സിനിമയിലല്ല രാഷ്ട്രീയത്തില്‍ ഒന്നിക്കാന്‍ കമലും വിജയിയും: വന്‍ നീക്കം? ചർച്ചകള്‍ ഇങ്ങനെ
ചെന്നൈ: സിനിമയും രാഷ്ട്രീയവും ഇഴചേർന്ന് കിടക്കുന്ന തമിഴ്നാട്ടില്‍ നിന്നും മറ്റൊരു സൂപ്പർതാരം കൂടി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ദളപതി വിജയ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാർട്ടിയുടെ രൂപവത്കരണത്തിനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന്റെ ഭാഗമായി 200-ഓളം അംഗങ്ങളുള്ള ജനറല്‍ കൗണ്‍സില്‍ യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു.
പാർട്ടിയുടെ അധ്യക്ഷനായി വിജയ് തിരഞ്ഞെടുക്കപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവരു നിയമനത്തിനും പാര്‍ട്ടി കേന്ദ്ര എക്‌സിക്യുട്ടീവ് കമ്മിറ്റിക്കും ജനറല്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. പാർട്ടിയുടെ പേര് ഉള്‍പ്പെടേയുള്ള കാര്യങ്ങള്‍ ഉടന്‍ തീരുമാനിക്കും.

ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍പിലുണ്ടെങ്കിലും 2026 ലെ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ് മുന്‍ നിർത്തിയാകും വിജയ് തന്റെ പാർട്ടിയെ ചലിപ്പിക്കുക. വിജയ് ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെയാണ് രാഷ്ട്രീയപാർട്ടിയായി മാറ്റുന്നത്. പാർട്ടി രൂപീകരിച്ചാലുടന്‍ വിജയ് മൂന്നാം മുന്നണി രൂപീകരിക്കുമെന്നും സൂചനയുണ്ട്.
ഡി എം കെ, അണ്ണാ ഡി എം കെ, ബി ജെ പി ഇതര പാർട്ടികളെയാണ് വിജയ് തന്റെ സഖ്യത്തിലേക്ക് ലക്ഷ്യം വെക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സീറ്റില്‍ പ്രതീക്ഷയർപ്പിക്കുന്ന കമല്‍ ഹാസനും വിജയിയുടെ നീക്കങ്ങളുടെ ശ്രദ്ധാപൂർവ്വമാണ് നോക്കികാണുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ വിജയിയുടെ പിന്തുണ കമല്‍ പ്രതീക്ഷിക്കുന്നുണ്ട്.
ഡി എം കെ സഖ്യത്തില്‍ സി പി എം കഴിഞ്ഞ തവണ മത്സരിച്ച് വിജയിച്ച സീറ്റാണ് കോയമ്പത്തൂർ. ഈ സാഹചര്യത്തില്‍ കോയമ്പത്തൂർ സീറ്റ് നല്‍കികൊണ്ട് കമലിനെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ ഡി എം കെ ശ്രമിച്ചേക്കില്ല. ഈ സാഹചര്യത്തില്‍ വിജയിയുടെ പിന്തുണ ലഭിച്ചാല്‍ കോയമ്പത്തൂരില്‍ കമല്‍ മികച്ച പ്രകടനം നടത്തിയേക്കും. ഡി എം കെയും കോണ്‍ഗ്രസും സഹകരിച്ചില്ലെങ്കില്‍ കമല്‍ കോയമ്പത്തൂരില്‍ മത്സരിക്കുമോയെന്ന കാര്യവും സംശയകരമാണ്.
സാധ്യതകള്‍ വളരെ വിദൂരമാണെങ്കിലും കോണ്‍ഗ്രസിന് ഡി എം കെ സഖ്യം ഉപേക്ഷിക്കേണ്ടി വന്നാല്‍ അവരും വിജയ് യുമായി സഹകരിച്ചേക്കും. നേരത്തെ യു പി എ സർക്കാറിന്റെ കാലത്ത് വിജയ് കോണ്‍ഗ്രസില്‍ ചേർന്നേക്കുമെന്ന അഭ്യൂഹവും ഉണ്ടായിരുന്നു. അദ്ദേഹം രാഹുല്‍ ഗാന്ധിയുമായി അന്ന് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഡി എം ഡി കെ, പി എം കെ, തമിഴ് മാനില കോണ്‍ഗ്രസ് എന്നിവരും വിജയി രൂപീകരിക്കുന്ന പാർട്ടിയോട് സഖ്യം ചേരാന്‍ സാധ്യതയുള്ളവരാണ്. അതേസമയം, പുതിയ പാർട്ടിക്ക് തമിഴക മക്കൾ മുന്നേറ്റ കഴകം എന്ന പേരിട്ടേക്കുമെന്ന സൂചനയുമുണ്ട്. അംബേദ്ക്കർ, പെരിയാർ, കാമരാജ് തുടങ്ങിയവരുടെ ആശയങ്ങൾ ഉയർത്തി രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന താരം പ്രധാനമായും ലക്ഷ്യമിടുന്നത് പിന്നാക്ക, ദളിത്, ന്യൂനപക്ഷ വോട്ടുകളാകും.












Click it and Unblock the Notifications