'ടൊവിനോയ്ക്ക് നാല് സിനിമകളിൽ നിന്ന് പ്രതിഫലമായി ലക്ഷങ്ങൾ ഇനിയും കിട്ടാനുണ്ട്'; സന്തോഷ് ടി കുരുവിള
മലയാള സിനിമയിലെ നിർമ്മാതാക്കൾ വലിയൊരു സമരത്തിന് കോപ്പു കൂട്ടുകയാണ്. താരങ്ങളുടെ പ്രതിഫലത്തിലെ പ്രശ്‌നങ്ങളും വൻ ബജറ്റിൽ വരുന്ന ചിത്രങ്ങൾ പോലും പരാജയപ്പെടുന്നതും ഒക്കെ ചൂണ്ടിക്കാട്ടിയാണ് അവർ സമരത്തിന് ഒരുങ്ങുന്നത്. ഫിലിം ചേംബർ ഉൾപ്പെടെ സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചെങ്കിലും താര സംഘടനയായ അമ്മ വിഷയത്തിൽ പ്രതികൂല നിലപാടാണ് അടുത്തിടെ അറിയിച്ചത്.
പ്രതിഫലം കുറയ്ക്കണമെന്ന നിർമ്മാതാക്കളുടെ സംഘടനയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് അവർ പറയുന്നത്. സമരത്തിനെ ഒരു തരത്തിലും പിന്തുണയ്ക്കില്ലെന്നും അവർ പറയുന്നു. സംവിധായകരുടെ കൂട്ടായ്‌മയും സമരത്തിന് എതിരാണ്. മേഖലയെ ഒന്നാകെ സ്‌തംഭിപ്പിച്ചു കൊണ്ടുള്ള സമരം സാധ്യമല്ലെന്ന് അവരും പറയുന്നു. സമരത്തിന് എതിരെ നിൽക്കുന്നവരിൽ നിർമ്മാതാക്കളിൽ ചിലരുമുണ്ട്.

അതിൽ മുൻനിരയിൽ ഉള്ള വ്യക്തിയാണ് പ്രമുഖ നിർമ്മാതാവായ സന്തോഷ് ടി കുരുവിള. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള അദ്ദേഹം തുടക്കം മുതൽ സമരത്തിനെ എതിർക്കുകയാണ്. എന്നാൽ നിർമ്മാതാക്കളുമായി ഭിന്നത ഒന്നുമില്ലെന്നും സമരം അനാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നടീ നടന്മാരുടെ പ്രതിഫലം കുറയ്ക്കാൻ പറയുന്നതിൽ യുക്തി ഇല്ലെന്നും അദ്ദേഹം പറയുന്നു. ടൊവിനോ തോമസിന് നാലോളം ചിത്രങ്ങളിൽ പ്രതിഫലം ഇനിയും കിട്ടാൻ ബാക്കിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
സന്തോഷ് ടി കുരുവിളയുടെ വാക്കുകൾ
ഞാനും വിദ്യാർത്ഥി രാഷ്ട്രീയം പയറ്റിയ ആളാണ്, നീണ്ട സമരങ്ങളും സത്യഗ്രഹങ്ങളും ചെയ്‌ത ആളാണ്. പക്ഷേ ഇതൊരിക്കലും അങ്ങനെയല്ല. ഒരുപാട് പേരുടെ ജീവിതമാണ് ഈ ഇൻഡസ്ട്രി. എന്റെ കൂടെ യാത്ര ചെയ്യുമ്പോൾ ഡ്രൈവർ പോലും പറയാറുണ്ട് ദിവസവേതനക്കാരുടെ ബുദ്ധിമുട്ടുകൾ. എല്ലാവരും വിചാരിക്കുന്നത് നല്ല സുഖമുള്ള ജോലിയാണെന്നാണ്. സമരം വലിയൊരു വിഭാഗത്തെ ദാരിദ്ര്യത്തിലേക്ക് കൊണ്ടുപോവും.
ഈ സമരം കൊണ്ട് നേടിയെടുക്കാൻ കഴിയുന്ന ആവശ്യങ്ങൾ ഒന്നുമില്ല. താരങ്ങളുടെ പ്രതിഫലം സമരം നടത്തിയാൽ അവർ കുറയ്ക്കുക ഒന്നുമില്ല. വിനോദ നികുതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പരിഹാരം ഉണ്ടാവുമെന്ന് വിശ്വസിക്കാം. കഴിഞ്ഞ ദിവസവും ഇതിന്റെ യോഗങ്ങൾ നടന്നിരുന്നു. നിർമ്മാതാവ് എന്ന നിലയിൽ താരങ്ങളുടെ ശമ്പളം കുറഞ്ഞാൽ നല്ലതെന്ന് ഞാനും കരുതും, പക്ഷേ ഒരു താരവും നിർമ്മാതാവിന്റെ പിന്നാലെ നടക്കാറില്ല, മറിച്ചാണ് സംഭവിക്കുന്നത്.
അവരെ വേണ്ടെന്ന് വച്ച് മറ്റുള്ളവരെ നോക്കാവുന്നതാണ്. നിർമ്മാതാവിന് വലിയ താരങ്ങൾ ഇല്ലാതെ എടുക്കാൻ തീരുമാനിക്കാമല്ലോ, അതിന് ധൈര്യം വേണം. എന്റെ സിനിമയുടെ ബജറ്റ് ആണെങ്കിൽ പോലും മറ്റൊരാൾ പറയുന്നത് എനിക്ക് ഇഷ്‌ടപ്പെടണം എന്നില്ല. അതുപോലെ ഒരു പ്രശ്‌നം ആയിരിക്കാം ആന്റണി ചേട്ടനും സുരേഷ് കുമാർ ചേട്ടനും തമ്മിലുള്ളത്. അവരൊക്കെ നല്ല അടുപ്പത്തിലുള്ള ആളുകളാണ്.
താരങ്ങളെ നമ്മൾ ബഹുമാനത്തോടെ കാണണം, ഗിവ് റെസ്പെക്റ്റ് ടേക്ക് റെസ്പെക്റ്റ് എന്നാണല്ലോ. എനിക്ക് ഒരു താരത്തിൽ നിന്നും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. നാലോളം ചിത്രങ്ങളിൽ ടൊവിനോയ്ക്ക് ഇനിയും പൈസ കിട്ടാനുണ്ട്. നാരദനിൽ എനിക്ക് തോന്നുന്നു ടൊവിനോയ്ക്ക് 30 ലക്ഷം കൊടുക്കാനുണ്ട്. നീല വെളിച്ചത്തിൽ ടൊവിനോയ്ക്ക് പത്ത് നാൽപ്പത് ലക്ഷം രൂപ ഇനിയും കൊടുക്കാനുണ്ട്. നടികർ തിലകത്തിലും ഐഡന്റിറ്റിയിലും ഒക്കെ പണം കിട്ടാനുണ്ട്.












Click it and Unblock the Notifications