'കൊടി'ക്കുന്നേല്‍ പാറുമ്പോള്‍ ചൊറിയുന്നവര്‍

പിള്ളയദ്ദേഹത്തിന്റെ സ്ഥിതി അടുത്തകാലത്തായി വല്ലാത്ത അവസ്ഥയിലാണ്. വിഎസ് അച്യുതാനന്ദന്റെ കടുംപിടുത്തത്തെ തുടര്‍ന്ന് ഒരു ജയില്‍വാസം. അതിന്നിടയില്‍ ഒരു വാളകം എപ്പിസോഡ്. അതുകഴിഞ്ഞപ്പോഴോ സ്വന്തം മകന്‍ തന്നെ 'പാര'യുമായി രംഗത്തുവന്നു. ഇപ്പോഴിതാ കൊടിക്കുന്നില്‍ സുരേഷ് എന്ന 'പയ്യന്‍' കയറി കേന്ദ്രമന്ത്രിയുമായിരിക്കുന്നു. കൊട്ടാരക്കര അംശം ദേശത്തെ കിരീടം വെക്കാത്ത രാജാവായിരുന്ന തന്റെ ഏകഛത്രാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് യുഡിഎഫിന്റെ നേതൃനിരയിലേക്ക് കൊടിക്കുന്നില്‍ എത്തിയപ്പോള്‍ തന്നെ അതൊതുക്കാനുള്ള തന്ത്രങ്ങള്‍ പിള്ളയദ്ദേഹം ഒന്നൊന്നായി പയറ്റിയത് ചരിത്ര ബോധമുള്ളവരൊന്നും മറന്നിട്ടില്ല.
ജാതിപറഞ്ഞും പയ്യനെന്ന് ആക്ഷേപിച്ചും യുഡിഎഫ് വോട്ട് മറിച്ചിട്ടും പിള്ളയുടെ അനുയായികള്‍ കൊടിക്കുന്നിലിനെ ഒരരുകിലാക്കാന്‍ ശ്രമിച്ചതുമെല്ലാം കൊട്ടാരക്കര, പത്തനാപുരം നിവാസികളെങ്കിലും ഇപ്പോള്‍ വീണ്ടുമോര്‍ത്തുപോയാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ സര്‍?
മാടമ്പിമാരുടെ കുതികാല്‍ വെട്ടിനെയും രാഷ്ട്രീയകുതങ്ങളെയും അസാധാരണ മെയ്‌വഴക്കത്തോടെ അതിജീവിച്ചാണ് കൊടിക്കുന്നില്‍ സുരേഷ് യുഡിഎഫ് പിടിമുറുക്കിയത്. കാലത്തിന്റെ കളിയായിരിക്കാം കോടിക്കുന്നില്‍ ഇന്ന് കേന്ദ്രാധികാര കസേരയിലെത്തി. പിള്ളയദ്ദേഹത്തിനാകട്ടെ, ഇപ്പോള്‍, യുഡിഎഫിനുള്ളില്‍ പോലും ശക്തിയുള്ള ഒരു കസേര കിട്ടാത്ത സ്ഥിതിയും. പാര്‍ട്ടി മന്ത്രിയെ മൂക്കുകയറിട്ട് പിടിക്കാനുള്ള ശ്രമങ്ങള്‍ പോലുമിപ്പോള്‍ പണ്ടേപ്പോലെ ഫലിക്കുന്നില്ലല്ലോ?
തൊഴിലാളി വര്‍ഗ്ഗ സാമ്പത്തിക ശാസ്ത്രത്തിന്റെ ശക്തനായ വക്താവായ മാണി സാര്‍, തന്റെ അനന്തരാവകാശിയായി മകന്‍ ജോസിനെ വാഴിക്കാന്‍പെടുന്ന പാടുകണ്ടാല്‍ ഏത് കഠിനഹൃദയന്റെയും മനസ്സലിഞ്ഞു പോകും. എന്നിട്ടും ദില്ലിയിലെ വലിയ തമ്പ്രാക്കന്മാര്‍ക്കുമാത്രം ഒരനക്കവുമില്ല. മന്ത്രിസഭ ഇക്കുറി അഴിച്ചുപണിയുമ്പോഴെങ്കിലും കാര്യമായ പരിഗണന കിട്ടുമെന്നായിരുന്നു പ്രതീക്ഷ. അരമനയിലെ തിരുമേനിമാര്‍ ആവുംവിധം അതിന്നായി സന്ദേശങ്ങള്‍ അയച്ചതുമാണ്. മാണി സാറിന്റെ ഈ പെടാപാട് ദല്‍ഹിയിലെ ആന്റണി മന്ത്രിയ്ക്ക് മനസ്സിലാകും. പക്ഷേ, രാഹുല്‍ ഗാന്ധിക്ക് മുന്നിലെത്തുമ്പോള്‍ ഏത് ജോസ് കെ മാണി?
സ്വന്തം മകന് ഒരു നല്ലകാലം വരാന്‍ ഏത് പിതാവും കൊതിക്കും. അതുമാത്രമേ മാണിസാറും കൊതിച്ചുള്ളൂ. അതിനിത്രമാത്രം കുറ്റം പറയാനെന്തുണ്ട്?. ആശ്വാസവാക്കുകള്‍ പറയുമ്പോഴും പല കേരള കോണ്‍ഗ്രസ് നേതാക്കളുടെയും മുഖത്ത് മിന്നിമറയുന്ന അടിക്കിപ്പിടിച്ച ചിരിയാണ് മണിസാറിന് തീരെ സഹിക്കാന്‍ കഴിയാത്തത്. എന്തു ചെയ്യാം കേരളത്തിലേക്ക് വീണ്ടുമെത്തിയ അധികാര ലബ്ധിയില്‍ എല്ലാ യുഡിഎഫ് നേതാക്കള്‍ക്കുമൊപ്പം ചിരിച്ച്, ക്യാമറയ്ക്ക് പോസ് ചെയ്തല്ലേ പറ്റൂ. ഉള്ളിലെ കുശുമ്പ് പുറത്ത് കാണിക്കാതെയുള്ള ഈ അഭിനയത്തിന് പിന്നിലുള്ള കഷ്ടപ്പാടല്ലേ ഏറ്റവും വലിയ കഷ്ടപ്പാട്.












Click it and Unblock the Notifications