Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂർ പൂരം പൊതുവഴിയിലെ നൂറ് നൂറ് ബലാൽസംഗങ്ങളുടെ ആണാഘോഷം! വൈറലായി കുറിപ്പ്

'അസമയങ്ങൾ' പെണ്ണിനുള്ളതല്ലെന്ന പൊതുബോധം പോലെ തന്നെ ആണുങ്ങൾക്ക് മാത്രമായി സമൂഹം നിശ്ചയിച്ചിട്ടുള്ള ചില പൊതുഇടങ്ങളുമുണ്ട്. 'അസമയങ്ങളിൽ' ആക്രമിക്കപ്പെട്ടാൽ അത് പെണ്ണിന്റെ തെറ്റാകുന്നത് പോലെ തന്നെയാണ് അത്തരം പൊതുഇടങ്ങളിൽ ആക്രമണങ്ങൾക്ക് പെണ്ണ് ഉത്തരവാദിയാകുന്നത്. തൃശൂർ പൂരത്തിന് തേക്കിൻകാട് മൈതാനത്ത് വന്ന് നിറയുന്ന പുരുഷാരത്തിൽ 99 ശതമാനവും പുരുഷന്മാരാവും. സ്ത്രീകളെ എണ്ണിയെടുക്കാം.

ഈ ആൺകൂട്ടത്തിലേക്ക് പൂരം കാണാനെത്തുന്ന പെണ്ണിന് പകൽവെളിച്ചത്തിൽ നേരിടേണ്ടി വരുന്ന അപമാനങ്ങൾ തന്നെയാണതിന് കാരണം. പൂരമെന്നാൽ വെടിക്കെട്ടും കുടമാറ്റവും എഴുന്നള്ളത്തും മാത്രമല്ല, പൂരങ്ങളുടെ പൂരം പൊതു വഴിയിലെ നൂറ് നൂറ് ബലാൽസംഗങ്ങളുടെ ആണാഘോഷം കൂടിയാണ്. ഹസ്ന ഷാഹിത ജിപ്സി എഴുതുന്നു:

വൈറലായി ഫേസ്ബുക്ക് കുറിപ്പ്

വൈറലായി ഫേസ്ബുക്ക് കുറിപ്പ്

പരസ്യമായി നൂറ് കണക്കിന് സ്ത്രീകൾ ലൈംഗികാതിക്രമത്തിന് വിധേയമാകുന്ന ഒരിടമാണ് തൃശ്ശൂർ പൂരം. പൂരം കാണാനെത്തുന്ന ഈ 'പുരുഷാരം' അവിടെ വരുന്ന സ്ത്രീകളോട് പെരുമാറുന്നത് എങ്ങിനെയെന്ന് പോയിട്ടുള്ളവർക്ക് മനസ്സിലാകും. പരന്ന കൈപ്പത്തികൾ ദേഹത്ത് പതിയുന്ന, ഉദ്ധരിച്ച ലിംഗങ്ങൾ ഒന്നുമറിയാത്ത പോലെ മുട്ടി പോകുന്ന, അവിടെ വന്നാൽ ഇതൊക്കെ ഉണ്ടാകുമെന്ന അലിഖിത മനസ്സിലാക്കലുള്ള ആൺ പുളപ്പായിപൂരപ്പറമ്പിൽ. ആണെണ്ണവും തിരക്കും ആഘോഷത്തിമർപ്പും ഉഛ്സ്ഥായിലെത്തുന്നത് കൊണ്ട് സാധാരണ ആൺകൂട്ടങ്ങളിൽ നിന്ന് പുറപ്പെടുന്ന പെൺശരീരത്തിലേക്കുള്ള അധിനിവേശ ത്വരയേക്കാൾ രൂക്ഷമാണ് ഇവിടെ എന്ന് തോന്നുന്നു.

