• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിശകലനമോ വിവേകബുദ്ധിയോ ഇല്ലാത്ത, രാഷ്ട്രീയ ബോധ്യങ്ങള്‍ തീരെയില്ലാത്ത സർവ്വേകൾ- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു

  • By Desk

തിരഞ്ഞെടുപ്പ് പ്രചരണം ഉച്ചസ്ഥായിയിലാണ് കേരളത്തില്‍. തുടര്‍ഭരണം എന്ന് സര്‍വ്വരും പറയുന്നുണ്ട്. പക്ഷേ കേരളത്തിന് പരിചയമുള്ള കാര്യമല്ല അത്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസിന് തുടര്‍ ഭരണം ലഭിച്ചുവെങ്കിലും ആ സാഹചര്യവും കാലവും ചരിത്രത്തിലാണ്ടുപോയി. വളരെ കുറച്ച് മണ്ഡലങ്ങളിലും പ്രദേശങ്ങളിലുമൊഴികെ കേരളത്തിലെമ്പാടും രാത്രി വൈകുവോളം, പുലര്‍ച്ച മുതല്‍ പ്രചരണ വാഹനങ്ങള്‍, പൊതുസമ്മേളനങ്ങള്‍, അനൗണ്‍സ്‌മെന്റുകള്‍, റാലികള്‍ എന്നിവയുടെ കോലാഹലമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ലാതെ മറ്റൊരു ചര്‍ച്ചയില്ല. അതുകൊണ്ട് തന്നെ ടെലിവിഷന്‍ ചാനലുകളിലെ പതിവ് പ്രദേശിക വാര്‍ത്തകള്‍ക്കും അന്തിചര്‍ച്ചകള്‍ക്കും വലിയ താത്പര്യമില്ല. അതുകൊണ്ട് സര്‍വ്വേയാണ് പ്രധാന പരിപാടി. ഒരോ ദിവസവും സര്‍വ്വേ. മത്സരിച്ച് സര്‍വ്വേ. ഒരു വിശകലനമോ വിവേകബുദ്ധിയോ ഇല്ലാതെ, രാഷ്ട്രീയ ബോധ്യങ്ങള്‍ തീരെയില്ലാതെ സര്‍വ്വേ.

കോണ്‍ഗ്രസ്-ലീഗ്-ബിജെപി-മീഡിയ സഖ്യം; അന്നും ഇന്നും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു

ബിജെപിയുടെ സ്വപ്‌നങ്ങളും കോണ്‍ഗ്രസിന്റെ തിരിച്ചറിവുകളും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു

പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം

എന്തിന് ഇത്തരം സർവ്വേകൾ

എന്തിന് ഇത്തരം സർവ്വേകൾ

സര്‍വ്വേകളിലെല്ലാം ആവര്‍ത്തിക്കുന്ന കാര്യം തുടര്‍ഭരണം ലഭിക്കുമെന്നാണ്. പക്ഷേ അന്തിമ കണക്കില്‍ മാത്രമേ ഏകദേശമെങ്കിലും യോജിപ്പുള്ളൂ. തൃശൂരില്‍ ഇടതുപക്ഷം ജയിക്കുമെന്ന് ഒരു ചാനല്‍ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെ മറ്റൊരു ചാനല്‍ മൂന്നാം സ്ഥാനത്താകുമെന്ന് പ്രവചിക്കുന്നുണ്ട്. തൃക്കരിപ്പൂര്‍, നെന്മാറ, ഉടുമ്പന്‍ ചോല, ചേലക്കര എന്നിങ്ങനെയുള്ള നെടുംകോട്ടകളില്‍ പോലും സംശയം ഉയര്‍ത്തുന്നവരുണ്ട്. കോഴിക്കോടും തിരുവനന്തപുരത്തും യുഡിഎഫിന് ഒറ്റ സീറ്റും നല്‍കാത്ത സര്‍വ്വേകളുണ്ട്. ഇത്തരം സര്‍വ്വേകള്‍, ചാനലുകളുടെ പ്രേക്ഷകരെയും അതുവഴി അവരുടെ റേറ്റിങ്ങിനേയും പരസ്യത്തിനേയും മാത്രം ഉദ്യേശിച്ചുള്ളതാണോ? അതോ പ്രേക്ഷകരെ ഏതെങ്കിലും തരത്തില്‍ ഇത് സ്വാധീനിക്കുമോ?

