• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പോരാട്ട വീര്യത്തിന്റെ ഒരേയൊരു വിഎസ്... സമരപുളകങ്ങള്‍ ഒടുങ്ങാത്ത വിപ്ലവ സൂര്യന്‍

cmsvideo
  #Loksabhaelection2019 : കേരളത്തിലെ ഓരോ സഖാക്കളുടെയും വികാരം, V S അച്യുതാനന്ദൻ | Oneindia Malayalam

  കേരളത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും അധികം ജനപിന്തുണയുള്ള നേതാവ് ആരെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉണ്ടാവൂ... വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ് അച്യുതാനന്ദന്‍!

  ദശാബ്ദങ്ങള്‍ നീണ്ട സമര പോരാട്ടങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്തതാണ് വിഎസ് അച്യുതാനന്ദന്റെ ജനപിന്തുണ. പഴയ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ തുടങ്ങി, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിലൂടെ ആയിരുന്നു വിഎസ് അച്യുതാനന്ദന്റെ ജീവത വഴികള്‍.

  സിപിഎമ്മിനെ വെട്ടിലാക്കി വിഎസ്.. മുന്നണി വിപുലീകരണത്തിൽ രൂക്ഷമായ വിമർശനം

  1923 ഒക്ടോബര്‍ 20 ന് ആലപ്പുഴയിലെ പുന്നപ്രയില്‍ ആയിരുന്നു ജനനം. അച്ഛന്റേയും അമ്മയുടേയും മരണത്തെ തുടര്‍ന്ന് ഏഴാം ക്ലാസ്സില്‍ വച്ച് ഔദ്യോഗിക വിദ്യാഭ്യാസം അവസാനിപ്പിച്ച വിഎസ് അച്യുതാനന്ദന്‍ കുറച്ചുകാലം തയ്യല്‍ക്കാരനായി ജോലി ചെയ്തു. പിന്നീട് കയര്‍ ഫാക്ടറി തൊഴിലാളിയായി.

  15-ാം വയസ്സില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നുകൊണ്ടായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 1940 ല്‍ തന്റെ 17-ാം വയസ്സില്‍ വിഎസ് അച്യുതാനന്ദന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. പി കൃഷ്ണ പിള്ള ആയിരുന്നു വിഎസിന്റെ വഴികാട്ടി.

  1946 ല്‍ നടന്ന പുന്നപ്ര-വയലാര്‍ സമരത്തിന്റെ മുന്‍നിര പോരാളികളില്‍ ഒരാളായിരുന്നു വിഎസ്. ഇതേ തുടര്‍ന്ന് വിഎസിനെ പോലീസ് അറസ്റ്റ് ചെയ്യുകയും അതിക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തിരുന്നു. പക്ഷേ, പാര്‍ട്ടി രഹസ്യങ്ങളെല്ലാം വിഎസില്‍ സുരക്ഷിതമായിരുന്നു.

  1964 ല്‍ സിപിഐ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേര്‍ ചേര്‍ന്നാണ് സിപിഎം രൂപീകരിച്ചത്. ഇപ്പോള്‍ ആ 32 പേരില്‍ പാര്‍ട്ടിയില്‍ ജീവനോടെ ശേഷിക്കുന്നത് വിഎസ് അച്യുതാനന്ദന്‍ മാത്രമാണ്.

  കാര്‍ക്കശ്യക്കാരനായ നേതാവ് എന്ന രീതിയില്‍ ആയിരുന്നു വിഎസ് അച്യുതാനന്ദനെ കേരളം കണ്ടിരുന്നത്. പാര്‍ട്ടി അച്ചടക്കത്തിന്റെ വാള്‍മുന ഏത് വലിയ നേതാവിന് നേര്‍ക്കും വീശാന്‍ മാത്രം കരുത്തുള്ള നേതാവായിരുന്നു വിഎസ്. 1985 മുതല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായിരുന്നു. എന്നാല്‍ കടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2009 ല്‍ വിഎസിനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കി.