പൂരത്തിന് പോകുന്നത് ആണുങ്ങൾ മാത്രം

പൂരത്തിന് പോകുന്നത് ആണുങ്ങൾ മാത്രം

മുതിർന്നതിന് ശേഷം ആദ്യമായാണ് കഴിഞ്ഞ വർഷം തൃശ്ശൂർ പൂരത്തിനും ഉത്രാളിക്കാവിലും പോയത്. ചെറുതായിരിക്കുമ്പോൾ ചുറ്റുവട്ടത്തുള്ള പൂരങ്ങൾക്കും പെരുന്നാളിനും കൊണ്ട് പോകുമെന്നല്ലാതെ ഈ രണ്ടിടത്തേക്കും വീട്ടിലെ ആണുങ്ങൾ അല്ലാതാരും പോകുമായിരുന്നില്ല. ഒഴിവാക്കലിൻറെ അനിഷ്ടത്തിൽ പിറ്റേന്ന് കൊണ്ട് വരുന്ന മുറുക്കോ ഈത്തപ്പഴമോ ബലൂണോ ഒന്നും വലിയ സന്തോഷവുമുണ്ടാക്കാറില്ല. മനുഷ്യര് കൂടി നിക്കുന്നത്, താളത്തില് കൈയ്യുയർത്തുന്നത്, ചെണ്ടമേളത്തിനൊപ്പം തലയിളക്കുന്നത്, പൊരിയുടേയും നേർത്ത ബലൂൺ റബ്ബറിൻറേയും മണങ്ങൾ പരക്കുന്നത്, ആനപ്പുറത്ത് നിന്നും വെഞ്ചാമരം ഇളകുന്നത് ഒക്കെ കാണാൻ എനിക്കിഷ്ടമാണ്.

അതെന്താ എനിക്കും വന്നാൽ

അതെന്താ എനിക്കും വന്നാൽ

ആനപ്പിണ്ടത്തിൻറെയും കരിമരുന്നിൻറേയും മണം വലിച്ച് കേറ്റുന്നതിൻറെയും പരുത്തിയിലയിൽ പായസ്സം നക്കി വടിക്കുന്നതിൻറെയുമൊക്കെ നാട്ടോർമകൾ. ഇന്നിപ്പോ വ്യക്തിപരമായി വന്ന മാറ്റങ്ങളുടെയോ ചില രാഷ്ട്രീയ ബോധ്യങ്ങളുടേയോ തെളിച്ചത്തിൽ അത്രക്കങ്ങ് നിഷ്കളങ്കമായ കൊതിയൊന്നുമില്ലെങ്കിലും വലിയ പൂരങ്ങൾക്ക് കൊണ്ട് പോകാത്തതിൻറെയൊരു കെറുവ്, ഉറക്കമൊഴിച്ച് വെടിക്കെട്ടും കണ്ട് പുലർച്ചെ വന്ന് കേറുന്ന ഒരു ആണവകാശത്തോട് തോന്നുന്ന അതെന്താ എനിക്കും വന്നാൽ ചോദ്യത്തിന്, പെണ്ണുങ്ങളെ കൊണ്ട് പോയാൽ നോക്കാൻ മെനക്കേടാണെന്ന ഒഴിവാക്കൽ, ചിലയിടങ്ങൾ അനുഭവിക്കണമെന്ന വാശി. പൂരത്തിന് പോകാനുള്ള തീരുമാനം പണ്ടെങ്ങോ മനസ്സിലുണ്ട്.