രാഷ്ട്രീയം റദ്ദ് ചെയ്യുന്നു

രാഷ്ട്രീയം റദ്ദ് ചെയ്യുന്നു

സര്‍വ്വേകള്‍ വിജയങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും, എന്താണ് മണ്ഡലങ്ങളില്‍ അടിത്തട്ടില്‍ ചര്‍ച്ചയാകുന്നത് എന്നതിനെ കുറിച്ച് മൗനം പാലിക്കുകയാണ്. ജയപരാജയ സാധ്യതകളിലൂന്നിയുള്ള ചര്‍ച്ചകള്‍ മാത്രമാക്കി രാഷ്ട്രീയത്തെ റദ്ദുചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ട്. വടക്ക് കോഴിക്കോട് വരെയും തെക്ക് കോവളം വരെയും നടത്തിയ ചെറിയ യാത്രകളില്‍ നിന്ന് കേരളത്തിലെ അടിസ്ഥാന രാഷ്ട്രീയ ചര്‍ച്ച എന്താണെന്നുള്ളത് ബോധ്യമമുണ്ടായിട്ടുണ്ട്. പ്രതിസന്ധികാലത്ത് ഭക്ഷണവും പ്രതീക്ഷയും ഉണ്ടായിയെന്നുള്ളത് പ്രധാനമാണ്. മുടങ്ങാത്ത ക്ഷേമ പെന്‍ഷനുകള്‍ തീര്‍ച്ചയായും ചര്‍ച്ചയാണ്. ഓഖി മുതല്‍ നിപ്പയും പ്രളയങ്ങളും കോവിഡും വരെയുള്ള കാലത്ത് സര്‍ക്കാരുണ്ടായിരുന്നു കൂടെയെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ എന്നയാളോട് ബഹുമാനമുണ്ട്. കാര്യമായ കുറ്റങ്ങളൊന്നും പറയാന്‍ കാരണങ്ങളില്ല. അഥവാ സര്‍ക്കാരിനോട് രോഷമില്ല, ഭരണാധികാരിയോട് താത്പര്യമുണ്ട്. പക്ഷേ അപ്പോഴും ഭരണം മാറുന്നത് നല്ലതല്ലേ എന്ന ചോദ്യം ഉയരാം. ആദ്യഘട്ടത്തില്‍ പതിവ് പോലെ ലേശം പിന്നോട്ടടിച്ച കോണ്‍ഗ്രസ് പുതുമുഖ സ്ഥാനാര്‍ത്ഥികളുമായി മത്സരരംഗത്ത് സജീവമായി എത്തി. മഞ്ചേശ്വരം മുതല്‍ പാറശാല വരെ മത്സരം വാശിയും വീറുമുള്ളതാക്കാന്‍ അത് സഹായിച്ചിട്ടുണ്ട്.

ബിജെപിയുടെ സന്പത്തിന്റെ വളർച്ച

ബിജെപിയുടെ സന്പത്തിന്റെ വളർച്ച

മഞ്ചേശ്വരം, നേമം, തിരുവനന്തപുരം, കഴക്കൂട്ടം, തൃശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളിലല്ലാതെ മറ്റൊരിടത്തും പ്രസക്തര്‍ പോലുമല്ലാത്ത ബിജെപിയുടെ ചുറ്റുമാണ് പക്ഷേ മാധ്യമങ്ങളുടെ ചര്‍ച്ച വട്ടമിട്ട് പറക്കുന്നത്. ബിജെപിക്ക് എത്ര സീറ്റ് ലഭിക്കും? ബിജെപി സ്ഥാനാര്‍ത്ഥികള്‍ എന്ത് പറയുന്നു? മണ്ഡലം തിരിച്ച് ശതമാനം എത്രവരും? ഏതെല്ലാം മണ്ഡലത്തില്‍ അവര്‍ വോട്ട് മറിക്കും? അവരുടെ ഗ്രൂപ്പ് വഴക്കുകള്‍ എത്രത്രോളം അവരെ ബാധിക്കും? അവര്‍ക്കൊപ്പം ആരാണ്? ഇത്രമാത്രമാണ് ബിജെപിക്ക് ഈ തിരഞ്ഞെടുപ്പില്‍ ആഗ്രഹമുള്ളൂ. വോട്ട് കച്ചവടത്തിന്റെ ദീര്‍ഘ ചരിത്രം അവര്‍ക്കുണ്ട്. ഗ്രൂപ്പ് വഴക്കും പരസ്യമായ പഴിചാരലുകളും ഇത്രയേറെ സജീവായിരിക്കുന്നതിന് ഒരൊറ്റ കാരണമേ ഉള്ളൂ. അത് അവരുടെ പാര്‍ട്ടിയുടെ വളര്‍ച്ചയല്ല, പാര്‍ട്ടിയുടെ സമ്പത്തിന്റെ വളര്‍ച്ചയാണ്.

