കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്ത്യാനികളെ കാവിയുടുപ്പിയ്ക്കാന്‍ അദ്വാനി

  • By Staff
Google Oneindia Malayalam News

അദ്വാനിയുടെ ഭാരത് ഉദയ് യാത്രയുടെ പ്രകടമായ ഉദ്ദേശം എന്‍ഡിഎയുടെ കഴിഞ്ഞ നാലരവര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിയ്ക്കുകയാണ്. എന്നാല്‍ അതിന് മറ്റ് ചില ഗൂഢ ലക്ഷ്യങ്ങള്‍ കൂടെ ഉണ്ടെന്ന് കരുതേണ്ടിയിരിയ്ക്കുന്നു.

1990ലും 1997 ലും അദ്വാനി ഇത്തരത്തിലുള്ള യാത്രകള്‍ നടത്തിയിരുന്നു. എന്നാല്‍ അന്ന് അദ്വാനി ഒരു തികഞ്ഞ ഹിന്ദുത്വ വാദിയായ നേതാവായാണ് ചിത്രീകരിയ്ക്കപ്പെട്ടിരുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായാണ് ഇന്ന് അദ്വാനിയെ ബിജെപി ചിത്രീകരിയ്ക്കുന്നത്. അതുകൊണ്ടാണ് ഈ യാത്രയിലെ ഗൂഢ ഉദ്ദേശങ്ങള്‍ കൂടി ചര്‍ച്ചയ്ക്ക് വരുന്നത്. 2004 മാര്‍ച്ച് 10 നാണ് കന്യാകുമാരിയില്‍ നിന്ന് 77 കാരനായ എല്‍.കെ. അദ്വാനി ഭാരത് ഉദയ് യാത്ര തുടങ്ങിയത്. പഞ്ചാബിലെ അമൃത്സറിലാണ് ഇത് അവസാനിയ്ക്കുന്നത്.

വാജ്പേയിയ്ക്ക് പ്രായമായതിനാല്‍ അദ്വാനിയെ ബിജെപിയുടെ അടുത്ത ദേശീയ നേതാവായി ഉയര്‍ത്തിക്കാണിക്കലും യാത്രയുടെ ലക്ഷ്യങ്ങളിലൊന്നാണ്. ബിജെപിയുടെ പ്രധാന നേതാവായി എന്‍ഡിഎ ഉയര്‍ത്തിക്കാട്ടുന്നത് വാജ് പേയി ആണെങ്കിലും താന്‍ തന്നെയാണ് പാര്‍ട്ടിയുടെ അച്ചുതണ്ട് എന്ന് ഈ യാത്രയിലൂടെ അദ്വാനി നാട്ടാരോട് വിളിച്ച് ഓതുകയാണ്. ഇതിനൊപ്പം ബിജെപിയോട് അത്ര സൗഹൃദമില്ലാത്ത പ്രദേശങ്ങളില്‍ ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് അനുകൂലമായ തരംഗം ഉണര്‍ത്തലും യാത്രയുടെ ലക്ഷ്യം തന്നെ.

കേരളത്തിലെ ഹിഡന്‍ അജണ്ട

കേരളത്തിലെ രഥയാത്രയുടെ ലക്ഷ്യം ഒന്നേയുള്ളൂ: ബിജെപിയ്ക്കെതിരായ ക്രിസ്ത്യാനികളുടെ വെറുപ്പ് ഇല്ലാതാക്കുക. അവരെക്കൂടി ബിജെപിയുടെ ധാരയിലേക്ക് കൊണ്ടുവരിക. സ്വാതന്ത്യ്രലബ്ധിയ്ക്ക് ശേഷം ഇന്ന് വരെ പ്രധാനമായും കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസിനും ഒപ്പം സഞ്ചരിച്ചിരുന്ന മധ്യകേരളത്തിലെ ക്രിസ്ത്യാനികളെ കാവിയുടുപ്പിയ്ക്കാന്‍ കഴിയുമോ? ഇതാണ് അദ്വാനിയുടെ ചോദ്യം. ഇതില്‍ കേരളത്തില്‍ നിന്ന് എന്‍.ഡി.എ. സംഘത്തിലെത്തിയ മന്ത്രി പി.സി. തോമസിന് കാര്യമായ പങ്കുണ്ടെന്ന് വേണം കരുതാന്‍.