കഴിഞ്ഞ വർഷം പൂരത്തിന് പോയി

കഴിഞ്ഞ വർഷം പൂരത്തിന് പോയി

സഞ്ചാരത്തിനും പൊതുവിടങ്ങളിലേക്ക് പോകാനുമൊക്കെ അനുവാദം വാങ്ങേണ്ടാത്ത ഒരു സമയമുണ്ടായിട്ട് അധികം കാലമായിട്ടില്ല. അതിൻറെ ഒരു ബലത്തിൽ തന്നെയാണ് കഴിഞ്ഞ വട്ടം ഒരു സുഹൃത്തിനൊപ്പം ഉത്രാളിക്കാവിൽ പോയത്. വൈകീട്ട് വരെ അവിടെ കറങ്ങിത്തിരിഞ്ഞ് നടന്നു. ഇന്നാട്ടുകാരല്ലെന്ന് നാട്ടുകാർക്ക് തോന്നിയതിൻറെ ആനുകൂല്യം ഉണ്ടായിരുന്നത് കൊണ്ട് പെണ്ണുങ്ങള് നിൽക്കുന്ന/ഇരിക്കുന്ന സ്ഥലങ്ങളിൽ മാത്രം നിക്കേണ്ടി വന്നില്ല. തോന്നിയിടത്തൊക്കെ അലഞ്ഞ് നടന്നു. ഇടക്ക് നാട്ടിലെ സംഘങ്ങൾ തമ്മിലൊരു കത്തിക്കുത്ത് സീനുണ്ടാകാൻ തുടങ്ങിയപ്പോ വരമ്പിലൂടെ ഓടി.

വെടിക്കെട്ടിനുണ്ടാകുന്ന മരണങ്ങൾ

വെടിക്കെട്ടിനുണ്ടാകുന്ന മരണങ്ങൾ

ഇരുട്ട് പരക്കുമ്പോഴാണ് പ്രധാന വെടിക്കെട്ടിന് കോപ്പ് കൂട്ടുന്നത്. ആ നേരത്ത് എല്ലായിടത്ത് നിന്നും ആളുകളെ ഓടിക്കും. മുകളിലുള്ള റെയിൽവേ ട്രാക്കിൽ നിന്നാലാണ് കൂട്ടപ്പൊരിച്ചിൽ കാണാനാകുക എന്നുള്ളത് കൊണ്ട് മിക്കവാറും കൊല്ലം അവിടെ കയറി നിന്ന് ട്രെയിൻ തട്ടി ആരെങ്കിലുമൊക്കെ മരിക്കാറുണ്ട്. ഉത്രാളിക്കാവ് വെടിക്കെട്ട് കഴിഞ്ഞാൽ പിറ്റേന്നത്തെ തൃശ്ശൂർ എഡിഷനിൽ വരുന്ന ആ മുൻപേജ് വാർത്ത അതായിരിക്കും. വെടിക്കെട്ട് കാണാൻ പോയ വാപ്പയും ചങ്ങാതിമാരും തിരിച്ചെത്തുന്നത് വരെ ആധി കേറ്റാനുള്ള കോപ്പും കൊണ്ടാണ് ആ പത്രം വരിക.

തിരക്കിനിടയിലെ സ്പർശനങ്ങൾ

തിരക്കിനിടയിലെ സ്പർശനങ്ങൾ

വെടിക്കെട്ട് നടക്കുന്നതിൻറെ തൊട്ടടുത്തുള്ള വരമ്പിലേക്കാണ് ഞങ്ങളന്ന് ഓടിക്കയറി നിന്നത്. ഏറ്റവും മുന്നിൽ. പൊരിച്ചിൽ കഴിയുമ്പളേക്കും പുല്ലും പൊടിയും തീപ്പൊരിയും തലയിൽ പറ്റി നിൽക്കും. മുന്നിൽ നിന്ന് കാണാൻ വേണ്ടി എത്ര തള്ളിയിട്ടും നീങ്ങാതെ അള്ളിപ്പിടച്ചവിടെ നിൽക്കുകയാണ്‌. മോളേ ദേ ഇവിടെ നിന്നോ എന്നൊക്കെ പറഞ്ഞ് ഭീകര കരുതല് തരുന്ന ചേട്ടൻമാർ. അങ്ങനെ തീ കൊളുത്തി എല്ലാ കണ്ണുകളും മേൽപ്പോട്ടായി ചെവിയിങ്ങനെ കഴുത്ത് വെച്ച് അമർത്തി നിൽക്കുമ്പോഴാണ് തിക്കിലും തിരക്കിലും നിന്ന് ചില സ്പർശനങ്ങൾ വേറിട്ടറിയുന്നത്.

