കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരഞ്ഞടുപ്പ് ഏകീകരണം ഹിന്ദുത്വ രാഷ്ട്ര സങ്കല്‍പ്പത്തിലേക്കുള്ള ചുവടുവെപ്പ്

  • By എം.ബിജു ശങ്കർ
Google Oneindia Malayalam News

എം ബിജുശങ്കര്‍

മാധ്യമപ്രവർത്തകൻ. മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ ബഹ്റൈൻ ന്യൂസ് എഡിറ്ററായിരുന്നു.

'ഒറ്റ രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന അജണ്ട നടപ്പാക്കിയെടുക്കാനുള്ള കേന്ദ്ര ബി ജെ പി സര്‍ക്കാര്‍ നീക്കത്തിനു പിന്നില്‍ ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന 'രാഷ്ട്ര' സങ്കല്‍പ്പത്തിലേക്കുള്ള ചുവടുവെപ്പാണെന്ന ആശങ്ക പ്രബലപ്പെടുകയാണ്. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമ സഭകളിലേക്കും തെരഞ്ഞെടുപ്പ് എന്ന വിധത്തില്‍ തെരഞ്ഞെടുപ്പ് ഏകീകരണം നടപ്പക്കാനുള്ള തത്രപ്പാടിലാണു കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ സമഗ്രമായ ഒരു തരഞ്ഞെടുപ്പു പരിഷ്‌കരണം ആവശ്യമാണെന്ന കാര്യത്തെ പൊതുവെ രാഷ്ട്രീയ കക്ഷികള്‍ അനുകൂലിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ബി ജെ പി സര്‍ക്കാര്‍ നടത്തുന്ന പരിഷ്‌കരണ നീക്കം സംശയാസ്പദമായിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതില്‍ പോലും സംശയത്തിന്റെ പുകമറയില്‍ നില്‍ക്കുന്ന തെരഞ്ഞെടുപ്പു കമ്മിഷന്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരുമിച്ചു നടത്തുന്നതിനെ കുറിച്ചാണു ചിന്തിക്കുന്നത്.കേന്ദ്ര നിയമ കമ്മിഷനും ഈ നീക്കങ്ങളെ പിന്‍തുണയ്ക്കുന്നു.

ജനാധിപത്യത്തെ തകർക്കും

ജനാധിപത്യത്തെ തകർക്കും

തെരഞ്ഞെടുപ്പ് തീയതികളുടെ ഏകീകരണമെന്നത് യഥാര്‍ഥത്തില്‍ ജനാധിപത്യസങ്കല്‍പത്തെ തകര്‍ക്കുന്ന നടപടിയാണ്. 2019 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകളെല്ലാം നടത്തണമെന്ന തീരുമാനം അംഗീകരിക്കപ്പെടുമ്പോള്‍, ഒന്നും രണ്ടും വര്‍ഷങ്ങള്‍ കാലാവധിയുള്ള, വിവിധ സംസ്ഥാന നിയമസഭകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നേരത്തെ നടത്തേണ്ടി വരും. ചില സംസ്ഥാനങ്ങളില്‍ കാലാവധി കഴിഞ്ഞും തെരഞ്ഞെടുപ്പു നീട്ടിവെക്കേണ്ടതായും വരും. തെരഞ്ഞെടുപ്പു ചെലവു ചുരുക്കുക എന്ന പേരില്‍ നടപ്പാക്കുന്ന ഈ പരിഷ്‌കാരം ഭരണ ഘടനാ പ്രതിസന്ധി സൃഷ്ടിക്കുന്ന നിരവധി സംഭവങ്ങളിലേക്കു രാജ്യത്ത കൊണ്ടുപോവും.

സുതാര്യത ഇല്ലാതാക്കും

സുതാര്യത ഇല്ലാതാക്കും

ലോക് സഭയും നിയമസഭയും അഞ്ചുവര്‍ഷത്തേക്കാണു തെരഞ്ഞെടുക്കപ്പെടുന്നത്. എങ്കിലും അതിനിടയിലുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇടക്കാല തെരഞ്ഞെടുപ്പുകള്‍ നടക്കേണ്ട അവസ്ഥ വരാറുണ്ട്. ഈ സാഹചര്യത്തെ എങ്ങനെ അഭിമുഖീകരിക്കുമെന്നു വ്യക്തമല്ല.

