ആരോ ദേഹത്ത് തൊടുന്നത് പോലെ തോന്നി, വീണ്ടും; എഴുന്നേറ്റ് നിന്ന് ഒരെണ്ണം പൊട്ടിച്ചു: തുറന്ന് പറഞ്ഞ് അനുമോള്‍
ടെലിവിഷന്‍ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനുമോള്‍. നിരവധി സീരിയലുകളില്‍ അഭിനയിച്ച താരം കൂടുതല്‍ ശ്രദ്ധേയമാകുന്നത് ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർമാജിക്കിലൂടെയാണ്. നടിയും സുഹൃത്തുമായ പാർവതി കൃഷ്ണയാണ് എന്നെ സ്റ്റാർമാജിക്കിലേക്ക് സജസ്റ്റ് ചെയ്തതെന്നാണ് വനിതക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അനുമോള്‍ പറയുന്നത്. അതോടൊപ്പം തന്നെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെക്കുറിച്ച് താരം അഭിമുഖത്തില്‍ തുറന്ന് പറയുന്നുണ്ട്.
തുടക്കത്തില്‍ കാര്യമായി ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും പറ്റിക്കും. ഇപ്പോഴും ആ വേദിയില്‍ എത്തിയാല്‍ അറിയാതെ കുട്ടിയായിപ്പോകും. സ്റ്റാർ മാജിക്കിലൂടെയാണ് സുരഭിയും സുഹാസിനിയും എന്ന സിറ്റ്കോമിൽ അവസരം ലഭിച്ചത്. മല്ലിക ചേച്ചിയോടൊപ്പം ടേക്ക് എടുക്കുമ്പോള്‍ ടെന്‍ഷന്‍ കാരണം തെറ്റിപ്പോകും. എന്നാല്‍ അപ്പോള്‍ തന്നെ മല്ലികാമ്മ പിന്തുണയുമായി രംഗത്ത് വരും. അതോടെ ആരും വഴക്ക് പറയില്ല. മറ്റുള്ളവരെ സഹായിക്കാനുള്ള അമ്മയുടെ മനസ്സ് എടുത്ത് പറയേണ്ടതാണ്. പിറന്നാളിനും ഓണത്തിനുമൊക്കെ മല്ലികാമ്മ നിരവധി സമ്മാനങ്ങള്‍ തരാറുണ്ടെന്നും അനുമോള്‍ പറയുന്നു.

സീരിയലുകളില്‍ അഭിനയിക്കുന്നതിനോടൊപ്പം തന്നെ ഏതാനും സിനിമകളിലേക്കും അവസരം വന്നിട്ടുണ്ട്. എന്നാല്‍ സീരിയലിന്റെ തിരക്ക് കാരണം പോകാന്‍ സാധിച്ചില്ല. എത്ര വിലപ്പെട്ടതാണ് നിരസിച്ചതെന്ന് പിന്നീടാണ് മനസ്സിലാകുന്നത്. വളരെ അടുപ്പമുള്ളവരുടെ ചില 'സ്നേഹപ്പാരകൾ' മൂലവും അവസരം നഷ്ടപ്പെട്ടിട്ടുണ്ട്. എങ്കിലും തിങ്കൾ മുതൽ വെള്ളി വരെ, കല്യാണം, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. നല്ല അവസരങ്ങള്‍ വന്നാല്‍ ഇനിയും അഭിനയിക്കുമെന്നും താരം വ്യക്തമാക്കുന്നു.
പണ്ടൊക്കെ വളരെ പാവമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ തൊട്ടാവാടി പരുവമൊക്കെ മാറി. നല്ല ധൈര്യമൊക്കെ വന്നിട്ടുണ്ട്. ഇപ്പോള്‍ ലൊക്കേഷനിലേക്കും മറ്റ് പരിപാടികളിലേക്കുമൊക്കെ ഒറ്റക്ക് തന്നെയാണ് പോകുന്നത്. ആരെങ്കിലും മോശമായി പെരുമാറിയാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്ന് അമ്മ പറയും.
മോശം അനുഭവങ്ങള്‍ പലപ്പോഴുമുണ്ടായിട്ടുണ്ട്. ഒരിക്കല്‍ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പോകുകയാണ്. രാത്രിയില്‍ ബസിലാണ് യാത്ര. മയങ്ങുന്നതിനിടെ ആരോ ദേഹത്ത് തൊടുന്നതായി തോന്നി. ആദ്യം കരുതിയത് ഉറക്കത്തിനിടെ തോന്നിയതാകും എന്നാണ്. ഉപ്രദവിക്കാന്‍ നോക്കുന്നതാണെന്ന് പിന്നീടാണ് മനസ്സിലായത്. ഒട്ടും താമസിക്കാതെ എഴുന്നേറ്റ് ഒരു അടി വെച്ചുകൊടുത്തു.
ആ സംഭവമുണ്ടായിട്ടും ബസിലെ കണ്ടക്ടർ അടക്കം വിട്ടുകളഞ്ഞേക്കു എന്ന രീതിയിലാണ് സംസാരിച്ചത്. എന്നാല്‍ അയാളെ അപ്പോള്‍ തന്നെ ബസ്സില്‍ നിന്നും ഇറക്കിവിടണം എന്ന് ഞാന്‍ വാശിപിടിച്ചു. ഒടുവില്‍ അയാളെ വഴിയിൽ ഇറക്കിയശേഷമാണ് ബസ് മുന്നോട്ടു പോയത്.എന്തെങ്കിലും അതിക്രമം നേരിടേണ്ടി വന്നാല്‍ അപ്പോള്‍ പ്രതികരിക്കണം. അല്ലാതെ മിണ്ടാതിരുന്നിട്ടോ വിഡിയോ എടുത്തു സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടോ കാര്യമില്ല. അടി വേണ്ടിടത്ത് അടി എന്നത് തന്നെയാണ് തന്റെ നിലപാടെന്നും താരം 'വനിത'യോട് വ്യക്തമാക്കി.












Click it and Unblock the Notifications