ആക്രമിച്ച് രക്ഷപ്പെടുന്നവർ

ആക്രമിച്ച് രക്ഷപ്പെടുന്നവർ

പാവാടയിൽ പറ്റിയ മുള്ള് വിത്തുകൾ പറിച്ചെറിയുന്നത് പോലെ വിരലുകളെ പിച്ചിപ്പറിച്ച് നീക്കാൻ തുടങ്ങി . നല്ലൊരു അമിട്ട് പൊട്ടുമ്പോൾ, ആരവത്തിനൊപ്പം കഴുത്ത് പൊക്കുന്ന അതേ നിമിഷത്തിൽ തല പുറകിലേക്കും, താഴോട്ടും വെട്ടിച്ച് ഏത് ശരീരത്തിൽ നിന്നാണ് ആ കൈ പുറപ്പെട്ടതെന്ന് തിരിച്ചറിയാനുള്ള പെടപ്പുണ്ടാകും. അതിക്രമിച്ച് കടക്കുന്നവർക്കുണ്ടാകുന്ന വൃത്തികെട്ട വൈദഗ്ധ്യത്തോടെ ഉയർത്തിയ തല താഴ്ത്താതെ തന്നെ അവർ ഞൊടിയിടയിൾ കൈ പിൻവലിച്ചിട്ടുമുണ്ടാകും. അഞ്ചോ പത്തോ മിനിറ്റിൽ കൂടാത്ത ആ വെടിക്കെട്ട് നേരം മുഴുവൻ അമർഷത്തിൻറേയും വെറുപ്പിൻറേയും കൂട്ടപ്പൊരിച്ചിലോടെ കൈയും ഉടലും വെച്ച് പ്രതിരോധമുയർത്തേണ്ടി വരുന്നത് ഒട്ടും സുഖമില്ലാത്ത കാര്യമാണ്.

ലൈംഗികാതിക്രമത്തിന്റെ കാഴ്ചകൾ

ലൈംഗികാതിക്രമത്തിന്റെ കാഴ്ചകൾ

അക്കൊല്ലം തൃശ്ശൂർ പൂരത്തിനും പോയി. ജാക്കി' വെപ്പെന്ന ഓമനപ്പേരിൽ ഇവിടത്തെ പുരുഷൻമാർ ആസ്വദിച്ച് പോരുന്ന ലൈംഗികാതിക്രമത്തിൻറ് കിലോമീറ്ററുകൾ നീളുന്ന കാഴ്ചയാണവിടെ. രണ്ടു കൈയും വിടർത്തി പെണ്ണുങ്ങൾക്ക് നടുവിലൂടെ നടന്ന് പോയി ചന്തിയിൽ തൊട്ട് തൊട്ട് പോകുന്ന ഉദ്ധരിച്ച ലിംഗങ്ങളുടെ പുരുഷാരം. ദേഹത്തേൽക്കുന്ന അമർത്തലിനും തോണ്ടലിനും തലോടലിനും പ്രതികരിക്കാനാകാതെ മുഖം കടുപ്പിച്ച് സ്വാഭാവികത അഭിനയിച്ച്, പ്രശ്നം ഉണ്ടാക്കി അവിടെ വന്നതിനും സ്വയം സൂക്ഷിക്കാത്തതിനും പഴി കേൾക്കേണ്ട എന്ന് കരുതി നീങ്ങുന്ന നൂറു കണക്കിന് പെണ്ണുങ്ങൾ. അത് കൊടുക്കുന്ന ആത്മവിശ്വാസത്തിൽ അടുത്ത ഇരയിലേക്ക് നടക്കുന്ന ലിംഗങ്ങൾ.

