പ്യൂര്‍ട്ടോ റിക്കോയില്‍ 50,000 പേരുടെ 'ട്രംപ് വിരുദ്ധ' റാലി? പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യമെന്ത്?
അത്യന്തം ആവേശം നിറഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിനാണ് ഇത്തവണ അമേരിക്ക സാക്ഷ്യം വഹിക്കുന്നത്. ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് നാലരയോടയാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. നാളെ രാവിലെ പത്തരയോടെ ആദ്യഫല സൂചനകള്‍ വ്യക്തമാകും. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് മത്സരിക്കുന്നത്. നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസ് ആണ് ഡെമോക്രാറ്റിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.
വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സോഷ്യല്‍ മീഡിയയില്‍ എല്ലാം ട്രംപ് അനുകൂലികളും കമല ഹാരിസ് അനുകൂലികളും തമ്മില്‍ വലിയ സംവാദങ്ങളും നടക്കുന്നുണ്ട്. അതിനിടെ ന്യൂയോര്‍ക്ക് ഹൗസ് പ്രതിനിധി അലക്സാന്‍ഡ്രിയ ഒകാസിയോ-കോര്‍ട്ടെസ് തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്ക് വെച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്യൂര്‍ട്ടോ റിക്കോയിലെ ഒരു റാലിയുടെ ചിത്രമാണ് അലക്സാന്‍ഡ്രിയ ഒകാസിയോ-കോര്‍ട്ടെസ് പങ്ക് വെച്ചത്.

കമല ഹാരിസിനെ പിന്തുണച്ചുള്ള റാലിയാണ് ഇത് എന്ന അവകാശപ്പെട്ട് കൊണ്ടാണ് അലക്സാന്‍ഡ്രിയ ഒകാസിയോ-കോര്‍ട്ടെസ് ചിത്രം പങ്ക് വെച്ചത്. 50,000-ത്തിലധികം പേര്‍ പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ രണ്ടാമത്തെ വലിയ റാലിയാണ് ഇത് എന്നാണ് അലക്സാന്‍ഡ്രിയ ഒകാസിയോ-കോര്‍ട്ടെസ് അവകാശപ്പെടുന്നത്. വാഷിംഗ്ടണ്‍ ഡിസിയിലെ ദ എലിപ്സില്‍ ഹാരിസിന്റെ പ്രസംഗം കേള്‍ക്കാന്‍ 75000 പേര്‍ എത്തിയിരുന്നു, എന്നും അവര്‍ അവകാശപ്പെടുന്നു.
രാഷ്ട്രീയ പ്രകമ്പനം എന്ന വിശേഷണത്തോടെയാണ് അലക്സാന്‍ഡ്രിയ ഒകാസിയോ-കോര്‍ട്ടെസ് ചിത്രം പങ്ക് വെച്ചത്. എന്നാല്‍ ഈ ചിത്രം അലക്സാന്‍ഡ്രിയ ഒകാസിയോ-കോര്‍ട്ടെസ് അവകാശപ്പെടുന്നത് പോലെ കമല ഹാരിസിനെ പിന്തുണച്ചുള്ള റാലിയുടേതോ ട്രംപ് വിരുദ്ധ റാലിയുടേതോ അല്ല എന്നാണ് അന്വേഷണത്തില്‍ മനസിലാക്കുന്നത്. പ്രസ്തുത ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി മറ്റ് എക്‌സ് ഉപയോക്താക്കളും രംഗത്തെത്തി.
ആന്റി ട്രംപ് റാലി എന്ന് അവകാശപ്പെട്ട് അലക്സാന്‍ഡ്രിയ ഒകാസിയോ-കോര്‍ട്ടെസ് പങ്ക് വെച്ച ചിത്രം യഥാര്‍ത്ഥത്തില്‍ പ്യൂര്‍ട്ടോ റിക്കോയിലെ ഫെസ്റ്റിവല്‍ ഡി ലാ എസ്പെരാന്‍സ എന്ന ആഘോഷത്തിന്റേതാണ്. മൊവിമിയന്റൊ വിക്ടോറിയ സിയുഡാഡാന (എംവിസി), പാര്‍ടിഡോ ഇന്‍ഡിപെന്‍ഡന്റിസ്റ്റ പ്യൂര്‍ട്ടോറിക്വിനോ (പിഐപി) എന്നിവയുടെ കൊളോണിയല്‍ വിരുദ്ധ പാര്‍ട്ടികളാണ് ഇത് സംഘടിപ്പിക്കുന്നത്.
അതായത് യുഎസിന്റെ ഏതെങ്കിലും പ്രധാന പാര്‍ട്ടികളുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്ന് സാരം. എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സും പ്രസ്തുത ചിത്രം ഫെസ്റ്റിവലില്‍ നിന്നുള്ളതാണെന്ന് പറയുന്ന ഒരു കുറിപ്പ് പങ്ക് വെച്ചിട്ടുണ്ട്.

Fact Check
വാദം
പ്യൂര്‍ട്ടോ റിക്കോയില്‍ 50000 പേരുടെ ട്രംപ് വിരുദ്ധ റാലി സംഘടിപ്പിച്ചു
നിജസ്ഥിതി
പ്രചരിക്കുന്ന ചിത്രം ട്രംപ് വിരുദ്ധ റാലിയുടേതല്ല












Click it and Unblock the Notifications