നിലമ്പൂരില്‍ പൂമ്പാറ്റകള്‍ക്ക് ഉദ്യാനം
നിലമ്പൂര്‍ താഴ്വരകളിലെ അത്യപൂര്‍വ ഇനങ്ങളില്‍പെട്ട പൂമ്പാറ്റകളെ സംരക്ഷിയ്ക്കാന്‍ മനോഹരമായ ഉദ്യാനം ഒരുങ്ങുന്നു. ഡിസംബര്‍ അവസാനത്തോടെ ഉദ്യാനത്തിന്റെ പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിയ്ക്കുന്നത്.
നിലമ്പൂരിലെ തേക്ക്മ്യൂസിയത്തിനടുത്താണ് പൂമ്പാറ്റകളുടെ ഉദ്യാനം സ്ഥാപിയ്ക്കുക. പീച്ചി കേരള വനഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ജോര്‍ജ്ജ് മാത്യുവും നിലമ്പൂരിലെ വനഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ എം. ചന്ദ്രശേഖറും ചേര്‍ന്നാണ് ഉദ്യാനം ഒരുക്കുന്നത്.
നേരത്തെ നിലമ്പൂരില്‍ പൂമ്പാറ്റകള്‍ക്കായി ഒരു ചെറു ഉദ്യാനം ഉണ്ടായിരുന്നു. ഇത് വിപുലീകരിയ്ക്കാനാണ് ഇരുവരുടെയും ശ്രമം. പൂമ്പാറ്റകളെ കൂടുതലായി ഉദ്യാനത്തിലേക്ക് ആകര്‍ഷിയ്ക്കാനുള്ള ശ്രമങ്ങളും നടത്തും.
തോട്ടത്തില്‍ പൂമ്പാറ്റകള്‍ക്ക് താല്പര്യമുള്ള ഗരുഡക്കൊടി, കൊങ്ങിണി, ചെത്തി, എരുക്ക്, പാണല്‍, കിലുക്കി, നിത്യകല്യാണി, കാട്ടുനാരകം തുടങ്ങിയ ചെടികള്‍ നട്ടുപിടിപ്പിയ്ക്കും. ഇതോടെ കൂടുതല്‍ പൂമ്പാറ്റകള്‍ ഇവിടേയ്ക്ക് ആകര്‍ഷിയ്ക്കപ്പെടും. ഓരോ വിഭാഗത്തിലും പെട്ട പൂമ്പാറ്റകള്‍ക്ക് പ്രത്യേകം പ്രത്യേകം ആവാസവ്യവസ്ഥയൊരുക്കും. പൂമ്പാറ്റകളുടെ പ്രജനനപ്രക്രിയ പൂര്‍ണ്ണമായും ഉദ്യാനത്തില്‍ നടക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ സതേണ്‍ ബേര്‍ഡ് വിംഗ് ഉള്‍പ്പെടെ 30ഓളം ഇനങ്ങളില്‍ പെട്ട പൂമ്പാറ്റകളെ ഇവിടെ വളര്‍ത്താന്‍ കഴിയുമെന്ന ് കരുതുന്നു. ബ്ലൂ മോര്‍മോണ്‍, ബ്ലൂ ടൈഗര്‍, റെഡ് ഹെലന്‍, മലബാര്‍ ട്രിനിംഫ്, പാരീസ് പീക്കോക്ക് എന്നിവയാണ് മറ്റ് കൂടുതലായുള്ള ഇനങ്ങള്‍.
കേരളവും ചിത്രശലഭങ്ങളും
ചിത്രശലഭങ്ങളുടെ കാര്യത്തില്‍ ഏറെ പ്രാധാന്യം കേരളത്തിനുണ്ട്. കേരളത്തില്‍ ഒട്ടാകെ 330ഓളം വ്യത്യസ്തങ്ങളായ ചിത്രശലഭങ്ങളുണ്ടെന്ന് കരുതുന്നു. കേരളത്തില്‍ പശ്ചിമഘട്ടനിരയോട് ചേര്‍ന്നുള്ള മഴക്കാടുകളിലാണ് ഏറ്റവും അഴകുള്ള ചിത്രശലഭങ്ങള്‍.
1767ല്‍ ഡെന്മാര്‍ക്കില്‍ നിന്നുള്ള ഡോക്ടര്‍ ജെറാര്‍ഡ് കോനിഗ് കേരളത്തില്‍ വന്നപ്പോഴാണ് ആദ്യമായി ചിത്രശലഭങ്ങളെക്കുറിച്ചുള്ള പഠനം ആരംഭിച്ചത്. കേരളത്തില്‍ 18 വര്‍ഷം ചെലവഴിച്ച അദ്ദേഹം ചിത്രശലഭങ്ങളെക്കുറിച്ച് അത്യപൂര്‍വമായ വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി. അദ്ദേഹം ശേഖരിച്ച വിവരങ്ങളനുസരിച്ച് 35ഓളം ചിത്രശലഭങ്ങള്‍ അത്യപൂര്‍വ ഇനങ്ങളില്‍ പെട്ടതാണെന്ന് കണ്ടെത്തുകയുണ്ടായി. ഇവയുടെ മാതൃക ഇപ്പോഴും കോപ്പന്‍ഹേഗനിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
നിലമ്പൂരിലും ഗൂഡല്ലൂര്‍ ഭാഗത്തും ശലഭവേട്ട വ്യാപകമായുണ്ട്. എന്നാല്‍ പുതിയ ഉദ്യാനം ശലഭങ്ങളുടെ സംരക്ഷണത്തിന് കാര്യമായി സഹായിക്കുമെന്ന് കരുതുന്നു.












Click it and Unblock the Notifications