ജനാധിപത്യത്തിന്റെ സുതാര്യത നിലനിര്‍ത്തുന്നതിനു വേണ്ടിയാണു രാജ്യത്ത് ഇടക്കാല തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത്. തെരഞ്ഞെടുപ്പ് ഏകീകരണത്തിന്റെ പേരില്‍ രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിക്കാന്‍ ഈ സാഹചര്യം വിനിയോഗിക്കാനുള്ള നീക്കം ജനാധിപത്യത്തിന്റെ അന്തസ്സത്തയെ ചോദ്യം ചെയ്യുന്നതാണ്.

മാറ്റങ്ങൾ വേണം

മാറ്റങ്ങൾ വേണം

യഥാര്‍ഥത്തില്‍ രാജ്യത്ത് വിപുലമായ തെരഞ്ഞെടുപ്പു പരിഷ്‌കാരം ആവശ്യമാണ്. പ്രാതിനിധ്യ വോട്ടിങ് സമ്പ്രദായം എന്നത് ഈ ദിശയില്‍ സുപ്രധാനമായ നിര്‍ദ്ദേശമാണ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 31 ശതമാനം വോട്ടു ലഭിച്ച ബി ജെ പി അധികാരത്തിലെത്തി. കുറഞ്ഞ വോട്ടു ലഭിച്ചാലും അധികാരത്തിലെത്തുന്ന ഈ രീതി യഥാര്‍ഥ ജനാധിപത്യത്തിന്റെ അന്തസ്സത്തക്കെതിരാണ്. ഭൂരിപക്ഷത്തിന്റെ ജനവിധി ലഭിക്കാത്തവരാണ് അധികാരത്തിലെത്തുന്നത് എന്നത് രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ പോരായ്മയായി വിലയിരുത്തപ്പെടുന്നു. മത, ഭാഷാ,ലൈംഗിക ന്യൂനപക്ഷങ്ങള്‍, ദലിതുകള്‍, സ്ത്രീകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കു ജനപ്രാതിനിധ്യ സഭകളില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പു സംവിധാനം പരിഷ്‌കരിക്കേണ്ടതുണ്ട്.

പണക്കൊഴുപ്പിന്റെ തിരഞ്ഞെടുപ്പ്

പണക്കൊഴുപ്പിന്റെ തിരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പുകളില്‍ പണമൊഴുക്കാന്‍ കോര്‍പറേറ്റുകള്‍ നേരിട്ടു നിലയുറപ്പിക്കുന്നിടം വരെ പണക്കൊഴുപ്പിന്റെ സാന്നിധ്യം ഇന്നു പ്രകടമാണ്. അധികാരമുപയോഗിച്ച് ഉണ്ടാക്കുന്ന അനധികൃത സമ്പാദ്യവും കള്ളപ്പണക്കാരുടെയും അവിഹിത സമ്പാദ്യക്കാരുടേയും സ്വാധീനവും തെരഞ്ഞെടുപ്പു വിജയത്തിന് അനിവാര്യമായിത്തീരുന്നു. പണക്കൊഴുപ്പ് കാട്ടാനാകാത്തവര്‍ പിന്തള്ളപ്പെടുന്ന സ്ഥിതിയുമുണ്ട്. ജനങ്ങളില്‍ ശത്രുത സൃഷ്ടിക്കുംവിധം വിദ്വേഷാന്തരീക്ഷം ഓരോ തെരഞ്ഞെടുപ്പിലും വര്‍ധിക്കുന്നു. ബാബറി മസ്ജിദ് തകര്‍ത്തതിലൂടെ ബി ജെ പി അധികാരത്തിലേക്കുള്ള യാത്ര സുഗമമാക്കിയത് ഇതിന്റ പച്ചയായ ഉദാഹരണമാണ്. ഓരോ വര്‍ഗീയ കലാപങ്ങളും തെരഞ്ഞെടുപ്പു വിജയത്തിനുള്ള ഉപകരണങ്ങളായിത്തീരുന്നു. ഇതെല്ലാം കൃത്യമായി തടയുന്നതായിരിക്കണം തെരഞ്ഞെടുപ്പു പരിഷ്‌കരണം.

ഇത്തരം പരിഷ്‌കരണങ്ങള്‍ക്കു ബി ജെ പി മുതിരുകയില്ലെന്നുറപ്പാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ഏകീകരണം പോലുള്ള നീക്കങ്ങള്‍ക്കുപിന്നില്‍ മറ്റു ചിലത് ഒളിച്ചു കടത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ഹിന്ദു ദേശീയ വാദി

