കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാടിന്റെ മുറിവുകള്‍ ഉണങ്ങുമോ?...2

  • By Staff
Google Oneindia Malayalam News

കേസ് അന്വേഷണവും പ്രതികളെ പിടികൂടാനുള്ള ശ്രമവും ഒരുഭാഗത്ത് നടക്കുന്നുണ്ടെന്നത് ശരിതന്നെ. പക്ഷെ ആദ്യം വേണ്ടത് വീടുവിട്ടുപോയ കുടുംബങ്ങളുടെ ഭയം അകറ്റാനുള്ള നടപടിയാണ്. രാഷ്ട്രീയനേതാക്കളും സാംസ്കാരികനായകരും ഉദ്യോഗസ്ഥന്മാരും ഒത്തുചേര്‍ന്ന് ഇതിന് ശ്രമിച്ചാലേ മാറാടിന്റെ മനസ്സ് തെളിയൂ.

കേസന്വേഷണം ഇതുവരെ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. 52 പേരെ അറസ്റ് ചെയ്തു. ഒട്ടുവളരെ ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ആരാധനാലയങ്ങളില്‍ കയറിവരെ പൊലീസ് ആയുധങ്ങള്‍ കണ്ടെത്തി. മാറാട് ജുമാമസ്ജിദ് ജില്ലാ കളക്ടര്‍ ഏറ്റെടുത്ത നടപടിയും പ്രശംസനീയം തന്നെ. ആരാധനലായങ്ങളെ ആയുധപ്പുരകളാക്കുന്നതിനെ മുസ്ലിംലീഗിന്റെ നേതാക്കള്‍ അപലപിച്ചതും നന്നായി.

എല്ലാ വര്‍ഗ്ഗീയകലാപങ്ങളില്‍ നിന്നും വളരുന്നത് ഒരു കൂട്ടര്‍ മാത്രമാണ്. രാഷ്ട്രീയക്കാര്‍. ഇക്കുറിയും മാറാടിനെ മറയാക്കി ചിലര്‍ വളരാന്‍ ശ്രമിയ്ക്കുന്നുണ്ടെന്ന വസ്തുത കാണാതിരുന്നുകൂടാ.

ഇക്കുറി കൊലചെയ്യപ്പെട്ടവര്‍ ഹിന്ദുക്കളായതിനാല്‍ ബിജെപിയും ആര്‍എസ്എസും വിഎച്ച്പിയും ആവേശത്തോടെ ഈ കൊല ഏറ്റെടുത്തിരിക്കുന്നു. കേന്ദ്രഭരണത്തിന്റെ പിന്തുണയോടെ അവര്‍ ഈ പ്രശ്നത്തെ പരമാവധി കത്തിജ്ജ്വലിപ്പിച്ച് നിര്‍ത്തുന്നു. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പോലും സ്വന്തം പാര്‍ട്ടിയെ വളര്‍ത്താന്‍ മാറാട് ഉതകുമെന്നതിനാല്‍ അല്പം വര്‍ഗ്ഗീയമായ ഭാഷയില്‍ സംസാരിക്കുന്നു. എല്ലാവര്‍ക്കും വേണ്ടത് സ്വന്തം പാര്‍ട്ടിയുടെ വളര്‍ച്ചയാണ്.

മാറാട്ട് മരിച്ചവരുടെ ചിതാഭസ്മം കേരളത്തിലെ 14 ജില്ലകളിലേയും പുണ്യതീര്‍ത്ഥങ്ങളില്‍ ഒഴുക്കുമെന്നാണ് ഹിന്ദു മുന്നണി നേതാവ് കുമ്മനം രാജശേഖരന്‍ പറയുന്നത്. ഇതിന്റെ പിന്നിലെ ഗൂഢലക്ഷ്യം ആര്‍ക്കും മനസ്സിലാവുന്നതേയുള്ളു. മാറാട്ടെ പാവങ്ങള്‍ പട്ടിണി കിടന്നപ്പോള്‍ കാണാത്ത പല നേതാക്കളേയും ഇപ്പോള്‍ അവര്‍ കാണുന്നു. പക്ഷേ അവരും ഈ രാഷ്ട്രീയ കക്ഷികള്‍ കാണിയ്ക്കുന്ന പുറം പൂച്ചില്‍ വീണുപോവുകയാണ്. അല്ലെങ്കില്‍ അവര്‍ സന്ദര്‍ശനത്തിനെത്തിയ പിണറായി വിജയനെയും പി ശങ്കരനേയും ആട്ടി പുറത്താക്കുമായിരുന്നില്ല. അടുത്ത ദിവസം ആന്റണിയെ മാത്രം സന്ദര്‍ശനത്തിന് അനുവദിയ്ക്കുമായിരുന്നില്ല.