  1965 മുതല്‍ പാര്‍ലമെന്ററി രംഗത്തും വിഎസ് സജീവമായിരുന്നു. ആദ്യ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു. പിന്നീട് 1967 ല്‍ ആദ്യ വിജയം. പിന്നീട് രണ്ട് തവണ കൂടി വിഎസിന് പരാജയത്തിന്റെ കൈപ്പുനീര്‍ കുടിക്കേണ്ടി വന്നു. 1977 ലും 1996 ലും ആയിരുന്നു അത്. 1996 ല്‍ സിപിഎമ്മിന്റെ ഉറച്ച കോട്ടയായിരുന്ന മാരാരിക്കുളത്തായിരുന്നു വിഎസിന് അടിപതറിയത്. മുഖ്യമന്ത്രി പദത്തിന് തൊട്ടടുത്ത് വച്ച് എല്ലാം തകര്‍ന്നുപോയ അവസ്ഥ. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയായിരുന്നു അന്ന് വിഎസിനെ പരാജയപ്പെടുത്തിയത്.

  പക്ഷേ, ഇതോടെ വിഎസ് പാര്‍ട്ടിയില്‍ വീണ്ടും ശക്തനായി. പാലക്കാട് സമ്മേളനത്തില്‍ സിഐടിയു വിഭാഗത്തെ വെട്ടി നിരത്തി. അന്ന് വിഎസിന്റെ വലംകൈ ആയിരുന്നു പിണറായി വിജയന്‍. ചടയന്‍ ഗോവിന്ദന്റെ മരണശേഷം പിണറായി വിജയനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്നതിന് പിന്നിലും വിഎസ് തന്നെ ആയിരുന്നു.

  എന്നാല്‍, പിന്നീട് കേരളം കണ്ടത് വിഎസ്-പിണറായി ദ്വന്ദ്വങ്ങള്‍ക്കിടയില്‍ പെട്ട് കലഹിക്കുന്ന സിപിഎമ്മിനെയാണ്. ഒരിക്കല്‍ വിഎസിന് വേണ്ടി വെട്ടിനിരത്തല്‍ നടത്തിയ പിണറായി വിജയന്‍, പാര്‍ട്ടിയിലെ വിഎസ് പക്ഷത്തെ ആകെ വെട്ടിനിരത്തി. പരസ്പരം ഉള്ള കൊമ്പുകോര്‍ക്കല്‍ പരസ്യ പ്രസ്താവനകളിലേക്ക് എത്തിയപ്പോള്‍ രണ്ട് പേരേയും സിപിഎം പോളിറ്റ് ബ്യൂറോയില്‍ നിന്ന് മാറ്റി നിര്‍ത്തി. പിണറായി വിജയന്‍ തിരിച്ച് പോളിറ്റ് ബ്യൂറോയില്‍ എത്തിയെങ്കിലും വിഎസിന്റെ വഴി അടഞ്ഞുതന്നെ കിടന്നു.

  മൂന്ന് തവണ കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരുന്നിട്ടുണ്ട് വിഎസ് അച്യുതാനന്ദന്‍. 1992 മുതല്‍ 1996 വരേയും, 2001 മുതല്‍ 2006 വരേയും , 2011 മുതല്‍ 2016 വരേയും. ഇതില്‍ 2001 മുതല്‍ 2006 വരെയുള്ള സമയത്താണ് വിഎസ് അച്യുതാനന്ദന്‍ എന്ന നേതാവ് ജനപിന്തുണയുള്ള ജനകീയ നേതാവായി ഉയരുന്നത്. പ്രതിപക്ഷ നേതാവ് എന്ന രീതിയില്‍ അദ്ദേഹം ഏറ്റെടുത്ത സമരങ്ങള്‍ ജനങ്ങള്‍ ഹൃദയത്തിലേറ്റുകയായിരുന്നു.