ബിജെപിയ്ക്ക് വേണ്ടിയുള്ള കോലാഹലങ്ങൾ

ബിജെപിയ്ക്ക് വേണ്ടിയുള്ള കോലാഹലങ്ങൾ

കേരളത്തിലെ ഏത് മണ്ഡലവും എടുത്ത് നോക്കൂ. അഞ്ച് മുതല്‍ 15 ശതമാനം വരെ കഷ്ടി വോട്ട് പിടിച്ച് മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെടുമെന്ന് ഉറപ്പുള്ള സ്ഥാനാര്‍ത്ഥികളുടെ പോലും പോസ്റ്ററുകളും പ്രചരണവും ആര്‍ഭാടവും എല്‍ഡിഎഫ് - യുഡിഎഫ് മുന്നണികളേക്കാള്‍ എത്രയോ എത്രയോ കൂടുതലായിരിക്കും. വര്‍ഗ്ഗീയതവും വിഭാഗീയതയും എന്നതിനേക്കാള്‍ സ്ഥാനാര്‍ത്ഥികളെ ബിജെപി പാളയത്തില്‍ ആഘോഷത്തോടെ പിടിച്ചിരുത്തുന്നത് അളവില്ലാത്ത ഈ സമ്പത്തിന്റെ ഒഴുക്കാണ്. ചാനലുകളിലും പത്രങ്ങളിലും ഫ്‌ളെക്‌സ് ബോര്‍ഡുകളിലും ബസുകളിലും ഓട്ടോകളിലും എന്ന് വേണ്ട പണം കൊണ്ട് സാധിക്കാവുന്ന എല്ലാ പ്രചരണ പരിപാടികളിലും ഒന്നാമതായി ബിജെപി ഉണ്ട്. ഉള്ള ഒരു സീറ്റ് നിലനിര്‍ത്തുക, പറ്റുമെങ്കില്‍ മറ്റ് രണ്ട് സീറ്റുകളെങ്കിലും നേടുക, മൂന്ന് നാല് സീറ്റുകളില്‍ രണ്ടാം സ്ഥാനത്താവുക എന്നതാണ് ലക്ഷ്യമെന്ന് ഓര്‍ക്കണം. നിലവിലുള്ള സാഹചര്യത്തില്‍ തുറന്ന അക്കൗണ്ട് പൂട്ടുന്ന ലക്ഷണമാണ്. അങ്ങനെയെങ്കില്‍ മൂന്നോ നാലോ സീറ്റില്‍ രണ്ടാംസ്ഥാനം കിട്ടുന്ന, ബാക്കി 135 സീറ്റുകളിലും മൂന്നാം സ്ഥാനത്തോ അതിലും താഴെയോ മാത്രമുള്ള പാര്‍ട്ടി സൃഷ്ടിക്കുന്ന കോലാഹലമാണ് നമ്മളീ 2021 -ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.