ഈ കലക്ക വെള്ളത്തില്‍ മീന്‍ പിടിയ്ക്കാന്‍ നോക്കുന്നത് ആരാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. മാറാട്ടെ മണലില്‍ ചോര വീഴുമ്പോള്‍ മാത്രം അവിടെ എത്തുന്ന, അവരെക്കുറിച്ച് പറഞ്ഞ് വിലപിയ്ക്കുന്ന വരെ ഇവര്‍ തിരിച്ചറിയണം. അത് കുമ്മനം രാജശേഖരനോ ഒ. രാജഗോപാലോ എ. കെ. ആന്റണിയോ പിണറായി വിജയനോ പി. കെ. കുഞ്ഞാലിക്കുട്ടിയോ ആരായാലും.

രാജഗോപാലിന്റെ പ്രസ്താവനയ്ക്കെതിരെ കേരളത്തില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒറ്റക്കെട്ടായി പ്രതികരിച്ചതും ശ്രദ്ധേയമായി.

മാറാട് സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഐ.ഡി. സ്വാമി കേരള സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ട നടപടികളെ കുറ്റപ്പെടുത്തുന്നതിന് പകരം ശ്ലാഘിച്ചതും നന്നായി. ഇത് കൂടുതല്‍ ശക്തിയോടെ നടപടികളെടുക്കാന്‍ ആന്റണിയുടെ കൈകള്‍ക്ക് കരുത്തുപകര്‍ന്നേയ്ക്കും.

വര്‍ഗ്ഗീയലഹള: പ്രതികള്‍ രക്ഷപ്പെടുമ്പോള്‍....

ആയിരം നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടാലും ഒരു കുറ്റവാളി പോലും രക്ഷപ്പെടരുതെന്നതാണ് നീതിന്യായത്തിന്റെ അടിസ്ഥാനലക്ഷ്യം. രക്ഷപ്പെടുന്ന ഓരോ കുറ്റവാളിയും പകയും വിദ്വേഷവും കുറ്റവാസനയും സമൂഹത്തില്‍ വിതയ്ക്കുന്ന മറ്റൊരു വിപത്തായിമാറുന്നു എന്നതാണ് സത്യം. കേരളത്തില്‍ ഇതുവരെ നടന്ന വര്‍ഗ്ഗീയലഹളയുടെ ചരിത്രം ചികഞ്ഞാല്‍ കുറ്റവാളികള്‍ എല്ലാം രക്ഷപ്പെട്ടതിന്റെ ചിത്രമാണ് കാണാന്‍ കഴിയുക. ഈ കുറ്റവാളികളെ രക്ഷപ്പെടുത്തുന്നത് മറ്റാരുമല്ല, രാഷ്ട്രീയക്കാര്‍ തന്നെ. കാരണം ഈ കുറ്റവാളികളിലൂടെയാണ് രാഷ്ട്രീയവും രാഷ്ട്രീയക്കാരനും വളരുന്നത്.

21 വര്‍ഷം മുമ്പ് 1982ല്‍ നടന്ന തിരുവന്തപുരം ചാല കലാപം കേരളീയര്‍ക്ക് പെട്ടെന്ന് മറക്കാന്‍ കഴിയില്ല. വര്‍ഗ്ഗീയലഹളയുടെ മറവില്‍ അന്ന് സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടി. തിരുവനന്തപുരത്ത് എങ്ങും കൊള്ളയും തീവയ്പും വ്യാപകമായി. ഒടുവില്‍ പട്ടാളം രംഗത്ത് വന്നാണ് അക്രമികളെ അടിച്ചമര്‍ത്തിയത്. ചാല കലാപം കഴിഞ്ഞ് എത്ര സര്‍ക്കാരുകള്‍ മാറിമാറിവന്നു. പക്ഷെ ഇന്നുവരെ ചാല കലാപത്തിലെ പ്രതികള്‍ക്ക് കുറ്റപത്രം നല്കിയിട്ടില്ല. ആരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്നില്ല. വര്‍ഗ്ഗീയ ലഹളയുടെ ചൂടാറുമ്പോള്‍ രാഷ്ട്രീയ കക്ഷികള്‍ തന്നെ കേസുകളിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിയ്ക്കുകയാണ്.

സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി അനേകം കേസുകള്‍ പിന്‍വലിയ്ക്കുകയും ചെയ്യും. പിന്‍വലിയ്ക്കാന്‍ കഴിയാത്ത ഗുരുതരമായ കേസുകള്‍ കൈകാര്യം ചെയ്ത് വര്‍ഷങ്ങള്‍ കൊണ്ട് രാഷ്ട്രീയക്കാര്‍ നീതിപീഠത്തിന്റെ സഹായത്തോടെ ഇല്ലാതാക്കുകയും ചെയ്യും.

ഒരു വര്‍ഷം മുമ്പ് മാറാട് നടന്ന കലാപത്തിലെ പ്രതികള്‍ക്ക് കുറ്റപത്രം നല്കുന്നത് കഴിഞ്ഞ ദിവസമാണ്. ഇപ്പോള്‍ വീണ്ടും ആക്രമണം ഉണ്ടായില്ലെങ്കില്‍ ഒരു പക്ഷേ അത് ഇനിയും നീണ്ട് പോയേനെ. അന്ന് കലാപത്തില്‍ പങ്കാളികളായ ആരെയെങ്കിലും ശിക്ഷിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞോ? ഇല്ല. ഇപ്പോഴത്തെ മാറാട് കലാപത്തില്‍ പങ്കാളികളായവരെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ആന്റണി പറയുന്നു. 2002ല്‍ മാറാട് കലാപം നടന്നപ്പോഴും മുഖ്യമന്ത്രി ഇത് തന്നെ പറഞ്ഞിരുന്നു. പക്ഷെ ആരെയും ശിക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഇതെല്ലാം പറയുന്ന രാഷ്ട്രീയക്കാര്‍ തന്നെ ഈ കുറ്റവാളികളെ രക്ഷിക്കാന്‍ നാളെ രംഗത്തിറങ്ങുമെന്നുറപ്പാണ്. ഇത് തടയാന്‍ കഴിയുമോ? കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷവാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിന് കഴിയുമോ? എങ്കില്‍ ആയുധങ്ങള്‍ ഉയര്‍ത്തുന്നവര്‍ രണ്ടുവട്ടമെങ്കിലും ചിന്തിക്കും. ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പുറമെ ജുഡീഷ്യല്‍ അന്വേഷണവും നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ അന്വേഷണങ്ങളില്‍ തെളിയുന്ന വര്‍ഗ്ഗീയ വിഷത്തിന്റെ മൂലവേരുകള്‍ അറുക്കാന്‍ എല്ലാ രാഷ്ടീയകക്ഷികളും ഒറ്റക്കെട്ടായി തയ്യാറാവണം. എങ്കിലെ വര്‍ഗ്ഗീയ ശക്തികളെ കേരളത്തിന്റെ മണ്ണില്‍ നിന്ന് കെട്ടികെട്ടിക്കാന്‍ കഴിയൂ.

ഏതെങ്കിലും വ്യക്തിയെയോ രാഷ്ട്രീയ പാര്‍ട്ടികളെയോ ആക്രമിച്ച് ഒറ്റപ്പെടുത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിയ്ക്കുന്നവരെ ജനം തിരിച്ചറിയണം. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സംഭവിച്ചത് തീരാനഷ്ടമാണ്. ഈ നഷ്ടങ്ങളില്‍ നിന്ന് ഇനിയും പകയുടെ വിഷസര്‍പ്പങ്ങള്‍ പത്തിവിടര്‍ത്തിയേക്കാം. ഇത് ഇല്ലാതാക്കണം. പരസ്പരവിശ്വാസത്തിന്റേതായ ഒരു അന്തരീക്ഷം മാറാട് വീണ്ടും സൃഷ്ടിക്കാന്‍ എല്ലാവരും കൂട്ടായി ശ്രമിയ്ക്കണം. അതല്ലെങ്കില്‍ മാറാടില്‍ ഇപ്പോള്‍ വീണ കണ്ണീരില്‍ നിന്നും രക്തത്തില്‍ നിന്നും പകയുടെ വിഷസര്‍പ്പങ്ങള്‍ വളരും. അത് അടുത്ത കൂട്ടക്കുരിതയ്ക്ക് വഴിയൊരുക്കും. ഒരു പക്ഷെ മാറാട് മാത്രമായി അത് ഒതുങ്ങിനിന്നേക്കില്ല.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X