രണ്‍ജി പണിക്കരുടെ വിലക്ക് നീക്കി ഫിയോക്ക്; സിനിമ പ്രദര്‍ശിപ്പിക്കും, ധാരണ ഇങ്ങനെ
കൊച്ചി: നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. രണ്‍ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിര്‍മാണ കമ്പനി തിയേറ്ററുടമകള്‍ക്ക് കുടിശ്ശിക നല്‍കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ ദിവസം വിലക്ക് ഏര്‍പ്പെടുത്തിയത്. കുടിശിക തീര്‍ക്കും വരെ രണ്‍ജി പണിക്കരുടെ സിനിമകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി എന്നായിരുന്നു ഫിയോക്ക് അറിയിച്ചത്.
ഏഴ് വര്‍ഷം മുമ്പ് വിതരണം ചെയ്ത സിനിമയുടെ മുന്‍കൂര്‍ തുകയായ 30 ലക്ഷം രണ്‍ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിര്‍മാണ കമ്പനി നല്‍കാനുണ്ട് എന്നായിരുന്നു ഫിയോക് പറഞ്ഞിരുന്നത്. ഇത് കുടിശ്ശിക ആയതോടെയാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഈ തുക തവണകളായി നല്‍കാം എന്ന് രണ്‍ജി പണിക്കര്‍ ഉറപ്പ് നല്‍കിയതായി ഫിയോക് പ്രസിഡന്റ് കെ. വിജയകുമാര്‍ അറിയിച്ചു.

വിലക്കിനെ തുടര്‍ന്ന് രണ്‍ജി പണിക്കര്‍ അഭിനയിക്കുന്ന 'എ രഞ്ജിത് സിനിമ' എന്ന പുതിയ ചിത്രം റിലീസ് ചെയ്യേണ്ട എന്ന് ഫിയോക് തീരുമാനിച്ചിരുന്നു. മാത്രമല്ല രണ്‍ജി പണിക്കര്‍ അഭിനയിച്ചതോ നിര്‍മ്മിച്ചതോ സഹകരിച്ചതോ ആയ സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ട എന്നും തിയേറ്ററുടമകള്‍ തീരുമാനിച്ചിരുന്നു. അതേസമയം പ്രശ്‌നം അവസാനിച്ചതോടെ 'എ രഞ്ജിത് സിനിമ' തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.
ഡിസംബര്‍ എട്ടിനാണ് ഈ ചിത്രം തിയേറ്ററുകളിലെത്തുക. ഇതാദ്യമായല്ല രണ്‍ജി പണിക്കര്‍ക്ക് സിനിമയില്‍ വിലക്കേര്‍പ്പെടുത്തുന്നത്. ഇതേ പ്രശ്‌നത്തിന്റെ പേരില്‍ ഫിയോക്ക് മുന്‍പും താരത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് രണ്‍ജി പണിക്കര്‍ പ്രധാനവേഷത്തിലെത്തിയ സെക്ഷന്‍ 306 ഐപിസി എന്ന ചിത്രം ഏപ്രില്‍ എട്ടിന് റിലീസ് ചെയ്യുകയും ചെയ്തിരുന്നു. മലയാള സിനിമയില്‍ ചെറിയ ഇടവേളക്ക് ശേഷമാണ് വീണ്ടും വിലക്ക് വിവാദം ഉടലെടുക്കുന്നത്.
നേരത്തെ നടന്‍മാരായ ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ലൊക്കേഷനുകളിലെ അച്ചടക്കമില്ലാത്ത പെരുമാറ്റം ആരോപിച്ചായിരുന്നു ഇരുവര്‍ക്കും സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തത്. എന്നാല്‍ പിന്നീട് ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരായ വിലക്ക് സംഘടനകള്‍ നീക്കുകയായിരുന്നു.
ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ക്ഷമാപണം നടത്തി കത്ത് നല്‍കുകയും രണ്ട് ചിത്രങ്ങള്‍ക്കായി വാങ്ങിയ അഡ്വാന്‍സ് തുക തിരികെ നല്‍കുകയും ചെയ്തു. ഷെയ്ന്‍ നിഗമാകട്ടെ അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തില്‍ വിട്ടുവീഴ്ച ചെയ്തും പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു.












Click it and Unblock the Notifications