ശരാശരി ബിജെപിക്കാരന്റെ മനസ്സിലിരിപ്പ്

ശരാശരി ബിജെപിക്കാരന്റെ മനസ്സിലിരിപ്പ്

തലശേരിയില്‍ ഷംസീര്‍ തോല്‍ക്കണമെന്നും ഗുരുവായൂരില്‍ കെഎന്‍എ ഖാദര്‍ ജയിക്കണമെന്നുമുള്ള സുരേഷ് ഗോപിയുടെ പ്രസ്താവന ഒരു ശരാശരി ബിജെപിക്കാരന്റെ മനസിലിരുപ്പാണ്. ഇടതുപക്ഷം തോല്‍ക്കണമെന്നുള്ളതിനപ്പുറത്ത് ഒരാഗ്രഹവും കേരളത്തില്‍ അവര്‍ക്കില്ല. ലീഗിനോ കോണ്‍ഗ്രസിനോ ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. ഗുരുവായൂരില്‍ ബിജെപി വോട്ട് ലഭിക്കാന്‍ വേണ്ടി പൗരത്വ നിയമം നടപ്പിലായാല്‍ ജനങ്ങളുടെ പൗരത്വമുറപ്പിക്കാന്‍ ലീഗ് കൂടെയുണ്ടാകുമെന്ന് പ്രസ്താവന നടത്തിയ അതേ ടീം മലപ്പുറത്തും കോഴിക്കോടും ഉടനീളം സിപിഐഎം-ബിജെപി സഖ്യമെന്ന് മൈക്ക് വച്ച് അനുദിനം അനുനിമിഷം പ്രചരിപ്പിക്കുന്നുണ്ട്. സീറ്റ് മോഹിച്ച് ഡല്‍ഹിയില്‍ നിന്ന് ചെങ്ങന്നൂരെത്തി ബിഷപ്പുമാരെ കണ്ട് ഡീലുമറപ്പിച്ച ഒരു ആര്‍എസ്എസുകാരന്‍ കേരള ബിജെപിയിലെ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് തഴയപ്പെട്ടപ്പോള്‍ സിപിഐഎമ്മുമായി സഖ്യമുണ്ടാക്കുന്നവരാണ് കേരളത്തിലെ നേതാക്കളെന്ന് പുലഭ്യം പറഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം ദൈവനിന്ദപോലുള്ള കുറ്റമാണത്. പക്ഷേ അതേറ്റു പിടിച്ചത് ലീഗും കോണ്‍ഗ്രസും യുഡിഎഫിന് വേണ്ടി ഒരു പ്രതിഫലവും ഇച്ഛിക്കാതെ, പഴിമാത്രം കേട്ട് പണിയെടുക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിക്കാരുമാണ്. വാട്‌സ്അപ്പുകളില്‍, കോര്‍ണര്‍ മീറ്റിങ്ങുകളില്‍, കുടുംബയോഗങ്ങളില്‍ ആ സംഘപരിവാറുകാരന്റെ കൊതിക്കെറുവാണ് പ്രചരണായുധം.

കോൺഗ്രസ് ചെയ്യുന്നത്

കോൺഗ്രസ് ചെയ്യുന്നത്

അതേസമയം കഴിഞ്ഞ തവണ നേമത്ത് താന്‍ ജയിച്ചത് -ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം സൃഷ്ടിച്ചത്, അക്കൗണ്ട് തുറന്നത്- കോണ്‍ഗ്രസുകാര്‍ തനിക്ക് വോട്ട് മറിച്ചത് കൊണ്ടാണെന്നുള്ള ഒ രാജഗോപാലിന്റെ പ്രസ്താവന മുങ്ങി. പക്ഷേ കോഴിക്കോട് നോര്‍ത്തിലെ സിപിഐഎം സ്ഥാനാര്‍ത്ഥിയുടെ, കഴിഞ്ഞ നാലു പതിറ്റാണ്ടായി നഗരത്തില്‍ സിപിഐഎം പണിതുയര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച തോട്ടത്തില്‍ രവീന്ദ്രന്റെ, മരിച്ച് പോയ സഹോദരി കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നുവെന്ന് ഫോട്ടോ സഹിതം പ്രചരണം നടത്തുന്നുണ്ട്. പൂഞ്ഞാര്‍ മണ്ഡലത്തിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഈരാറ്റുപേട്ടയില്‍ പോലും സിപിഐഎം-ബിജെപി സഖ്യമെന്ന പ്രചരണം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉജ്ജ്വലമായി നടക്കുന്നുണ്ട്. ഹൈന്ദവ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് ശബരിമലയിലെ വിശ്വാസ ലംഘനം നടത്തിയ ഹിന്ദുവിരുദ്ധ ഇടതുപക്ഷം, മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപിയോടൊപ്പം ചേരുന്ന ഹൈന്ദവ തീവ്രവാദ ഇടതുപക്ഷം എന്നിങ്ങനെയാണ് ചര്‍ച്ചയുടെ പോക്ക്.

