കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ട ഐഐടി പ്രവേശന കേന്ദ്രമല്ലാതാവുന്നോ

Google Oneindia Malayalam News

IIT-JEE
കോട്ട: രാജസ്ഥാനിലെ കോട്ട എന്ന പട്ടണം വളരെ പ്രശസ്തമാണ്. ഐ ഐ ടി, ഐഐഎം, എം ബി ബി എസ് പ്രവേശന പരീക്ഷയ്ക്ക് ഇന്ത്യയില്‍ കിട്ടാവുന്ന ഏറ്റവും മികച്ച പരിശീലനം ഇവിടെ കിട്ടുമെന്നതാണ് ഇതിന് കാരണം.

എന്നാല്‍ ഈ ഖ്യാതി നഗരത്തിന് നഷ്ടപ്പെടുകയാണോ? അങ്ങനെയാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്.

കഴിഞ്ഞ കുറേ കാലമായി ഐഐടിയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ 30 ശതമാനവും കോട്ടയില്‍ പഠിച്ചവരാണ്. 2008 ല്‍ ആദ്യ പത്ത് റാങ്ക് നേടിയവരില്‍ ആറ് പേരും കോട്ടയില്‍ പരിശീലനം നേടിയവരായിരുന്നു. എന്നാല്‍ 2009 ല്‍ ഇത് മൂന്നായി താണു. 2010 ല്‍ കഥ വീണ്ടും മാറി. കോട്ടയിലെ മികച്ച വിദ്യാര്‍ത്ഥിയ്ക്ക് ഐഐടി പ്രവേശന പരീക്ഷയില്‍ 13 റാങ്ക് നേടാനേ കഴി‍ഞ്ഞുള്ളു. ഇതുകൂടെ ആവാം കുട്ടികളുടെ കോട്ട പ്രേമം കുറയാന്‍ കാരണമെന്നാണ് കരുതുന്നത്.

1996ലാണ് കോട്ടയില്‍ ആദ്യമായി ഐഐടി, ജെഇഇ പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനം തുടങ്ങിയത്. അന്ന് അടച്ച് പൂട്ടിയ ജെ കെ സിന്തറ്റിക്സ് എന്ന സ്ഥാപനത്തിലെ എഞ്ചിനിയറായ ഡോ. വികെ ബന്‍സാലാണ് ഇത് തുടങ്ങിയത്.

കോട്ടയില്‍ പരിശീലനം നേടിയവര്‍ ഇന്ത്യയിലെ പ്രധാന ഐഐടികളില്‍ പ്രവേശനം നേടാന്‍ തുടങ്ങിയതോടെ കോട്ടയുടെ ഖ്യാതി എങ്ങും വ്യാപിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇവിടെ പ്രവേശന പരീക്ഷാ പരിശീലനത്തിന് എത്തി തുടങ്ങി. ഇത് കോട്ടയുടെ സാമ്പത്തിക രംഗം തന്നെ വ്യത്യസ്ഥമാവാന്‍ കാരണമായി. കോട്ടയില്‍ മിയ്ക്ക വീടുകളും ഹോസ്റ്റലുകളായി മാറി. ചെറുകിട ഹോട്ടല്‍ വ്യവസായം പുരോഗമിച്ചു. വര്‍ഷം പ്രതി കോട്ടഎന്ന പട്ടണം ഈ പ്രവേശന പരീക്ഷാ പരിശീലന പദ്ധതി കാരണം നേടുന്നത് 600 കോടിയിലേറെ രൂപയാണ്.

സ്വകാര്യ നിക്ഷേപക കമ്പനികള്‍ ചില സ്ഥാപനങ്ങളില്‍ 50 ഉം 60 കോടി വരെ നിക്ഷേപിച്ചു. റെസൊണന്‍സ് എന്ന സ്ഥാപനത്തില്‍ മൈല്‍സ്റ്റോണ്‍ റെലിഗേര്‍ ഇന്‍വസ്റ്റ്മെന്റ് അഡ്വൈസേഴ്സ് നിക്ഷേപിച്ചത് 60 കോടി രൂപയാണ്. കരിയര്‍ പോയന്റ് എന്ന സ്ഥാപനത്തില്‍ ഫ്രാങ്കലിന്‍ ടെമ്പിള്‍ടന്‍ മ്യൂച്ചല്‍ ഫണ്ട് 2009 ല്‍ 50 കോടി നിക്ഷേപിച്ചു. തുടര്‍ന്ന് ഈ സ്ഥാപനം പൊതു വിപണിയില്‍ ഓഹരി ഇറക്കി 115 കോടി രൂപയാണ് സ്വരൂപിച്ചത്. മൂലധനം സ്വരൂപിച്ച സ്ഥാപനങ്ങള്‍ കോട്ടയ്ക്ക് പുറത്തും പരിശീലന സ്ഥാപനങ്ങള്‍ തുടങ്ങി.

