്ലല്ലോ എന്നാണ് ഒരു അഭിമുഖത്തില്‍ രേണുവിനെ കുറിച്ചുളള ചോദ്യത്തിന് അഖില്‍ മാരാര്‍ നല്‍കിയ ഉത്തരം.

താന്‍ പറഞ്ഞത് തന്നെയാണ് അഖില്‍ ബ്രോയും പറഞ്ഞത്. ഒരുപാട് നല്ല വ്യക്തികള്‍ തന്നെ പിന്തുണച്ച് സംസാരിച്ചിട്ടുണ്ട്. തന്നെ മനസ്സിലാക്കിയല്ലോ. അവര്‍ക്കെല്ലാം നന്ദി. താന്‍ മോഷ്ടിച്ചോ പീഡിപ്പിച്ചോ ആരുടെയെങ്കിലും കുത്തിന് പിടിച്ചോ അല്ലല്ലോ പൈസ ഉണ്ടാക്കുന്നത്. മറ്റെന്തെങ്കിലും പണി ചെയ്തുമല്ല. ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്. റൂമിനകത്തിരുന്നല്ല അഭിനയിക്കുന്നത്.
റീല്‍ ചെയ്ത് തുടങ്ങാന്‍ കാരണം, ദാസേട്ടന്‍ കോഴിക്കോടിനെ നേരത്തെ അറിയാമായിരുന്നു. ഇടയ്ക്ക് സംസാരിക്കുമായിരുന്നു. അദ്ദേഹം ഒരുദിവസം ചോദിച്ചു നമുക്കൊരു റീല്‍ ചെയ്താലോ എന്ന്. ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ അതിനായി ഒരു പാട്ട് നോക്ക് എന്ന് പറഞ്ഞു. താന്‍ നോക്കിയപ്പോള്‍ ചാന്ത് കുടഞ്ഞൊരു സൂര്യന്‍ എന്ന പാട്ട് കണ്ടു. അതേ പാട്ട് തന്നെയാണ് ദാസേട്ടന്‍ വിളിച്ചപ്പോഴും പറഞ്ഞത്. ആ റീല്‍ കേരളക്കര തകര്‍ത്തു.
ആദ്യ വിവാദം ഉണ്ടായപ്പോഴും ഇപ്പോഴത്തേത് പോലെ തന്നെയാണ് കൈകാര്യം ചെയ്തത്. സുധിച്ചേട്ടന്റെ വിയോഗത്തിന് ശേഷം കുറേ അനുഭവങ്ങള്‍ ഉണ്ടായി. താനൊരു വിധവയാണ്, സിംഗിള്‍ മദറാണ്. എന്നോട് പലരും ചോദിച്ചിട്ടുണ്ട്, രേണൂ നിന്നെ ഉണ്ടാക്കിയത് ഉരുക്ക് കൊണ്ടാണോ എന്ന്. ഞങ്ങളൊക്കെ രണ്ട് കേട്ടാല്‍ ഒന്നുകില്‍ ഉത്തരത്തില്‍ തൂങ്ങും, അല്ലെങ്കില്‍ ഈ പണി നിര്‍ത്തി പിച്ചക്കാരിയായി തെണ്ടും എന്ന്. ഞാന്‍ തളരത്തില്ല എന്ന് അവരോട് പറയും.
ഞാന്‍ ഒറ്റയ്ക്കാണ്. എനിക്ക് വേണ്ടി സംസാരിക്കാന്‍ ഞാന്‍ മാത്രമേ ഉളളൂ. ചിലപ്പോള്‍ സുധിച്ചേട്ടന്റെ ആത്മാവ് എന്റെ ഉള്ളിലുണ്ടാക്കുന്ന ഒരു ശക്തിയായിരിക്കാം. സുധിച്ചേട്ടന്‍ ഇപ്പോഴും കൂടെയുണ്ട് എന്നാണ് വിശ്വസിക്കുന്നത്. സുധിച്ചേട്ടന്‍ മരിച്ചിട്ട് ഇന്ന് വരെ ഒരു ദിവസം പോലും ഓര്‍ക്കാത്ത ദിവസമോ ആ പേര് പറയാത്ത ദിവസമോ ഇല്ല. കുറച്ച് ദിവസമായി ആ പ്രസന്‍സ് അറിയുന്നില്ല. വീട്ടില്‍ നിക്കാത്തത് കൊണ്ടാകും. സ്വപ്‌നത്തില്‍ വരാന്‍ ആഗ്രഹിക്കും. ഇത് കേള്‍ക്കുമ്പോള്‍ ആളുകള്‍ പറയും ഇവളുടെ സ്വഭാവം കൊണ്ടാണ് സ്വപ്‌നത്തില്‍ പോലും വരാത്തത് എന്ന്.
സ്വപ്‌നത്തിലൊന്നും ഇപ്പോള്‍ സുധിച്ചേട്ടന്‍ വരാറില്ല. പക്ഷേ ഭയങ്കരമായി അത് ആഗ്രഹിക്കുന്നു. സ്വപ്‌നത്തിലെങ്കിലും ഒന്ന് കണ്ട് സംസാരിക്കണം എന്ന് തോന്നി. ഒരു ദിവസം സുധിച്ചേട്ടന്റെ ഫോട്ടോയില്‍ താന്‍ ചുമ്മാ ചന്ദനം തൊട്ട് കൊടുത്തു. അതിന് ശേഷം പോയി കിടന്നുറങ്ങിയപ്പോള്‍ സുധിച്ചേട്ടനെ സ്വപ്‌നം കണ്ടു. വീട്ടിലിടുന്ന വേഷത്തില്‍, അപ്പോള്‍ തോന്നി സുധിച്ചേട്ടന്‍ തിരിച്ച് വന്നുവെന്ന്. കണ്ണ് തുറന്നപ്പോഴാണ് സ്വപ്‌നമാണെന്ന് മനസ്സിലായത്. താനുമായി 15 വയസ്സിന്റെ വ്യത്യാസമുണ്ട്. ഒരു മോളെ പോലെയാണ് സുധിച്ചേട്ടന്‍ തന്നെ നോക്കിക്കൊണ്ടിരുന്നത്. സുധിച്ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഓരോ നിമിഷവും ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ വിടവ് ആര്‍ക്കും നികത്താനാകില്ല.












Click it and Unblock the Notifications