Get Updates
Get notified of breaking news, exclusive insights, and must-see stories!

ബേബിക്ക് വേദിയിലും സൊള്ളാം

എം എ ബേബി ആരുമായാണ് സല്ലപിച്ചത് എന്ന് കണ്ടുപിടിക്കാന്‍ അവര്‍ക്കുണ്ടോ പാട്? സഖാക്കള്‍ അന്വേഷണം തുടങ്ങി. കണ്ടുപിടിച്ചു. റിപ്പോര്‍ട്ടും തയ്യാറായി. ചില മാധ്യമ പ്രവര്‍ത്തകരെയാണത്രേ ബേബി സഖാവ് സമ്മേളനത്തിന്റെ ബോറടിയില്‍ നിന്നും രക്ഷപെടാന്‍ വിളിച്ചു സല്ലപിച്ചത്. അതിലൊരാളായിരുന്നു ഇന്ന് പീപ്പിള്‍ ടിവിയില്‍ വാര്‍ത്താ വിഭാഗത്തിന്റെ ചുമതലക്കാരനായ എന്‍ പി ചന്ദ്രശേഖരന്‍.

അന്ന് ഇന്ത്യാ വിഷനിലുണ്ടായിരുന്ന ചന്ദ്രശേഖരനായിരുന്നു ചാനലിനു വേണ്ടി മലപ്പുറം സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയത്. റിപ്പോര്‍ട്ടെന്ന പേരില്‍ ചന്ദ്രശേഖരന്‍ ഇന്ത്യാവിഷനില്‍ വിളിച്ചു പറഞ്ഞതത്രയും ഹിമാലയന്‍ ബ്ലണ്ടറുകള്‍. ചന്ദ്രശേഖരന്റെ സിപിഎം ബന്ധത്തില്‍ യാതൊരു സംശയവുമില്ലായിരുന്ന പാവം നികേഷ് കുമാര്‍ അതത്രയും ഫ്ലാഷ് ന്യൂസുകളായി അടിച്ചു തകര്‍ത്തു.

എന്തിനേറെ, സമ്മേളനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇനമായിരുന്നു, പൊളിറ്റ് ബ്യൂറോ നിര്‍ദ്ദേശം മറികടന്ന് 12 വിഎസ് ഗ്രൂപ്പുകാര്‍ മത്സരിക്കാനിറങ്ങിയ വാര്‍ത്ത. മത്സരിച്ചത് വേറെ ആളുകള്‍. മത്സരിച്ചെന്ന് ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് ചെയ്തത് വേറെ ആളുകള്‍. ഇതില്‍പരം നാണക്കേട് ഒരു മാധ്യമത്തിന് വരാനുണ്ടോ?

പിറ്റേന്ന് ദേശാഭിമാനി ഉറഞ്ഞു തുളളി. മത്സരിക്കാത്തവരെ മത്സരിച്ചവരെന്ന് മുദ്രയടിച്ച ഇന്ത്യാവിഷനെ ചൂണ്ടിക്കാട്ടി, പാര്‍ട്ടി പത്രം കൂത്തും കൂടിയാട്ടവും നടത്തി. ഇതെന്ത് പത്രപ്രവര്‍ത്തനം എന്ന ചോദ്യത്തിന് മറുപടിയില്ലായിരുന്നു. ചുരുക്കത്തില്‍ സമ്മേളനം തീര്‍ന്നപ്പോള്‍ ഇന്ത്യാ വിഷന്‍ പ്രതിസ്ഥാനത്ത്. മത്സരിച്ചവരെ പേരു പോലും കിട്ടാത്ത ന്യൂസ് ചാനല്‍ എന്ത് ന്യൂസ് ചാനലെന്ന് പ്രേക്ഷകരും പരസ്പരം ചോദിച്ചു. ബേബിയും ചന്ദ്രശേഖരനും നിഗൂഢമായി പുഞ്ചിരിച്ചു.

തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും ഇതുപോലുളള അവസരങ്ങളില്‍ തെറ്റു പറ്റാനാണ് കൂടുതല്‍ സാധ്യതയെന്നും ചന്ദ്രശേഖരന്‍ വിശദീകരണവുമായെത്തി. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യാവിഷന്റെ ന്യൂസ് റൂമിലെത്തിയ ഹിന്ദുവിലെ ഗൗരിദാസന്‍ നായരും ഇന്ത്യന്‍ എക്സ്പ്രസിലെ മാധവന്‍ കുട്ടിയും ചര്‍ച്ചയില്‍ ഇളകിത്തുളളുന്ന ചന്ദ്രശേഖരനെ കണ്ട് അന്തം വിട്ടിരുന്നു.

മാധവന്‍കുട്ടിയെപ്പോലുളള വിഗ്രഹങ്ങളില്‍ നിന്ന് താന്‍ റിപ്പോര്‍ട്ടിംഗ് പഠിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചന്ദ്രശേഖരന്‍. പ്രസംഗം കേള്‍ക്കാനല്ല താന്‍ സ്റ്റുഡിയോയില്‍ വന്നതെന്ന് മാധവന്‍കുട്ടി. ഇരുവര്‍ക്കുമിടയിലിരുന്ന് നികേഷ് വിയര്‍പ്പു തുടച്ചു. താനീ നാട്ടുകാരനേയല്ലെന്ന മട്ടില്‍ ഗൗരീദാസന്‍ നായരുമിരുന്നു.