ഹിന്ദു ദേശീയ വാദി

പരിഷ്‌കരണത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇത്തരം ഗൗരവമേറിയ വിഷയങ്ങളാണ് പരിഗണനാര്‍ഹമാകേണ്ടത്. അതല്ലാതെ ഇപ്പോള്‍ ബിജെപി തുടങ്ങിവച്ച പരിഷ്‌കരണ ശ്രമങ്ങള്‍ ദുരുഹവും ജനാധിപത്യവിരുദ്ധവും ഫാസിസ്റ്റ് പ്രവണതകള്‍ക്കു വഴിയൊരുക്കുന്നതുമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.
ഇന്ത്യയുടെ ഭരണഘടന എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിലും എല്ലാവര്‍ക്കും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ നീതി ഉറപ്പുവരുത്തുന്നതിലുമുള്ള അതിന്റെ പ്രതിബദ്ധത ഊന്നിപ്പറയുന്നു. ഈ ഭരണഘടനയുടെ നിലനില്‍പ്പു തന്നെ ചോദ്യംചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. താനൊരു ഹിന്ദു ദേശീയ വാദിയാണെന്നു രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന അന്തരീക്ഷം രാജ്യത്തു വന്നു തീര്‍ന്നു.

മനുസ്മൃതിയിൽ നിന്നും

മനുസ്മൃതിയിൽ നിന്നും

ബ്രാഹ്മണ വേദഗ്രന്ഥമായ 'മനുസ്മൃതി' ഇന്ത്യന്‍ ഭരണഘടനയാക്കണമെന്ന് ആഗ്രഹിക്കുന്നവരാണു രാജ്യം ഭരിക്കുന്നത്. 1949 നവംബര്‍ 26നു ഭരണഘടനാ സമിതി ഇന്ത്യന്‍ ഭരണഘടന പാസാക്കിയപ്പോള്‍ തന്നെ മനുസ്മൃതി ഭരണ ഘടനയാക്കേണ്ടതിന്റെ പ്രധാന്യം ഉയര്‍ത്തിപ്പിടിച്ചു രംഗത്തു വന്നവരാണവര്‍.
സ്ത്രീകളെയും കീഴ്ജാതിക്കാരെയും മനുഷ്യരായിപോലും പരിഗണിക്കാത്ത ബ്രാഹ്മണ വേദഗ്രന്ഥമെന്ന നിലയിലാണ് 'മനുസ്മൃതി' നിലക്കൊള്ളുന്നത്.
പാശ്ചാത്യ രാജ്യങ്ങളുടെ വ്യത്യസ്ത ഭരണഘടനകളില്‍ നിന്നുള്ള പല വകുപ്പുകളും തലങ്ങും വിലങ്ങും ഏച്ചുകെട്ടി ഉണ്ടാക്കിയതാണു നമ്മുടെ ഭരണഘടനയെന്നും നമ്മുടേതെന്നു വിളിക്കുവുന്ന ഒന്നും അതിലില്ലെന്നുമാണ് ആര്‍ എസ് എസ് സൈദ്ധാന്തികന്‍ എം എസ് ഗോള്‍വാള്‍ക്കര്‍ ഇന്ത്യന്‍ ഭരണഘടനയെ വിശകലനം ചെയ്തത്.

ആർ എസ് എസിന്റെ രാഷ്ട്ര സങ്കൽപ്പം

ആർ എസ് എസിന്റെ രാഷ്ട്ര സങ്കൽപ്പം

ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനായി ദൈനംദിന പ്രാര്‍ഥനകളില്‍ മുഴുകുന്നവരാണു രാജ്യംഭരിക്കുന്നത്. എല്ലാവരേയും ഉള്‍ച്ചേരുന്ന ഒരു രാഷ്ട്രം എന്നതല്ല ആര്‍ എസ് എസിന്റെ രാഷ്ട്രസങ്കല്‍പ്പം.

ഹിന്ദുസ്ഥാന്‍ ഭരിക്കുന്നത് ഹിന്ദുക്കളായിരിക്കുമെന്നും രാജ്യഘടന ഹിന്ദുമതത്തിന്റെ സുരക്ഷിതാടിത്തറയിലാകും കെട്ടിപ്പടുക്കുകയെന്നും അവര്‍ ആവര്‍ത്തിക്കുന്നു. ഈ ആശയങ്ങള്‍ അംഗീകരിച്ചാല്‍ തീരുന്നതേയുള്ളൂ മിക്കവാറും സംശയങ്ങളും ഇന്നിന്റെയും നാളെയുടെയും പ്രശ്‌നങ്ങളുമെന്നും അവര്‍ പ്രഖ്യാപിക്കുന്നു. രാഷ്ട്രം കെട്ടിപ്പടുക്കേണ്ടത് ഹിന്ദുക്കളാലും ഹൈന്ദവ പാരമ്പര്യത്താലും സംസ്‌കാരത്താലും ആശയത്താലും അഭിലാഷങ്ങളാലുമായിരിക്കണമെന്നതാണ് അവരുടെ പ്രഖ്യാപിത ലക്ഷ്യം.

