കൈക്കുഞ്ഞുമായി വരെ വിശ്വാസികൾ; ദുബായിലെ ഹിന്ദു ക്ഷേത്രത്തിൽ സന്ദർശകരായി എത്തിയത് 16 ലക്ഷം ആളുകൾ
ദുബൈ: ദുബായിലെ ജബൽ അലിയയിലെ ഹിന്ദുക്ഷേത്രത്തിൽ ഒരു വർഷത്തിനിടെ എത്തിയത് 16 ലക്ഷം സന്ദർശകർ. വിവിധ രാജ്യങ്ങളിൽ നിന്ന് ആളുകൾ ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നു.
കഴിഞ്ഞ വർഷമാണ് ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായത്. പ്രാർത്ഥനയ്ക്കും സാമൂഹിക ഒത്തുചേരലിനും ഈ ക്ഷേത്രം വേദിയാകുന്നു. നവജാത ശിശുക്കളുമായി പ്രത്യേക പ്രാർത്ഥനകൾക്കും ഇവിടേക്ക് ആളുകൾ എത്തുന്നുണ്ട്. ജന്മദിനം ആഘോഷിക്കാനും പരമ്പരാഗത രീതിയിലുള്ള ഇന്ത്യൻ വിവാഹങ്ങൾക്കും ഈ ക്ഷേത്രം വേദിയാകുന്നു.

ഒക്ടോബറിൽ നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന് മുമ്പ്, 2022 ഓഗസ്റ്റിലാണ് ക്ഷേത്രം ആദ്യമായി തുറന്നത്. എല്ലാ വിശ്വാസങ്ങളുമായി തുറന്നിരിക്കുന്ന ഈ ക്ഷേത്രം ഉക്രെയ്ൻ, ചൈന, ശ്രീലങ്ക, കൊളംബിയ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ സ്വാഗതം ചെയ്തിട്ടുണ്ട്, അവർ പരമ്പരാഗത വിവാഹ ചടങ്ങിനുള്ള വേദിയായി ഈ ക്ഷേത്രം തിരഞ്ഞെടുത്തു.
വിവാഹ ചടങ്ങുകൾക്കായി ക്ഷേത്രം ബുക്ക് ചെയ്യുന്നതിനുമുമ്പ് ദമ്പതികൾ പലപ്പോഴും അബുദാബി സിവിൽ ഫാമിലി കോടതി പോലുള്ള കോടതികളിൽ സിവിൽ വിവാഹ നടപടിക്രമങ്ങൾ ക്കിയാണ് എത്താറ്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പുരോഹിതന്മാർ ഇംഗ്ലീഷിലോ പ്രാദേശിക ഭാഷകളിലോ ആണ് നാല് മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ആചാരങ്ങൾ വിശദീകരിക്കുന്നത്.
ആഘോഷ ദിവസങ്ങളിലും അവധി ദിവസങ്ങളിലുമാണ് ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ പേർ എത്തുന്നത്. 20,000ത്തിനു മുകളിൽ സന്ദർശകരെത്തിയ ദിവസങ്ങളും ഉണ്ട്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആളുകൾ ഇവിടെ എത്തിയത് ഒക്ടോബറിലാണ്. ദീപാവലി, ദസറ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്രയും കൂടുതൽ ആളുകൾ ഇവിടേക്ക് എത്തിയത്. ഈ ഓണത്തിന് ഇവിടേക്ക് ധാരാളം ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജബൽ അലിയിലെ 7 ക്രിസ്ത്യൻ ദേവായങ്ങൾക്കും ഗുരുദ്വാരക്കും സമീപത്താണ് ഈ ക്ഷേത്രം. ബഹുനില ക്ഷേത്രത്തിൽ 16 മൂർത്തികളുടെ പ്രതിഷ്ഠയാണ് ഇവിടെ. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലെയും പ്രധാന ആരാധനാ മൂർത്തികൾക്ക് പുറമെ സിഖ് ആരാധനക്കുള്ള സൗകര്യവും ഇവിടെയുണ്ട്. സ്വാമി അയ്യപ്പൻ, ഗുരുവായൂരപ്പൻ തുടങ്ങി മലയാളികളുടെ പ്രധാന ആരാധനാ മൂർത്തികളുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്.
ത്രീഡി പ്രിന്റെ ചെയ്ത വലിയ താമര ചിത്രമുള്ള പ്രാധനാ പ്രാർത്ഥനാ ഹാളിലാണ് പ്രതിഷ്ഠകൾ ഉള്ളത്. ഓൺ ലൈൻ ബുക്കിംഗ് അനുസരിച്ചാണ് ഇവിടേക്ക് പ്രവേശനം, ബർദുബൈയിൽ 1958 മുതൽ ഹിന്ദു ക്ഷേത്രം നിലവിലുണ്ട്. വിശേഷ ദിവസങ്ങളിൽ ഇവിടെ ധാരാളം തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്താണ് പുതിയ ക്ഷേത്രം നിർമ്മിച്ചത്. മൂന്ന് വർഷം മുമ്പാണ് ക്ഷേത്രത്തിന്റെ നിർമാണം ആരംഭിച്ചത്.












Click it and Unblock the Notifications