പാര്‍ട്ടി സമ്മേളനത്തെക്കുറിച്ച് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ചന്ദ്രശേഖരന്‍ പിന്നെ അവതരിച്ചത് കൈരളി ചാനലില്‍. പീപ്പിള്‍ ടിവി തുടങ്ങിയപ്പോള്‍ അതിന്റെ അമരത്ത്. ഇപ്പോള്‍ ചിന്തയിലും ദേശാഭിമാനിയിലും വസ്തുതാപരമായ റിപ്പോര്‍ട്ടിംഗ് എങ്ങനെ വേണം എന്നതിനെക്കുറിച്ച് സഖാവിന്റെ സ്റ്റഡി ക്ലാസുമുണ്ട്.

ബേബി സഖാവിന്റെ ടെലിഫോണ്‍ സല്ലാപം ഉപരിക്കമ്മിറ്റിയ്ക്ക് പരാതിയായി അയച്ച വിഎസ് ഗ്രൂപ്പുകാര്‍ പുതിയ നിയമനം കണ്ട് ഞെട്ടി. ബേബി നല്‍കിയ വാര്‍ത്തകള്‍ മനപ്പൂര്‍വം നല്‍കി ചന്ദ്രശേഖരന്‍ ഇന്ത്യാവിഷനെ പ്രതിരോധത്തില്‍ ആക്കിയതാണെന്ന് കരുതാനേ ന്യായമുളളൂ. വാര്‍ത്ത ചോര്‍ത്തിയതിന്റെ പേരില്‍ ഷാജഹാനും ജി ശക്തിധരനും രാധാകൃഷ്ണന്‍ പട്ടാനൂരുമൊക്കെ പലപ്പോഴായി പാര്‍ട്ടിയില്‍ നിന്നും ദേശാഭിമാനിയില്‍ നിന്നും പുറത്തു പോയപ്പോള്‍ എന്‍ പി ചന്ദ്രശേഖരന്‍ അകത്തായി.

വാര്‍ത്ത എങ്ങനെ നല്‍കണമെന്ന് പുതു തലമുറയെ പഠിപ്പിക്കാന്‍ എന്‍ പി ചന്ദ്രശേഖരനല്ലാതെ വേറെ ആര്‍ക്കാണു യോഗ്യത?

ഈ സമ്മേളനത്തില്‍ അത്തരം നമ്പരുകളുടെ സഹായം സിപിഎമ്മിന് വേണ്ട തന്നെ. വെളളത്തില്‍ അലി‍ഞ്ഞ ഐസുപോലെയാണ് ഇന്ന് വിഎസ് വിഭാഗം. കഴിഞ്ഞ സമ്മേളനത്തില്‍ വിഎസ് ഗ്രൂപ്പിനു വേണ്ടി പരമാവധി അണ്ടര്‍ഗ്രൗണ്ട് പണികളെടുത്ത എറണാകുളത്തെ ഗോപി കോട്ടമുറിക്കല്‍ പുതിയ ആരാധനാ മൂര്‍ത്തിയുടെ ഉപാസകനായാണ് കോട്ടയത്തെത്തുന്നത്.

ശര്‍മ്മയ്ക്കും ചന്ദ്രന്‍പിളളയ്ക്കുമൊന്നും ഇനിയൊരങ്കത്തിന് ബാല്യമില്ല. അരവും കത്തിയുമെടുക്കാന്‍ ആഹ്വാനം നല്‍കാന്‍ എം എന്‍ വിജയനില്ല. പാഠമാകട്ടെ, വിതയും കൊയ്ത്തുമില്ലാത്ത കുട്ടനാടന്‍ പാടം പോലെ ശോഷിച്ചും പോയി. ആകെയൊരാശ്വാസം അപ്പുക്കുട്ടന്‍ വളളിക്കുന്നും ജനശക്തിയുമാണ്. അതും വേണ്ടപോലെ ഏല്‍ക്കുന്നില്ല.

ചുരുക്കത്തില്‍ മലപ്പുറത്തേതു പോലെ ഹരം പകരുന്ന ഡിറ്റക്ടീവ് റിപ്പോര്‍ട്ടിംഗിന് ആരും കാത്തിരിക്കേണ്ടെന്ന് സാരം. പാര്‍ട്ടി പുറത്തു വിടുന്ന വാര്‍ത്തകള്‍ക്കപ്പുറം ഒന്നും സമ്മേളന വേദിയില്‍ നിന്നും പ്രതീക്ഷിക്കേണ്ട. മലയാള പത്രപ്രവര്‍ത്തനത്തിന്റെ ഈറ്റില്ലമായി കണക്കാക്കപ്പെടുന്ന കോട്ടയത്ത് അച്ചടക്കത്തിന്റെ കാന്തിക മണ്ഡലം തീര്‍ത്ത് സിപിഎം സമ്മേളനം നടത്തുന്നത് പത്രപ്രവര്‍ത്തകരെ വെല്ലുവിളിച്ചു തന്നെയാണ്. ചുണയുണ്ടെങ്കില്‍ വാര്‍ത്തയൊന്നു ചോര്‍ത്തൂ എന്ന നിശബ്ദമായ വെല്ലുവിളി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+