മലപ്പുറത്ത് 2006 നെ വെല്ലാന്‍ ഇടത് നീക്കങ്ങള്‍; ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ആശങ്കയൊഴിയാതെ ലീഗ്
മലപ്പുറം: പുറത്ത് വന്ന പ്രീ പോള്‍ സര്‍വ്വേ ഫലങ്ങള്‍ എല്ലാം നല്‍കുന്ന സൂചന, മലപ്പുറം ജില്ലയില്‍ ഇത്തവണയും മുസ്ലീം ലീഗിന്റേയും യുഡിഎഫിന്റേയും അപ്രമാദിത്തമാകും എന്നാണ്. എന്നാല്‍ അടിത്തട്ടില്‍ കാര്യങ്ങളുടെ പോക്ക് അങ്ങനെയല്ലെന്ന ആശങ്ക മുസ്ലീം ലീഗ് നേതൃത്വത്തിനും ഉണ്ട്.
ആരോഗ്യം മാത്രമായിരുന്നില്ല പ്രശ്നം; ബിനീഷിന്റെ മയക്കുമരുന്ന് കേസും... കോടിയേരി മാറിയതിന് പിന്നില്‍
വികസനം മുന്‍നിര്‍ത്തിയും പൊതു സമ്മതരെ ഉയര്‍ത്തിയും ആണ് മലപ്പുറം പിടിക്കാന്‍ എല്‍ഡിഎഫിന്റെ നീക്കം. മുസ്ലീം ലീഗിനുള്ളിലെ പടലപ്പിണക്കങ്ങളും ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. 2006 നെ വെല്ലുന്ന പ്രകടനം ആണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. പരിശോധിക്കാം...
മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

2006 ല്‍
മുസ്ലീം ലീഗ് ഏറ്റവും വലിയ തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പായിരുന്നു 2006 ലേത്. ലീഗ് കോട്ട എന്ന് വിശേഷിപ്പിക്കപ്പെട്ട കുറ്റിപ്പുറത്ത് കരുത്തനായ പികെ കുഞ്ഞാലിക്കുട്ടി പോലും അടിയറവ് പറഞ്ഞ തിരഞ്ഞെടുപ്പായിരുന്നു അത്. അന്ന് 12 നിയമസഭാ മണ്ഡലങ്ങളാണ് മലപ്പുറം ജില്ലയില്‍ ഉണ്ടായിരുന്നത്. അതില്‍ അഞ്ചിടത്ത് വിജയിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു.

കാലം മാറി, കഥമാറി
2011 ല്‍ എത്തിയപ്പോള്‍ മുസ്ലീം ലീഗ് മലപ്പുറത്ത് ശരിക്കും കണക്ക് തീര്‍ത്തു. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം മലപ്പുറ് 16 മണ്ഡലങ്ങളായി. അതില്‍ 14 എണ്ണത്തിലും വിജയിച്ച് ലീഗ് ശക്തിപ്രകടനം നടത്തി. എല്‍ഡിഎഫ് വെറും രണ്ട് സീറ്റുകളില്‍ ഒതുങ്ങി. മഞ്ഞളാംകുഴി അലിയുടെ മുസ്ലീം ലീഗ് പ്രവേശനവും ഇതിന് വഴിവച്ചു എന്നതും യാഥാര്‍ത്ഥ്യമാണ്.

2016 ല്‍
തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരിച്ചടിച്ചു. 16 ല്‍ നാലിടത്ത് വിജയിക്കാനായി. അതില്‍ താനൂര്‍ സീറ്റ് മുസ്ലീം ലീഗില്‍ നിന്ന് പിടിച്ചെടുത്തതായിരുന്നു. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ആയ നിലമ്പൂരും എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. പിവി അന്‍വറിലൂടെ ആയിരുന്നു ഇത്.

ഇത്തവണ ലക്ഷ്യമെന്ത്
ഇത്തവണ എല്‍ഡിഎഫ് മലപ്പുറത്ത് ലക്ഷ്യമിടുന്നത് എട്ട് സീറ്റുകളാണ്. കഴിഞ്ഞ തവണത്തേതിനേള്‍ ഇരട്ടി സീറ്റുകള്‍. മലപ്പുറം ജില്ലയില്‍ അത്തരമൊരു മോഹം വ്യാമോഹം അല്ലേ എന്ന രീതിയിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍ അങ്ങനെയല്ല.

ഏതൊക്കെ മണ്ഡലങ്ങള്‍
സിറ്റിങ് മണ്ഡലങ്ങളായ പൊന്നാനി, തവനൂര്‍, താനൂര്‍, നിലമ്പൂര്‍ എന്നിവ നിലനിര്‍ത്താന്‍ സാധിക്കും എന്നാണ് എല്‍ഡിഎഫ് കരുതുന്നത്. ഇത് കൂടാതെ പെരിന്തല്‍മണ്ണ, മങ്കട, തിരൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന്, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ വിജയം നേടാന്‍ ആയേക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.