കുടില തന്ത്രം

കുടില തന്ത്രം

ജനാധിപത്യ മതേതര ഇന്ത്യന്‍ ഭരണഘടനയോടും അതിന്റെ എല്ലാ ചിഹ്നങ്ങളോടും ആര്‍ എസ് എസ്സിന് കടുത്ത എതിര്‍പ്പാണെങ്കിലും അതു പരസ്യമായി അവര്‍ പ്രകടിപ്പിക്കാറില്ല. ഇന്ത്യന്‍ ഭരണഘടനയുടെ വാര്‍ഷികാഘോഷം അവര്‍ കൊണ്ടാടും. തങ്ങളുടെ താല്‍പര്യം നടപ്പാക്കാന്‍ അനുയോജ്യമായ നേരവും കാലവും ഒത്തുവരുന്നതുവരെ ശാന്തമായി കാത്തിരിക്കാന്‍ സജ്ജരാവുകയെന്നതാണ് ഇവരുടെ കുടില തന്ത്രം. നരേന്ദ്ര മോഡി അധികാരത്തില്‍ എത്തിയ ശേഷം ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങള്‍ ഒന്നൊന്നായി ദുര്‍ബലമാക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞത് ഇതിന്റെ ഭാഗമാണ്. ജനാധിപത്യ മതേതര ഇന്ത്യയെ ഒന്നടങ്കം തകര്‍ത്തെറിയാനുള്ള ചവിട്ടുപടികളാണത്.

അധികാരം കേന്ദ്രീകരിക്കാൻ

അധികാരം കേന്ദ്രീകരിക്കാൻ

''ഒരൊറ്റ പതാകയാലും ഒരൊറ്റ നേതാവിനാലും ഒരൊറ്റ പ്രത്യയശാസ്ത്രത്താലും പ്രചോദിതരായ ആര്‍ എസ് എസ് ഈ മഹദ് ഭൂമിയുടെ മുക്കിലും മൂലയിലും ഹിന്ദുത്വത്തിന്റെ തീനാളങ്ങള്‍ കൊളുത്തു''മെന്നുഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിക്കുകയുണ്ടായി.
നാനാത്വത്തില്‍ ഏകത്വം നിലനില്‍ക്കുന്ന ഇന്ത്യക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണു ഫെഡറല്‍ തത്വം ഭരണഘടന അരക്കിട്ടുറപ്പിച്ചത്. ഈ സംവിധാനം അട്ടിമറിച്ച് അധികാരം കേന്ദ്രീകരിക്കാനുള്ള രഹസ്യനീക്കമാണ് തെരഞ്ഞെടുപ്പ് ഏകീകരണ നീക്കത്തിലൂടെ പ്രകടനമാവുന്നതെന്നു വ്യക്തമാണ്.

 രാഷ്ട്രസങ്കൽപ്പം

രാഷ്ട്രസങ്കൽപ്പം

പാര്‍ലിമെന്ററി സമ്പ്രദായത്തെ ദുര്‍ബലമാക്കി വ്യക്തി കേന്ദ്രീകൃതമായ പ്രസിഡന്‍ഷ്യല്‍ രീതി നിലവില്‍ വന്നാല്‍ തങ്ങള്‍ ആഗ്രഹിക്കുന്ന 'രാഷ്ട്ര 'സങ്കല്‍പ്പത്തിലേക്കുള്ള ദൂരം ഏറെ ചുരുക്കാന്‍ കഴിയുമന്ന് അവര്‍ കണക്കുകൂട്ടുന്നു. പാര്‍ലിമെന്ററി സമ്പ്രദായത്തേയും ഫെഡറല്‍ വ്യവസ്ഥയേയും കേന്ദ്രസര്‍ക്കാറിന്റെ വരുതിയിലാക്കാനുള്ള രഹസ്യ നീക്കമാണ് നടക്കുന്നതെന്നു വ്യക്തം. സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാറിന്റേയും ഗവര്‍ണര്‍മാരുടേയും മേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കുന്നതിലൂടെ ജനാധിപത്യത്തിന്റെ അന്തസ്സത്ത ചോര്‍ത്തി തങ്ങളുടെ രാഷ്ട്ര സങ്കല്‍പ്പത്തിലേക്ക് ചുവടുകള്‍ ഉറപ്പിക്കാനുള്ള നീക്കമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നതാണ് ഭീതി ജനകം.

English summary
m bijushankar on one nation one election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X