ഏത് നിമിഷവും ആക്രമിക്കപ്പെടാം

ഏത് നിമിഷവും ആക്രമിക്കപ്പെടാം

ഷൂട്ട് ചെയ്യാനായി മുകളിലിരുന്ന് നോക്കുമ്പോൾ താഴെ ഈ കാഴ്ചകൾ എന്തൊരു അസ്വസ്ഥതയാണെന്ന് 'പൂരക്കാഴ്ചകൾ' റിപ്പോർട്ട് ചെയ്യാനെത്തിയ സുഹൃത്ത് പറയുന്നുണ്ടായി. വെളുപ്പിനേ നാല് മണിക്കുള്ള വെടിക്കെട്ടിന് ഒരു കൂട്ടമുണ്ടാക്കി ചുറ്റും പരിചയമുള്ള ആണുങ്ങളെ മാത്രം നിൽക്കാനനുവദിച്ചാണ് ഞങ്ങളേറെപ്പേർ നിന്നത്. എങ്ങോട്ടോ നടക്കുമ്പോ ചന്തിയുടെ അവിടെ നിന്ന് കിട്ടിയ ഒരു കൈയ്യുടെ ഉടമക്ക് ഒന്ന് പൊട്ടിക്കേണ്ടിയും വന്നു. രസമുള്ള കാഴ്ചകൾക്ക് നടുവിൽ ഏത് നിമിഷവും ഉടലിന് നേരെയുണ്ടാകാവുന്ന ഒരതിക്രമത്തെ പ്രതീക്ഷിച്ച് നിൽക്കേണ്ടി വരലാണ് ഈ പൂരത്തിൻറെ പെണ്ണനുഭവമെന്ന് അന്ന് ബോധ്യപ്പെട്ടു.

ആൾക്കൂട്ടത്തിലെ തപ്പലും പിടിത്തവും

ആൾക്കൂട്ടത്തിലെ തപ്പലും പിടിത്തവും

ആള് കൂടുന്നിടത്ത് പോയി തപ്പലും പിടുത്തവും വാങ്ങി ഇവിടെ വന്ന് മോങ്ങുന്നതെന്തിനെന്ന പാട്രിയാർക്കൾ ചോദ്യം ഒരുപാട് തവണ അനാവശ്യമായി പ്രയോഗിച്ച് തേഞ്ഞ് പോയത് കൊണ്ട് ഇവിടെയും പ്രസക്തമല്ല. ആളു കൂടുന്ന , തിക്കും തിരക്കും കൊണ്ട് മനുഷ്യർക്ക് ശരീരം മുട്ടി നിൽക്കേണ്ടി വരുന്ന ഇടങ്ങളൊക്കെ നിർലോഭം ലൈംഗികാതിക്രമങ്ങൾ നടത്താനുള്ള അവസരമായി കരുതുന്ന വലിയൊരു വിഭാഗം മനുഷ്യരുടെ ലോകമാണിത്. സ്കൂൾ നേരങ്ങളിലെ ബസ്സുകൾ തുടങ്ങി ഉത്സവപ്പറമ്പുകൾ വരെ.

