മാധ്യമങ്ങള്‍ വഴിതെറ്റിയാല്‍...
അന്നു മുതല്‍ എല്ലാ വാര്‍ത്താ ഇന്റര്‍നെറ്റ് സൈറ്റുകളിലും ടെലിവിഷന്‍ ചാനലുകളിലും ദീപേന്ദ്രയെ കൊലയാളിയായി ചിത്രീകരിച്ചുകൊണ്ട് വാര്‍ത്തകള്‍ നിറഞ്ഞു. പിറ്റേന്നു രാവിലെത്തന്നെയെത്തിയ പത്രങ്ങളിലും മറിച്ചൊരു വാര്‍ത്തയുണ്ടായിരുന്നില്ല. ദീപേന്ദ്ര കൊലയാളി... രാജാവിനെയും രാജ്ഞിയെയും രാജകുമാരന്‍ വെടിവച്ചു കൊന്നു... ഇങ്ങനെ പോകുന്നു വാര്‍ത്തകള്‍. മലയാളപത്രങ്ങളും ഈ വാര്‍ത്ത പ്രാധാന്യത്തോടെ കൊടുത്തു.
കൊലയാളിയായ രാജകുമാരനെക്കുറിച്ച് മാത്രമായി ഒട്ടേറെ വാര്‍ത്തകളും വന്നു. കൊലയാളി തന്നെ പിന്‍ഗാമി എന്നാണ് മാതൃഭൂമി ദീപേന്ദ്രയെ പുതിയ രാജാവായി വാഴിച്ചതിനെക്കുറിച്ചെഴുതിയത്. മലയാള മനോരമയാകട്ടെ ദീപേന്ദ്രയുടെ ചില ഗുണഗണങ്ങളെങ്കിലും കണ്ടെത്താന്‍ തയ്യാറായി. പക്ഷെ കൊലയാളിയെന്ന് വിശേഷിപ്പിക്കാന്‍ മറന്നതുമില്ല. കവിയും സഹൃദയനുമായ രാജഘാതകന്‍ എന്നായിരുന്നു മനോരമവാര്‍ത്ത. വില്ലന്‍ നായകനായി മാറുമ്പോള്‍ എന്ന തലക്കെട്ടില്‍ എഡിറ്റോറിയല്‍ പേജില്‍ ആര്‍. പ്രസന്നന്‍ എഴുതിയ അവലോകനവും മനോരമ ചേര്‍ത്തിട്ടുണ്ട്.
പത്രങ്ങളില്‍ വന്ന ചിത്രങ്ങള്‍ക്ക് നല്‍കിയ അടിക്കുറിപ്പുകള്‍ക്കും മറ്റൊരു സ്വഭാവമുണ്ടായിരുന്നില്ല. കേരള കൗമുദിയുടെ ഒന്നാം പേജിലും എഡിറ്റോറിയല്‍ പേജിലും ദീപേന്ദ്രയുടെ ചിത്രങ്ങളുണ്ട്. തോക്കും കൈയില്‍ പിടിച്ചു നില്‍ക്കുന്ന ഒന്നാം പേജിലെ ചിത്രത്തിന് തോക്കിനെ ലാളിക്കുന്ന ദീപേന്ദ്രരാജകുമാരന്‍ എന്നാണ് അടിക്കുറിപ്പ് നല്‍കിയത്. മദ്യം കൈയിലേന്തി നില്‍ക്കുന്ന ദീപേന്ദ്ര രാജകുമാരന്റെ എഡിറ്റോറിയല്‍ പേജിലെ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പാകട്ടെ എല്ലാം അവസാനിപ്പിച്ച വികാരാവേശം എന്നും.
1












Click it and Unblock the Notifications