പെരിന്തല്‍മണ്ണയും തിരൂരും മങ്കടയും
സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ള മണ്ഡലങ്ങളാണ് പെരിന്തല്‍മണ്ണയും തിരൂരും. രണ്ടിടത്തും 2006 ല്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ വിജയിച്ചതും ആണ്. പെരിന്തല്‍മണ്ണയില്‍ ഇത്തവണ മുന്‍ മുസ്ലീം ലീഗ് നേതാവിനെ ആണ് സിപിഎം രംഗത്തിറക്കിയിട്ടുള്ളത്. തിരൂരില്‍ കഴിഞ്ഞ തവണ മത്സരിച്ച വ്യവസായി ഗഫൂര്‍ പി ലില്ലീസിനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കുകയാണ് സിപിഎം. 2006 ല്‍ സിപിഎമ്മിന് വേണ്ടി മഞ്ഞളാംകുഴി അലി പിടിച്ചെടുത്ത മണ്ഡലമാണ് മങ്കട. കഴിഞ്ഞ തവണ വെറും 1,508 വോട്ടുകള്‍ക്കായിരുന്നു ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്.

തിരൂരങ്ങാടി, വള്ളിക്കുന്ന്
തിരൂരങ്ങാടിയില്‍ കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച നിയാസ് പുളിക്കലകത്തെ ആണ് സിപിഐ സ്വന്തം സ്ഥാനാര്‍ത്ഥിയെ മാറ്റി ഇത്തവണ രംഗത്തിറക്കിയത്. കഴിഞ്ഞ തവണ മണ്ഡലത്തില്‍ ആറായിരത്തില്‍ പരം വോട്ടിനായിരുന്നു നിയാസിന്റെ പരാജയം. വള്ളിക്കുന്നില്‍ 2011 നെ അപേക്ഷിച്ച് 2016 ല്‍ മുസ്ലീം ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞിരുന്നു.

കൊണ്ടോട്ടിയില്‍
മുസ്ലീം ലീഗിന്റെ പെരുംകോട്ട എന്ന് അറിയപ്പെടുന്ന കൊണ്ടോട്ടിയില്‍ കഴിഞ്ഞ തവണ ഭൂരിപക്ഷം പതിനായിരത്തില്‍ പരം വോട്ടുകളായിരുന്നു. ഇത്തവണ വ്യവസായിയും നാട്ടുകാരനും പൗരപ്രമുഖനും ആയ സുലൈമാന്‍ ഹാജിയെ ആണ് സിപിഎം ഇവിടെ രംഗത്തിറക്കിയിട്ടുള്ളത്. സുലൈമാന്‍ ഹാജിയുടെ വ്യക്തിപ്രഭാവത്തില്‍ അത്ഭുതങ്ങള്‍ സംഭവിച്ചേക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.

കൈവിട്ടുപോകുമോ
മലപ്പുറം ജില്ലയിലെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളില്‍ എല്ലാം അതി ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ തര്‍ക്കങ്ങളാണ് വെല്ലുവിളി. തവനൂരില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ യുഡിഎഫ് സ്വതന്ത്രനായിട്ടാണ് കോണ്‍ഗ്രസ് അവതരിപ്പിക്കുന്നത്. താനൂരില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെ ആണ് മുസ്ലീം ലീഗ് രംഗത്തിറക്കിയത്. നിലമ്പൂരില്‍ പിവി അന്‍വറിനെതിരെ നാട്ടുകാരന്‍ കൂടിയായ വിവി പ്രകാശും മത്സരിക്കുന്നു.

യുഡിഎഫ് ഐക്യം
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ജില്ലയില്‍ മുസ്ലീം ലീഗ്- കോണ്‍ഗ്രസ് ഐക്യം ശക്തമാണെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. നിലമ്പൂരിലും തവനൂരിലും പൊന്നാനിയിലും എല്ലാം അത് പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഇരുപാര്‍ട്ടിയിലും ആഭ്യന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന സംശയവും ഉണ്ട്.
എംബി രാജേഷിന് വേണ്ടി ആഷിക് അബുവും ഇര്‍ഷാദും എത്തി; തൃത്താലയില്‍ ഇനി കെആര്‍ മീരയും എത്തുന്നു
വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകുമോ? കോഴിക്കോടന്‍ ചരിത്രം ആവര്‍ത്തിച്ചാല്‍ വന്‍ ദുരന്തം
ഹോട്ട് ലുക്കിൽ നടി അകാൻഷ, ചിത്രങ്ങൾ കാണാം