'ഇന്‍സ്റ്റഗ്രാം നോക്കാന്‍ വിഷമമാണ്... പലസ്തീനിലെ കുട്ടികളെ പൊതിഞ്ഞു കിടത്തിയത് കാണുമ്പോള്‍...'
യുവ നടന്മാരില്‍ ഏറെ ശ്രദ്ധേയനാണ് ഷൈന്‍ നിഗം. വേഷമിട്ട സിനിമകളെല്ലാം മികച്ച വിജയം നേടുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഏറെ ചര്‍ച്ചയാകുന്ന വിഷയത്തില്‍ പോലും ഷൈന്‍ നിഗം പ്രതികരിക്കുന്നു എന്നതുതന്നെ മറ്റു താരങ്ങളില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നു. താരപ്രഭ നഷ്ടപ്പെടുമോ എന്ന് ഭയന്ന് മുതിര്‍ന്ന നടന്മാര്‍ വരെ മൗനം പാലിക്കുന്ന വിഷയത്തിലാണ് ഷൈന്‍ നിഗം അഭിപ്രായം തുറന്നുപറയുന്നതും കൈയ്യടി നേടുന്നതും.
കളമശേരി സംറ കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ഥനാ യോഗത്തിനിടെ സ്‌ഫോടനമുണ്ടായത് കേരളക്കരയെ ആകെ ഞെട്ടിച്ചിരുന്നു. എന്താണ് സംഭവിച്ചത് എന്നറിയും മുമ്പ് ചിലര്‍ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ ഏറെ വിവാദമാകുകയും പോലീസ് കേസെടുക്കുകയും ചെയ്തു. ഇതില്‍ കേന്ദ്രമന്ത്രി മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ വരെയുണ്ട്. ഈ വിഷയത്തില്‍ പക്വമായ നിലപാട് എടുത്താണ് ഷൈന്‍ നിഗം കൈയ്യടി നേടിയത്.

പുതിയ ചിത്രമായ വേലയുടെ പ്രമോഷന്റെ ഭാഗമായി മീഡിയ വണ്ണില്‍ നടത്തിയ അഭിമുഖത്തിനിടെ ഷൈന്‍ നിഗം കളമശേരി, പലസ്തീന്‍ വിഷയത്തിലുള്ള അഭിപ്രായം തുറന്നുപറഞ്ഞു. ഒരു സമൂഹമായി ജീവിക്കുന്നവര്‍ക്കിടയില്‍ നേരിയ തോതില്‍ മതപരമായ ചിന്ത കയറുന്നതായി അടുത്തിടെ കാണുന്നുണ്ട്. നമ്മുടെ നാട്ടില്‍ വലിയ വിഷയമില്ല. എന്റെ ഫാദറിന് അസുഖം കൂടിയ ഘട്ടത്തില്‍ രക്തം നല്‍കിയവര്‍ മതം നോക്കിയല്ല ചെയ്തത്...
കളമശേരിയിലെ പോലീസ് യൂണിറ്റുണ്ടായിരുന്നവര്‍, വാപ്പച്ചി പോയിരുന്ന ജിമ്മിലെ മുതലാളിയായ സിനു എന്ന ചേട്ടന്‍, ഫോര്‍ട്ട് കൊച്ചിയിലെ മനാഫ് എന്ന ഇക്ക... ഇവരെല്ലാം ഫാദറിന് രക്തം നല്‍കാന്‍ തയ്യാറായവരാണ്. ഒരു വ്യക്തിയോടുള്ള സ്‌നേഹമോ മറ്റോ ആണ് ഇവരെയെല്ലാം നന്മ ചെയ്യാന്‍ പ്രേരിപ്പിച്ചത്. എല്ലാ മതത്തിലും നന്മ ചെയ്യുന്നവരും അല്ലാത്തവരുമുണ്ടാകും. ആ രീതിയില്‍ കാണാനേ പാടില്ല. ആരെയും ഒന്നിനെയും കുറ്റപ്പെടുത്താനോ മാറ്റി നിര്‍ത്താനോ പാടില്ല...
അതാണ് തന്റെ നിലപാട്. അങ്ങനെ ഒരു സാഹചര്യത്തിലാണ് കളമശേരി വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ഇന്‍സ്റ്റഗ്രാം നോക്കാന്‍ വിഷമമാണ്. ഞാന്‍ ഫോളോ ചെയ്യുന്ന പേജുകളുടെ പ്രശ്‌നമായിട്ടാണോ എന്നറിയില്ല. പലസ്തീന്‍ വാര്‍ നടക്കുന്ന സ്ഥലത്ത് ചെറിയ കുട്ടികളെയൊക്കെ മിഠായി പൊതിഞ്ഞ പോലെ കിടത്തിയിരിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നും...
ഞാനൊരു സെന്‍സിറ്റീവ് മനുഷ്യനായതുകൊണ്ടാകാം. എന്റെ ആരുമല്ല അവരൊന്നും. എന്റെ മതമായത് കൊണ്ടാണോ എന്ന് ചോദിച്ചാല്‍ അതുമല്ല. മനുഷ്യത്വത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ പറയുന്നത്. മറ്റു രീതിയില്‍ കാണാനും പാടില്ല. ഇത്തരം രീതികളെല്ലാം മാറണം. ഒന്നുമില്ലാതെയാണ് എല്ലാവരും മരിച്ചുപോകുന്നത്. ഈ ലോകത്ത് പകയുടെ ആവശ്യമില്ല. യുദ്ധം കൊണ്ട് ആര്‍ക്കാണ് ഗുണം എന്ന് ചിന്തിക്കേണ്ട സമയമായിട്ടുണ്ട്- ഷൈന്‍ നിഗം നിലപാട് വ്യക്തമാക്കി.












Click it and Unblock the Notifications