അദ്വാനിയുടെ ഭാരത് ഉദയ് യാത്ര നീങ്ങിയ മധ്യകേരളത്തിലെ വഴികള്‍ നോക്കിയാല്‍ ഇക്കാര്യം വ്യക്തം. കോട്ടയം ജില്ലയെ ആണ് കേരളത്തില്‍ യാത്ര കൂടുതല്‍ ശ്രദ്ധിയ്ക്കുന്നത്. തൃശൂരും പാലക്കാടും തമിഴ്നാട്ടിലേക്ക് കടക്കാനുള്ള വഴിയായതുകൊണ്ട് സ്പര്‍ശിയ്ക്കുന്നു എന്നേയുള്ളൂ. സാധാരണ നേതാക്കള്‍ എല്ലാം തന്നെ ഇത്തരം യാത്രകള്‍ക്ക് ദേശീയ പാത 47 ആണ് തിരഞ്ഞെടുക്കാറുള്ളത്. കന്യാകുമാരി മുതല്‍ സേലം വരെയുള്ള പാതയാണ് ദേശീയപാത 47. ഇത് തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ വഴിയാണ്പാലക്കാട് കഴിഞ്ഞ് കോയമ്പത്തൂരെത്തുന്നത്. എന്നാല്‍ എന്താണ് അദ്വാനിയുടെ യാത്രയ്ക്ക് ആ വഴി ബി.ജെ.പി. തിരഞ്ഞെടുക്കാത്തത്.

കോട്ടയത്ത് ക്രിസ്ത്യാനികള്‍ക്ക് മുന്‍തൂക്കമുള്ള തിരുവല്ല, ചങ്ങനാശേരി, കോട്ടയം, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് അദ്വാനി പ്രസംഗിച്ചത്. മൂവാറ്റുപുഴയില്‍ ഐഎഫ്ഡിപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ തോമസിന്റെ വിജയത്തിനായി നടത്തിയ പൊതുറാലിയില്‍ അദ്വാനി പ്രസംഗിച്ചു.

ബിജെപിയ്ക്ക് മാത്രമേ ഇന്ത്യയെ രക്ഷിയ്ക്കാനും വികസനം കൊണ്ടുവരാനും കഴിയൂ എന്നാണ് അദ്വാനിയ്ക്ക് ശേഷം പ്രസംഗിച്ച തോമസ് പറഞ്ഞത്. തോമസിനെക്കൊണ്ട് ഇങ്ങിനെ പ്രസംഗിപ്പിയ്ക്കാന്‍ കഴിഞ്ഞത് ബിജെപിയുടെ നേട്ടം തന്നെയാണ്. കേരളാ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് (ക്രിസ്ത്യാനികളുടെ രാഷ്ട്രീയപാര്‍ട്ടിയെന്ന് വിളിയ്ക്കാവുന്ന) തുടക്കമിട്ട പി.ടി. ചാക്കോയുടെ മകനാണ് തോമസ് എന്നത് ചരിത്രത്തിന്റെ വൈപരീത്യമാകാം.

കഴിഞ്ഞ തവണ കേരളത്തിലെ ക്രിസ്ത്യാനികളുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസി (എം)ലെ അംഗമായിരുന്നു പി.സി. തോമസ്. പക്ഷെ പിന്നീട് മാണിയുമായി ഇടഞ്ഞ്, കര്‍ഷകര്‍ക്ക് വേണ്ടി പുതിയ പാര്‍ട്ടി രൂപീകരിച്ച് പുറത്തുവരികയായിരുന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കിയ തോമസിന് കേന്ദ്രമന്ത്രിസ്ഥാനം നല്കാനും ബിജെപി മടിച്ചില്ല. ഇതോടെ മധ്യകേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ ബിജെപിയെക്കുറിച്ചുള്ള ധാരണകള്‍ മാറിത്തുടങ്ങിയിട്ടുണ്ട്. ആ ഗതിമാറ്റത്തിന് വേഗം കൂട്ടാനാണ് അദ്വാനിയുടെ യാത്രയ്ക്ക് ഈ മദ്ധ്യതിരുവിതാങ്കൂര്‍ പാത തിരഞ്ഞെടുത്തത്.

മൂവാറ്റുപുഴയില്‍ താമര വിരിയ്ക്കുക എന്നത് ബിജെപിയുടെ പ്രധാനഅജണ്ടയാണ്. ബിജെപിയെ കേരളത്തിലെ ന്യൂനപക്ഷക്രിസ്ത്യാനികള്‍ അംഗീകരിയ്ക്കുന്നു എന്നതിന് തെളിവായി മാറും മൂവാറ്റുപുഴയിലെ വിജയം. ഇത് കേരളത്തിന്റെ രാഷ്ട്രീയഗതിയില്‍ പുതിയ ഇളക്കങ്ങള്‍ ഉണ്ടാക്കുമെന്നും ബിജെപി കരുതുന്നു. പക്ഷെ മൂവാറ്റുപുഴയില്‍ തോമസിന്റെ വിജയം അത്ര എളുപ്പമല്ല. കേരള കോണ്‍ഗ്രസി(എം)ന്റെ ശക്തികേന്ദ്രമായ മൂവാറ്റുപുഴയില്‍ മാണിയുടെ മകന്‍ ജോസ് കെ. മാണിയാണ് തോമസിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി.