തുടർഭരണങ്ങൾ ഒഴിവാക്കിയത്

തുടർഭരണങ്ങൾ ഒഴിവാക്കിയത്

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിന്നുള്ളില്‍, 2001-ല്‍ ഒഴികെ, കേരളത്തില്‍ ഇടത്പക്ഷത്തിന് തുടര്‍ ഭരണം ലഭിക്കാതിരുന്നത് ഭരണം മോശമായത് കൊണ്ടല്ല. അഥവാ നമ്മളാദ്യം പറഞ്ഞ- കോഴിക്കോട് മുതല്‍ കോവളം വരെയുള്ള- ഭരണത്തിനെ കുറിച്ചുള്ള മതിപ്പോ, മുഖ്യമന്ത്രിയെ കുറിച്ചുള്ള നല്ല വിചാരങ്ങളോ അല്ല റിസള്‍ട്ടിനെ സ്വാധീനിക്കുന്നത്. അത് ബിജെപിയുടെ ചെറിയ സഹായം സ്വീകരിച്ച് പല മണ്ഡലങ്ങളിലും അട്ടിമറി നടത്താന്‍ യുഡിഎഫിന് സാധിക്കുമോ എന്നതും നിഷ്പക്ഷ മുസ്ലീം വോട്ടിനെ ഇടത്പക്ഷത്തേയ്ക്ക് പോകാതിരിക്കാനുള്ള യുഡിഎഫ് ശ്രമം വിജയിക്കുമോ എന്നതും ആശ്രയിച്ചിരിക്കും. പൗരത്വബില്ലിന്റെ മേലുള്ള പ്രക്ഷോഭം മുതല്‍ ബിജെപിക്കെതിരെയുള്ള അര്‍ത്ഥ ശങ്കയില്ലാത്ത സമീപനം വരെയുള്ള കാര്യങ്ങളില്‍ ഇടതുപക്ഷവും പ്രത്യേകിച്ച് പിണറായി വിജയനും കൈക്കൊണ്ട് പോന്നിരുന്ന സമീപനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെയുള്ള പരമ്പരാഗത സമീപനത്തില്‍ നിന്ന് മാറ്റി ചിന്തിക്കാന്‍ വലിയ വിഭാഗം മുസ്ലീങ്ങളെയും മുസ്ലീം സംഘടനകളേയും പ്രേരിപ്പിച്ചിട്ടുണ്ട്. സമസ്തയുടെ നേതൃത്വമെല്ലാം ഇത്തരത്തില്‍ ചിന്തിക്കുന്നതിന് മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിശ്വാസി സമൂഹത്തെ കുറേ കൂടി വിശാലാര്‍ത്ഥത്തില്‍ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഇടതുപക്ഷ സമീപനവും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ക്രൈസ്തവ വോട്ടുപിടിക്കാൻ ബിജെപി

