'ഫോട്ടോ എടുക്കാൻ പോയപ്പോൾ കല്യാണം കഴിക്കുന്ന ആൾ എന്നെമാത്രം മാറ്റി നിർത്തി'; പൊള്ളുന്ന ഓർമ പങ്കിട്ട് സുബീഷ്
ജാതി വിവേചനം നേരിട്ട സംഭവത്തിൽ മന്ത്രിയെ പിന്തുണച്ച് പോസ്റ്റ് പങ്കുവെച്ചതിന് കടുത്ത സൈബർ ആക്രമണമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് നടൻ സുബീഷ് സുധി. ഈ സമൂഹത്തിൽ നിന്ന് ഒരുപാട് വിവേചനങ്ങളും മാറ്റിനിർത്തപ്പെടലുകളും അനുഭവിച്ച ആളെന്ന നിലയ്ക്കാണ് താൻ മന്ത്രിയെ പിന്തുണച്ചതെന്നും സമൂഹത്തിലെ നിരാലംബരായ മനുഷ്യർക്ക് വേണ്ടിയും മാറ്റി നിർത്തപ്പെട്ടവർക്ക് വേണ്ടിയും ഞാനെന്നും പ്രതികരിച്ചുകൊണ്ടേയിരിക്കുമെന്നും താരം പറഞ്ഞു. ഒരു സുഹൃത്തിന്റെ വിവാഹത്തിന് പോയപ്പോൾ നേരിട്ട പൊള്ളുന്ന ഓർമ്മയും നടൻ പങ്കിട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം.
പോസ്റ്റിന്റെ പൂർണരൂപം വായിക്കാം-' മന്ത്രി രാധാകൃഷ്ണനുമായി ബന്ധപ്പെട്ട് ഇന്നലെ ഞാനിട്ട പോസ്റ്റിന് മറുപടിയായി ഇൻബോക്സിലൂടെയും അല്ലാതെയും ഭീകരമായ തെറിവിളികളാണ് എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഞാൻ എന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നിടത്തോളം കാലം ഈ തെറിവിളികളെ ഭയക്കുന്നില്ല. കാരണം,ഞാൻ ഈ സമൂഹത്തിൽ നിന്ന് ഒരുപാട് വിവേചനങ്ങളും മാറ്റിനിർത്തപ്പെടലുകളും അനുഭവിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ്, അടുത്ത സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോൾ ഉണ്ടായ അനുഭവം ഇന്നും വേദനയോടെ മനസ്സിലുണ്ട്.

മറ്റു സുഹൃത്തുക്കളുടെകൂടെ ചെന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പോയപ്പോൾ കല്യാണം കഴിക്കുന്ന ആൾ എന്നെമാത്രം മാറ്റി നിർത്തിയത് പൊള്ളുന്ന ഓർമ്മയായി ഇന്നും നിറ്റലുണ്ടാക്കുന്നു. ചിലപ്പോൾ ഞാൻ ഉൾക്കൊള്ളുന്ന ജാതിയോ എന്റെ രൂപമോ ആയിരുന്നിരിക്കാം അയാളുടെ പ്രശ്നം. ജാതി ഭേദമന്യേ മറ്റുള്ളവരെ സ്നേഹിക്കുന്ന ഒരാളാണ് ഞാൻ. സമൂഹത്തിൽ നിന്ന് പല നിലയിൽ അകറ്റിനിർത്തപ്പെട്ട ഞാൻ സമാനമായ അനുഭവമുണ്ടായ മറ്റൊരു മനുഷ്യന്റെ വേദനയിൽ സ്വാഭാവികമായും പ്രതികരിക്കും.അത് മന്ത്രിയായതുകൊണ്ട് മാത്രമല്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെ മാത്രമല്ല. അല്ലാതെയും അവരുടെ കൂടെ നിൽക്കുന്നവനാണ് ഞാൻ.
അതുകൊണ്ട് എന്നെ തെറി വിളിക്കുന്ന സഹോദരങ്ങളോട് ഒന്നേ പറയാനുള്ളൂ. എന്നെ പിന്തുണക്കാൻ രാഷ്ട്രീയ പാർട്ടികളോ, മറ്റുള്ളവരോ ഇല്ല. സമൂഹത്തിലെ നിരാലംബരായ മനുഷ്യർക്ക് വേണ്ടിയും സമൂഹത്തിൽ മാറ്റി നിർത്തപ്പെട്ടവർക്ക് വേണ്ടിയും ഞാനെന്നും പ്രതികരിച്ചുകൊണ്ടിരിക്കും.. എനിക്കെതിരെ വാളെടുക്കുന്ന നിങ്ങൾ ആദ്യം എന്നെയൊന്ന് മനസ്സിലാക്കുക. ഒരു മനുഷ്യന് മറ്റുള്ളവന്റെ വിഷമം മനസ്സിലാക്കി അതിലിടപെടാനുള്ള, പ്രതികരിക്കാനുള്ള അവകാശം ഈ ഇന്ത്യാ മഹാരാജ്യത്തുണ്ട്. അത് ഞാൻ തുടർന്നുകൊണ്ടേയിരിക്കും' സബീഷ് പറഞ്ഞു.
ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്നായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. എന്നാൽ തന്നോട് വിവേചനം കാണിച്ചവർക്ക് ചുട്ടഭാഷയിൽ തന്നെ മറുപടി നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications