കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി ഇടപെട്ടാല്‍ കൊച്ചി മെട്രോ വരുമോ?

Google Oneindia Malayalam News

Rahul Gandhi- Kochi Metro
കൊച്ചി മെട്രോ ഡിഎംആര്‍ സി യെ എല്‍പ്പിക്കാന്‍ എറണാകുളം എം എല്‍ എയും മുന്‍ എന്‍ എസ് യു ഐ പ്രസിഡന്റുമായ ഹൈബി ഈഡന്‍ രാഹുല്‍ ഗാന്ധിയുടെ സഹായം തേടിയതാണ് കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് അവസാനം വന്ന വാര്‍ത്ത. എറണാകുളം എല്‍ എല്‍ എ നിലയ്ക്ക് കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കുക ഹൈബി ഈഡനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യം തന്നെയാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കന്നിയങ്കം ജയിച്ച ഹൈബിക്ക് കാലദൈര്‍ഘ്യമേറെയുള്ള തന്റെ രാഷ്ട്രീയ കരിയറില്‍ കൊച്ചി മെട്രോ ഒരു പൊന്‍തൂവല്‍ തന്നെയായിരിക്കും. അടുത്ത കാല്‍നൂറ്റാണ്ട് കാലം എറണാകുളം മണ്ഡലത്തില്‍ പാട്ടുംപാടി ജയിക്കാന്‍ ഈയൊരു ഒറ്റ മെട്രോ മതി. പക്ഷേ മെട്രോ കടലാസില്‍ നിന്ന് കരയിലേക്കൊന്ന് ഇറങ്ങിവന്നാലല്ലേ കാര്യം നടക്കൂ!

കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമനും പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ വിശ്വസ്തരില്‍ വിശ്വസ്തനുമായ എകെ ആന്റണി കൊച്ചി മെട്രോയുടെ കുരുക്കഴിക്കാന്‍ ഇറങ്ങിയെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കകം അദ്ദേഹം അതേപോലെ തിരിച്ചുകയറിയെന്നാണ് അറിയുന്നത്. കൊച്ചി മെട്രോയ്ക്ക് ചില കുരുക്കുകളുണ്ടെന്ന എകെ ആന്റണിയുടെ പ്രതികരണം അധികം പത്രങ്ങളും വാര്‍ത്തയാക്കാതിരിക്കുകയും ഒന്നോ രണ്ടോ ചാനലുകളില്‍ മാത്രം സ്‌ക്രോള്‍ ന്യൂസായി വരികയും ചെയ്തിരുന്നു.

ഒ രാജഗോപാലിന്റെ രാഷ്ട്രീയജീവിതത്തിന്റെ സുവര്‍ണജൂബിലി ആഘോഷമുള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആന്റണി ഇങ്ങനെ പ്രതികരിച്ചത്. പിന്നീട് കൊച്ചി മെട്രോയെക്കുറിച്ച് ആന്റണി കമാ എന്നൊരക്ഷരം മിണ്ടിയിട്ടില്ല. ഇനിയൊട്ട് മിണ്ടുകയുമില്ല. താനല്ല, സാക്ഷാല്‍ മഹാത്മഗാന്ധി പരലോകത്തുനിന്ന് (നിരീശ്വരന്മാര്‍ ക്ഷമിക്കുക) ഇറങ്ങിവന്നാലും കൊച്ചി മെട്രോ ഏറ്റെടുക്കാന്‍ ഡല്‍ഹി മെട്രോ വരില്ലെന്ന് ആന്റണിക്കറിയാം.

കുരുക്കഴിക്കാന്‍ ഇറങ്ങിയപ്പോഴാണ് ആര്‍ക്കുമഴിക്കാന്‍ കഴിയാത്ത ചില കടുംകെട്ടുകള്‍ ഈ കുരുക്കിലുണ്ടെന്ന് ആന്റണിക്ക് മനസിലായത്. തിരുവനന്തപുരം മുതല്‍ ഡല്‍ഹി വരെയുള്ള കുരുക്കും കടുംകെട്ടും അഴിക്കാനിറങ്ങിയാല്‍ ഇപ്പോഴിരിക്കുന്ന ഈ കസേര തന്നെയുണ്ടാകില്ലെന്ന് എ കെ ആന്റണിക്ക് നന്നായറിയാം. ഒരു മെട്രോയുടെ പേരില്‍ ചിലപ്പോള്‍ കൈവിട്ടുപോകുന്നത് പ്രസിഡന്റ് കസേര തന്നെയായിരിക്കും.

എ കെ ആന്റണിയുടെ മെട്രോയെ കൈവിട്ടതോടെയാണ് എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ രാഹുല്‍ ഗാന്ധിയെക്കണ്ട് കാര്യം ബോധിപ്പിക്കാന്‍ ഡല്‍ഹിക്ക് വിമാനംകയറിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി രമേശ് ചെന്നിത്തലയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും പൗരപ്രമുഖരുമൊക്കെ സുല്ലിട്ടിടത്താണ് ഹൈബി ഒരു കൈ പയറ്റാനിറങ്ങിയത്. കോണ്‍ഗ്രസില്‍ കാര്യം നടക്കണമെങ്കില്‍ എന്തുചെയ്യണമെന്ന് ചെറുപ്രായമാണെങ്കിലും ഹൈബിയെ ആരും പഠിപ്പിക്കേണ്ട.

രാഹുല്‍ ഗാന്ധി കൈപിടിച്ച് ഡല്‍ഹിയില്‍ കൊണ്ടുപോയി എന്‍ എസ് യു ഐ പ്രസിഡന്റാക്കിയ കെ എസ് യുക്കാരനാണ് ഹൈബി. ബ്ലാക്ക്ബറി ഫോണ്‍ പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ രാഹുലിന്റെ കയ്യില്‍നിന്നും നേരിട്ട് വാങ്ങുന്ന അപൂര്‍വ്വം യുവകോണ്‍ഗ്രസ് നേതാക്കളിലൊലൊരാളാണ് ഹൈബി. കോണ്‍ഗ്രസുകാരനാകാന്‍ വെളുത്ത ഷര്‍ട്ടും മുണ്ടും സദാസമയവും ധരിക്കേണ്ട കാര്യമില്ലെന്ന് രാഹുലില്‍ നിന്ന് പഠിച്ചയാളാണ് ഹൈബി. അതേ രാഹുല്‍ ഗാന്ധിതന്നെയാണ് എറണാകുളം നിയമസഭാ സീറ്റില്‍ മത്സരിക്കാന്‍ ഹൈബിയോട് നിര്‍ദ്ദേശിച്ചത്.

രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും മാനംകാത്ത് വന്‍ഭൂരിപക്ഷത്തില്‍ ഹൈബി നിയമസഭയില്‍ എത്തുകയും ചെയ്തു. ഇപ്പോഴും ഹൈബി രാഹുല്‍ ബ്രിഗേഡില്‍ അംഗമാണ്. രാഹുല്‍ പ്രധാനമന്ത്രിയായാല്‍ മന്ത്രിസഭയില്‍ നിശ്ചയമായും ഇരിക്കുന്നവരില്‍ ഒരാള്‍ ഹൈബിയായിരിക്കും. ഇങ്ങനെയൊക്കെയുള്ള ഹൈബി ഒരുകാര്യം പറഞ്ഞാല്‍ രാഹുല്‍ തള്ളിക്കളയില്ലെന്ന് സാരം. ഈയൊരു വിശ്വാസത്തിലാണ് ഹൈബി രാഹുലിനെ അഭയം പ്രാപിച്ചത്.

കൊച്ചി മെട്രോ വരേണ്ട കേരളം ഭരിക്കുന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ്(ഇപ്പറഞ്ഞതിനോട് വിയോജിപ്പുള്ള കോണ്‍ഗ്രസുകാര്‍ ഏറെയുണ്ട്, സ്വഭാവികം), ഡിഎംആര്‍സിയുടെ മുതലാളിയായ ഡല്‍ഹി ഭരിക്കുന്നത് കോണ്‍ഗ്രസാണ്, കേന്ദ്രം ഭരിക്കുന്നതും കോണ്‍ഗ്രസാണ്. അപ്പോള്‍ പിന്നെ ആര് കൈവിട്ടാലും രാഹുല്‍ പറഞ്ഞാല്‍ ഒ കെ ആകുമെന്ന്് ഹൈബിക്ക് അറിയാം. അതുകൊണ്ട് നേരെ ഡല്‍ഹിയില്‍ ചെന്ന് രാഹുല്‍ ഗാന്ധിയെക്കണ്ട് കാര്യം വിശദമായി ധരിപ്പിച്ചത്.

കൊച്ചി മെട്രോ ഡി എം ഐര്‍ സി ഏറ്റെടുക്കുന്നതില്‍ ഉദ്യോഗസ്ഥതല തീരുമാനം എതിരാണ്. അതിനാല്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം തന്നെ വേണം. ഇ ശ്രീധരനെയും ഡി എം ആര്‍ സിയെയും കൊച്ചി മെട്രോ ഏല്‍പ്പിക്കണമെന്നാണ് എല്ലാ കേരളീയരുടെയും ആഗ്രഹം. അതിനാല്‍ ഇക്കാര്യം സാധിച്ചുതരണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാം കേട്ടപ്പോള്‍ വേണ്ടത് ചെയ്യാമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയതിനാല്‍ ഇനിയൊന്നും പേടിക്കേണ്ടെന്നാണ് ഹൈബി പറയുന്നത്.

കൊച്ചി മെട്രോ ഡി എം ആര്‍ സി യും ഇ ശ്രീധരനും ഏറ്റെടുക്കേണ്ടെന്ന വാശി ആരുടേതാണ്? എ കെ ആന്റണി വരെ പരാജയം സമ്മതിച്ച് പിന്‍മാറിയ സ്ഥിതിക്ക് കൊച്ചി മെട്രോ വരുതിയിലാക്കാന്‍ ശ്രമിക്കുന്നത് നിസാരക്കാരല്ല, വന്‍ തിമിംഗലങ്ങള്‍ തന്നെയാണ്. അത് കേരളത്തിലുള്ളവരാണോ, അതോ ഡല്‍ഹിയിലുള്ളവരാണോ എന്ന് മാത്രമേ അറിയാനുള്ളൂ. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് തുടക്കത്തില്‍ കൊച്ചിക്ക് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്.

കൊച്ചി മെട്രോ ഏറ്റെടുക്കാന്‍ പ്രത്യേക പരിശോധന വേണമെന്നാണ് ഇപ്പോഴവര്‍ പറയുന്നത്. കേന്ദ്രനഗരകാര്യമന്ത്രി കമല്‍നാഥില്‍ നിന്ന് നീതി പ്രതീക്ഷിക്കുകയേ വേണ്ട. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ഡല്‍ഹി മെട്രോയും ഇ ശ്രീധരനും വേണമെന്ന് തന്നെയാണ് വാശിപിടിക്കുന്നത്. ഇവരുടെ വാശി വാക്കുകളില്‍ മാത്രമേയുള്ളൂ എന്നാണ് കൊച്ചി മെട്രോയുടെ ഇതുവരെയുള്ള സ്ഥിതി വ്യക്തമാക്കുന്നത്.

മുസ്ലീംലീഗ് മന്ത്രിമാരോട് കൊച്ചി മെട്രോയെക്കുറിച്ച് ചോദിച്ചാല്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ ആദ്യമൊന്ന് ചിരിക്കും, പിന്നെ 'ഞമ്മളിതിലൊന്നും എടപെടുന്നില്ല' എന്ന് പറയും. കൊച്ചി അങ്ങ് മലപ്പുറത്തായിരുന്നെങ്കില്‍ വേണ്ടതു ചെയ്‌തേനേ എന്ന ഭാവമായിരിക്കും ഇവരുടേത്. കെ എം മാണി ഉള്‍പ്പെടെയുള്ള കേരളാ കോണ്‍ഗ്രസ് മന്ത്രിമാരോട് ചോദിച്ചാല്‍ അവര്‍ ഒന്നും പറയില്ല, മുഖം കറുപ്പിക്കും. മന്ത്രിയല്ലാത്ത പി സി ജോര്‍ജ്ജിനോട് ചോദിച്ചാല്‍ കൊച്ചി മെട്രോ എന്ന വാക്ക് വായില്‍ വരാതെ ബാക്കിയെല്ലാം പറയും. ശ്രീധരന്‍ അഹംഭാവിയാണ്, ഡല്‍ഹി മെട്രോയെ വിശ്വസിക്കാന്‍ കൊള്ളില്ല, മെട്രോ പണിയാന്‍ വേറെ ആണുങ്ങളുണ്ട്.. എന്നൊക്കെ.

ഒരു കാര്യമുറപ്പാണ്. രാഷ്ട്രീയ-ഉദ്യോഗസ്ഥ-കരാര്‍ ലോബിയുടെ കൈയിട്ടുവാരാനുള്ള ആക്രാന്തം മൂലം കൊച്ചി മെട്രോയ്ക്ക് സ്മാര്‍ട്ട് സിറ്റിയുടെ ഗതിതന്നെയാകും ഉണ്ടാവുക. മെട്രോ പോലെയുള്ള വന്‍കിട പദ്ധതികള്‍ക്ക് ആശയമുണ്ടാക്കുന്നതും സര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതും രാഷ്ട്രീയ-ഉദ്യോഗസ്ഥ-കരാര്‍ ലോബി തന്നെയാണ്. ഇവരുടെ തലമുറയില്‍ ഒരിക്കല്‍ മാത്രമേ മെട്രോ പോലെയൊരു വന്‍പദ്ധതി ഉണ്ടാകൂ. അത് നടന്നാല്‍ പത്തുതലമുറയ്ക്കുള്ളത് സുഖമായി ജീവിക്കാം. അതിനാല്‍ രാഹുലല്ല, ആര് വിചാരിച്ചാലും മെട്രോ മര്യാദയ്ക്ക് നടക്കുന്ന കാര്യം സംശയമാണ് ഹൈബീ...

English summary
Hibi Eden, the young legislator from Ernakulam, met Congress general secretary Rahul Gandhi in New Delhi on Monday and made out a strong case for the participation of the two in the ambitious Kochi Metro Rail project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X