വ്യവസ്ഥയാൽ സംരക്ഷിക്കപ്പെടുന്നവർ

വ്യവസ്ഥയാൽ സംരക്ഷിക്കപ്പെടുന്നവർ

തിരക്കിനിടയിൽ നിന്ന് നീണ്ട് വരുന്ന ഒരു കൈ മുലയിലോ ചന്തിയിലോ അമർത്തി പോകുന്നത് നിസ്സഹായതയോടെയോ അമർഷത്തോടെയോ അനുഭവിക്കാത്തവർ കുറവാകും. ശരീരത്തെ കുറിച്ചുള്ള നിങ്ങളുടെ ആകുലതയാണ് ഈ അസ്വസ്ഥതപ്പെടുത്തലിന് കാരണമെന്ന സിദ്ധാന്തം കൊണ്ടൊന്നും ഈ കയ്യേറ്റത്തെ ലഘൂകരിക്കപ്പെടില്ല. തിരിച്ചൊന്ന് പൊട്ടിക്കാൻ കണ്ണും കയ്യും ഉയർത്തുമ്പോഴേക്കും യാതൊരു അടയാളവും അവശേഷിപ്പിക്കാതെ ആൾക്കൂട്ടത്തിൽ അലിയാൻ സുഗമമായി സാധിക്കുന്ന അക്രമികൾ. പിടിച്ചാൽ തന്നെ തിരക്കിൻറെ സമ്മർദ്ദത്തിൽ അറിയാതെ തൊട്ട് പോയെന്ന ആനുകൂല്യം അവകാശപ്പെടാൻ യാതൊരു സംശയവും കാണാത്ത വിധം വ്യവസ്ഥയാൽ സംരക്ഷിക്കപ്പെട്ടവരാണവർ.

എന്നാണ് ഇതിനൊരു മാറ്റം

എന്നാണ് ഇതിനൊരു മാറ്റം

ഇരുട്ടും തിരക്കുമുണ്ടെങ്കിൽ നിങ്ങളുടെ ലൈംഗിക ദാരിദ്യം കൊണ്ട് തള്ളാവുന്ന പ്രതലമായി പെണ്ണുടൽ കാണുന്നതിൽ നിന്ന് എന്നാണൊരു മാറ്റം? തൻറെ ദേഹത്തിന് നേരെ വരുന്ന അതിക്രമത്തോട് പ്രതികരിക്കുന്നവളെ നിൻറെ മനസിലിരിപ്പിൻറെ കുഴപ്പമാണെന്ന കുറ്റപ്പെടുത്തലിൽ നിന്ന് എപ്പോഴാണൊന്ന് വിടുതലാക്കുക? പൂരം കാണണോ, അവിടെ പോകണോ, ആന വേണോ, വെടിക്കെട്ട് വേണോ തുടങ്ങിയ ചർച്ചകൾ മറ്റൊരു വശത്താകാം.പൊതുവിടവും ആൾകൂട്ടവും ഹിംസാത്മകായ സ്പർശനങ്ങളും ആംഗ്യങ്ങളും , വാചകങ്ങളും വെടിഞ്ഞ് അതിൻറെ ലിംഗരൂപത്തിൽ നിന്ന് മോചിപ്പിക്കപ്പെടേണ്ടതിനെ പറ്റിയാണ് പറയുന്നത്.

നൂറ് നൂറ് ബലാൽസംഗങ്ങളുടെ ആണാഘോഷം

നൂറ് നൂറ് ബലാൽസംഗങ്ങളുടെ ആണാഘോഷം

പൂരമോ പെരുന്നാളോ തീവണ്ടി മുറിയോ ബസ്സോ പാർട്ടി ഫ്ളോറോ അനുവാദമില്ലാത്ത സ്പർശനങ്ങൾക്കുള്ള ഇടമല്ലെന്ന് ഈ ആണുങ്ങൾക്കെന്നാണ് മനസ്സിലാകുക. കുടമാറ്റവും കരിമരുന്നും മൊബൈൽ ഫ്ളാഷുകളും വർണ്ണ വെളിച്ചവും കൊണ്ടൊക്കെ എത്ര മോടി പിടിപ്പിച്ചാലും, പൂരങ്ങളുടെ പൂരം പൊതു വഴിയിലെ നൂറ് നൂറ് ബലാൽസംഗങ്ങളുടെ ആണാഘോഷമായി തന്നെ ഇക്കൊല്ലവും ആർപ്പ് വിളിച്ച് കൊണ്ടാടുമെന്ന തോന്നലിൽ നിന്ന് എഴുതുന്നത് എന്നാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഹസ്ന ഷാഹിത ജിപ്സിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+