യാത്രയില്‍ ഉടനീളം ക്രിസ്തീയ വൈദികരും

അദ്വാനിയുടെ മധ്യകേരളത്തിലെ യാത്രയില്‍ ഉടനീളം നാല് വൈദികരുടെ സാന്നിധ്യവും ക്രിസ്തീയമനസ്സുകളില്‍ ഏറെ ചലനങ്ങള്‍ ഉണ്ടാക്കുന്നു. അദ്വാനിയുടെ രഥയാത്രയ്ക്ക് തൊട്ട് മുമ്പാണ് നാല് വൈദികര്‍ ബിജെപിയില്‍ ചേര്‍ന്നത്. അബ്രഹാം തോമസ്, തോമസ് ഡേവിഡ്, ജെ.ജെ. കൊച്ചുപറമ്പില്‍, കെ. ക്രിസ്റി ജോണ്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്ന ക്രിസ്തീയപുരോഹിതര്‍.

ഈ നാല് ക്രിസ്തീയപുരോഹിതരെയും അദ്വാനി തന്റെ രഥയാത്രയുടെ മുന്നില്‍ നിര്‍ത്തിയിരുന്നു. രഥയാത്ര കന്യാകുമാരിയില്‍ തുടങ്ങുമ്പോള്‍ ഈ പുരോഹിതരും വേദിയില്‍ ഉണ്ടായിരുന്നു. അദ്വാനി ഒരു മഹാനായ നേതാവാണെന്നും ബിജെപി അത്യപൂര്‍വസവിശേഷതകളുള്ള ഒരു പാര്‍ട്ടിയാണെന്നും കന്യാകുമാരിയില്‍ ക്രിസ്തീയപുരോഹിതനായ റവ. അബ്രഹാം തോമസ് പ്രസംഗിച്ചു. ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ പ്രസംഗവും ക്രിസ്തീയപുരോഹിതരുടെ സാന്നിധ്യവും ചില്ലറ നേട്ടമല്ല. ഇത് കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ മാറിവീശുന്ന ഒരു കാറ്റിന്റെ സൂചനയാണ്. (ഇവരെകൊണ്ട് കന്യാകുമാരിയില്‍ പ്രസംഗിപ്പിച്ചതിലും പ്രത്യേക ഉദ്ദേശമുണ്ട്. കന്യാകുമാരി ഉള്‍പ്പെടുന്ന തിരുച്ചന്തൂര്‍ ലോക്സഭാ നിയോജകമണ്ഡലത്തില്‍ ക്രിസ്ത്യാനികള്‍ കുറവല്ല.)

ഫാദര്‍ തോമസിന് ബിജെപിയെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. പറ്റുന്ന അവസരങ്ങളിലെല്ലാം അദ്വാനി ഫാദര്‍ തോമസിനും പ്രസംഗിക്കാന്‍ അവസരം കൊടുക്കുന്നുണ്ട്. ക്രിസ്ത്യാനികള്‍ തിങ്ങിക്കൂടുന്ന ഇടങ്ങളില്‍ ഈ ഫാദറിന്റെ വാക്കുകള്‍ക്ക് നല്ല സ്വീകരണമാണ്. വാജ്പേയിയുടെ ഭരണത്തെ വാനോളം പുകഴ്ത്തിക്കൊണ്ടുള്ളതാണ് ഫാദര്‍ തോമസിന്റെ പ്രസംഗം.

ബിജെപി ന്യൂനപക്ഷവിരുദ്ധപാര്‍ട്ടിയല്ലെന്നും ന്യൂനപക്ഷങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണെന്നും സ്ഥാപിയ്ക്കാന്‍ അദ്വാനി ഈ യാത്രയെ പ്രയോജനപ്പെടുത്തുന്നുണ്ട്. ക്രിസ്ത്യാനികള്‍ ഇന്ത്യയ്ക്കും കേരളത്തിനും നല്കിയ നേട്ടങ്ങളും അദ്വാനി പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ മടിയ്ക്കുന്നില്ല.

ഇതുവരെ കേരളത്തില്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാത്ത ബിജെപിയ്ക്ക് ക്രിസ്തീയസമുദായത്തില്‍ നിന്നും ലഭിയ്ക്കുന്ന പിന്തുണ പുതിയ ചരിത്രം രചിയ്ക്കാനുള്ള കരുത്താകുമോ എന്നേ ഇനി അറിയേണ്ടൂ. ഇക്കുറി കേരളത്തില്‍ താമരവിരിയും എന്ന അദ്വാനിയുടെ പ്രസ്താവന മൂവാറ്റുപുഴയെ മനസ്സില്‍ വച്ചുകൊണ്ടുള്ളതാണോ? കാത്തിരിയ്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X