  പക്ഷേ, 2006 ലെ തിരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദന് സീറ്റ് നിഷേധിക്കാന്‍ ആയിരുന്നു പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിന്റെ നീക്കം. ഇതിനെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു. ഒടുവില്‍ വിഎസിന് മലമ്പുഴ സീറ്റ് തന്നെ നല്‍കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിതരായി. വന്‍ ഭൂരിപക്ഷത്തോടെ ആയിരുന്നു അത്തവണ എല്‍ഡിഎഫ് അധികാരത്തിലേറിയത്. പക്ഷേ, മുഖ്യമന്ത്രി സ്ഥാനം വിഎസിന് നല്‍കാന്‍ പാര്‍ട്ടി ഔദ്യോഗിക നേതൃത്വം അപ്പോഴും തയ്യാറായിരുന്നില്ല. ഒടുവില്‍ പോളിറ്റ് ബ്യൂറോ ഇടപെട്ടാണ് വിഎസിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

  കേരളം കണ്ട ഏറ്റവും മികച്ച സര്‍ക്കാരുകളില്‍ ഒന്നായിരുന്നു അച്യുതാനന്ദന്‍ സര്‍ക്കാര്‍. 2011 ലെ തിരഞ്ഞെടുപ്പിലും അച്യുതാനന്ദന് സീറ്റ് നിഷേധിക്കാന്‍ ശ്രമം നടന്നിരുന്നു. പക്ഷേ, 2006 ലേതുപോലെ വീണ്ടും ജനവികാരം ഉയര്‍ന്നു. വിഎസ് വീണ്ടും മലമ്പുഴയില്‍ നിന്ന് മത്സരിച്ച് നിയമസഭയില്‍ എത്തി.

  നേരിയ വ്യത്യാസത്തില്‍ ആയിരുന്നു അത്തവണ ഇടതുമുന്നണിയ്ക്ക് ഭരണം നഷ്ടമായത്. വിഎസ് അച്യുതാനന്ദന്‍ ഒരു ക്രൗഡ് പുള്ളറായി പ്രചാരണത്തിനിറങ്ങിയതായിരുന്നു ഇടതുപക്ഷത്തിന് വലിയ ഊര്‍ജ്ജമായത്. അന്ന് അധികാരം പിടിക്കാമായിരുന്നിട്ടും സിപിഎം അതിന് ശ്രമിക്കാതിരുന്നത് വിഎസിനെ വീണ്ടും മുഖ്യമന്ത്രിയാക്കേണ്ടിവരുമോ എന്ന ആശങ്കമൂലം ആയിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

  2016 ലും വിഎസിന് സീറ്റ് നിഷേധിക്കാന്‍ ആയിരുന്നു നീക്കം. പക്ഷേ, ഇത്തവണ വലിയ വിവാദങ്ങള്‍ക്ക് നില്‍ക്കാതെ മലമ്പുഴ സീറ്റ് വിഎസിന് തന്നെ നല്‍കി. ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയനായിരുന്നു ലഭിച്ചത്. വിഎസിനെ തൃപ്തിപ്പെടുത്തുന്നതിനായി ഭരണ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനായി ക്യാബിറ്റ് പദവിയോടെ അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു.

  ഇതിനിടെ പല പാര്‍ട്ടി സമ്മേളനങ്ങളും കടന്നുപോയി. 2015 ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ സംഭവവും നടന്നു. അതിന് ശേഷം നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് വിഎസിനെ കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായി തിരഞ്ഞെടുത്തു.

  96 വയസ്സുണ്ട് വിഎസ് അച്യുതാനന്ദന് ഇപ്പോള്‍. ഇപ്പോഴും അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായിത്തന്നെ തുടരുന്നു. ഈ ലോക്‌സഭ തിരഞ്ഞെടുപ്പിലും വിഎസ് തന്നെ ആയിരിക്കും ഇടതുപക്ഷത്തിന്റെ താരപ്രചാരകന്‍ എന്ന് ഉറപ്പാണ്.

  English summary
  VS Achuthanandan is the living legend of Communist Party of India Marxist.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X