2009 ല്‍ 1.25 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരിശീനലത്തിനായി കോട്ടയില്‍ എത്തിയത്. എന്നാല്‍ അത് 2010 ല്‍ 30000 ആയി ചുരുങ്ങിയതാണ് ഇപ്പോള്‍ പ്രശ്നത്തിലായിരിയ്ക്കുന്നത്. എന്നാല്‍ ഈ വര്‍ഷം കുട്ടികളുടെ എണ്ണം കുറവായത് അടുത്ത വര്‍ഷവും തുടരും എന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

വിദ്യാര്‍ത്ഥികള്‍ എത്താന്‍ തുടങ്ങിയതോടെ ഒരു വിദ്യാര്‍ത്ഥി താമസത്തിനായി മുടക്കേണ്ടിയിരുന്ന തുക 1000 ല്‍ നിന്ന് 3000 ആയി കൂടി. പല റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളും ഇവിടെ എത്തി ഭൂമി വാങ്ങി വന്‍കിട ഹോസ്റ്റലുകള്‍ തന്നെ പണിതു. എന്നാല്‍ ഇവയില്‍ പലതും ആളില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍. ലാഭം നേടാനായി വാടക കൂട്ടാനുള്ള നീക്കത്തിലാണ് ഇവര്‍ ഇപ്പോള്‍.

ഇപ്പോള്‍ പല പരിശീലന സ്ഥാപനങ്ങളും നേരത്തേ തന്നെ ഹോസ്റ്റലുകളുമായി കരാറുണ്ടാക്കി കുട്ടികളെ അവിടെ താമസിപ്പിയ്ക്കാനുള്ള ശ്രമത്തിലാണ്.

കോട്ടയിലെ സ്ഥാപനങ്ങളില്‍ പഠിപ്പിയ്ക്കുകയായിരുന്ന പല അധ്യാപകരും മറ്റ് നഗരങ്ങളില്‍ പോയി പരിശീലന സ്ഥാപനങ്ങള്‍ തുടങ്ങിയതും കോട്ടയുടെ ഖ്യാതിയെ ബാധിച്ചിട്ടുണ്ട്. കൂടുതല്‍ മൂലധനം കണ്ടെത്തിയ പല സ്ഥാപനങ്ങളും ഇന്റര്‍നെറ്റിലും സജീവമായി. പഠിയ്ക്കാനുള്ള നോട്ടുകളും മറ്റും പണം അടച്ചാല്‍ ഇന്റര്‍നെറ്റ് വഴി ലഭ്യമാക്കുന്ന സംവിധാവനവും ഇവര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതും കോട്ടയിലെ വിദ്യാര്‍ത്ഥി തിരക്ക് കുറയാന്‍ കാരണമായിട്ടുണ്ടെന്ന് കരുതുന്നു.

എന്നാല്‍ ഒരു വര്‍ഷം കുട്ടികള്‍ കുറഞ്ഞത് കൊണ്ട് കോട്ടയുടെ ഭാവി തന്നെ അവതാളത്തിലായെന്ന് വിധിയെഴുതുന്നത് ശരിയല്ലെന്നാണ് പരിശീലന സ്ഥാപനങ്ങള്‍ നടത്തുന്നവരുടെ അഭിപ്രായം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വര്‍ഷാ വര്‍ഷം 25 ശതമാനത്തിന്റെ വര്‍ധനയാണ് കോട്ടയിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഉണ്ടാവുന്നത്. ഒരു വര്‍ഷം ഇതില്‍ കുറവുണ്ടായെന്നത് വലിയ കാര്യമല്ല. അടുത്ത വര്‍ഷങ്ങളിലും ഇതേ അവസ്ഥ തുടരുന്നെങ്കില്‍ മാത്രമേ കോട്ടയുടെ പരിശീലന പ്രകാശം മങ്ങി എന്ന കരുതാനാവൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X