ക്രൈസ്തവ വോട്ടുപിടിക്കാൻ ബിജെപി

മധ്യകേരളത്തിലാകട്ടെ നിസാരമല്ലാത്ത ശ്രമങ്ങള്‍ ബിജെപി ക്രിസ്ത്യന്‍ സമൂഹങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്നുണ്ട്. ദീപിക പത്രത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികളുടെ എണ്‍പത്ശതമാനവും മുസ്ലീം സമുദായത്തിന് ലഭിക്കുന്നുന്നു എന്ന മട്ടിലുള്ള പ്രകോപനപരമായ പ്രചരണം നടന്നു. ലവ് ജിഹാദ് കേന്ദ്രീകരിച്ച് ചര്‍ച്ച നടന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയാണ് നിലവില്‍ മുസ്ലിം ചെറുപ്പക്കാര്‍ വശീകരിച്ച് മതം മാറ്റുന്നത് എന്നുള്ളത് ചെറിയ പ്രചരണമല്ല. ഇത്തരം നുണക്കഥകളും വിദ്വേഷചര്‍ച്ചകളും വ്യാജവും പ്രകോപനപരമായ പ്രചരണങ്ങളും നടത്തുന്നതിന് ഒപ്പം പതിറ്റാണ്ടുകളായി തുടരുന്ന ഓര്‍ത്തഡോക്സ്- യാക്കോബായ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമം പ്രധാനമന്ത്രിയുടെയും ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നു എന്നും വാര്‍ത്തകള്‍ പരന്നു. പല ബിഷപ്പുമാരുമായും ബിജെപി നേതാക്കള്‍ ചൂടിക്കാഴ്ച നടത്തി. ലവ് ജിഹാദ് ചര്‍ച്ചയും 80-20 ന്യൂനപക്ഷ പദ്ധതി ആനുകൂല്യചര്‍ച്ചയും എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടലും വ്യാപകമായി. ഇതിന്റെ പൂര്‍ണ്ണമായ ലക്ഷ്യം വോട്ട് നേടുക എന്നതിന് അപ്പുറത്തേയ്ക്ക് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടത്പക്ഷത്തിനൊപ്പം ചേര്‍ന്നതിന്റേയും പള്ളി പ്രശ്‌നങ്ങളില്‍ പിണറായി വിജയന്‍ ഇടപ്പെട്ടതിന്റെയും ഗുണഫലം ഇടത്പക്ഷത്തിന് ലഭ്യമാകാതിരിക്കാനുള്ള നീക്കം എന്നതും ഇതിന്റെ പുറകിലുണ്ട്.

കഥകൾക്ക് നിറം പിടിപ്പിക്കും

കഥകൾക്ക് നിറം പിടിപ്പിക്കും

സര്‍വ്വേകള്‍ മുന്നറിയിപ്പുകളാകുന്നത് അങ്ങനെയാണ്. ആടി നില്‍ക്കുന്ന രണ്ട് ശതമാനത്തോട്, വീണ്ടും വീണ്ടും ആ ചോദ്യം ഉയരുകയാണ്- നിങ്ങള്‍ക്ക് ഇത് തന്നെയാണോ വേണ്ടത്? തുടര്‍ന്ന് എന്തുകൊണ്ട് ഇവര്‍ അപകടകാരികളാണ് എന്നുള്ള പ്രചരണം. അപ്പോള്‍ നല്ല സര്‍ക്കാരായിരുന്നു, നല്ല ഭരണമായിരുന്നു, നല്ല മുഖ്യമന്ത്രിയായിരുന്നു, പൗരത്വപ്രക്ഷോഭസമയത്തും കര്‍ഷക പ്രക്ഷോഭസമയത്തും നിലപാടുകളുണ്ടായിട്ടുണ്ട്, വികസനവും ക്ഷേമവും ഉണ്ടായിട്ടുണ്ട്, ദുരിതങ്ങളെ നേരിട്ടുണ്ട്, ആത്മവിശ്വാസവും ധൈര്യവും തന്നിട്ടുണ്ട് എന്നുള്ള പ്രാഥമിക ചര്‍ച്ചകളൊക്കെ നിഷ്ഫലമാകും. ശബരിമലയെ കുറിച്ചുള്ള വേവലാതികളും സംഘപരിവാര്‍ ബന്ധമെന്ന കള്ളക്കഥയും നിറം പിടിക്കും. അതിലേയ്ക്ക് കേരളം നീങ്ങുമോ അവസാനത്തെ ആഴ്ച, അതോ ഇടത്പക്ഷം അതിനെ അതിജീവിക്കുമോ എന്നുള്ളതാണ് അറിയേണ്ടത്. കേരളത്തിന്റെ ഭാവി, ജനാധിപത്യത്തിന്റെ ഭാവി എല്ലാം അതിനെ ആശ്രയിച്ചിരിക്കും.

പോണ്ടിച്ചേരിയും കേരളവും അരാഷ്ട്രീയ ബിംബങ്ങളുടെ രാഷ്ട്രീയ ദൗത്യങ്ങളും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു

കെപിസിസിയുടെ പബ്ലിക് പോളിസിയും തിരഞ്ഞെടുപ്പും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു

സാരിയില്‍ അതീവ ഗ്ലാമറസായി ശ്രദ്ധ ദാസ്, ആരാധകര്‍ ഞെട്ടലില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പിണറായി വിജയൻ
Know all about
പിണറായി വിജയൻ

English summary
SamasthaKerala PO: Pre Poll surveys and its political equations in Kerala- Sreejith Divakaran writes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X