യുഎഇയിലെ 30 നില ഫ്‌ളാറ്റില്‍ വന്‍ തീപിടിത്തം; മലയാളികളടക്കം നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദുബായ്: യു എ ഇയിലെ അജ്മാന്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. 30 നിലയുള്ള അജ്മാന്‍ വണ്‍ കോംപ്ലക്സിന്റെ ടവര്‍ 02 ലാണ് അപകടം എന്ന് അജ്മാന്‍ പൊലീസ് അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കിയെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മലയാളികള്‍ അടക്കം നിരവധി പേര്‍ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയമാണിത്.
ഒന്നിലേറെ ഫയര്‍ഫോഴ്‌സ് വാഹനങ്ങളും പൊലീസും ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. നൂറിലധികം കുടുംബങ്ങളെ വേഗത്തില്‍ ഒഴിപ്പിക്കാനായത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. ഒരു മണിക്കൂറിനകം കെട്ടിടത്തില്‍ താമസിക്കുന്നവരെ പൂര്‍ണമായും ഒഴിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് പടരും മുമ്പ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതും ഗുണകരമായി.

Image Credit: Ajman Police@ Twitter
തീപിടിത്തതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ് എന്ന് പൊലീസ് വ്യക്തമാക്കി. അപകടം നടന്ന സ്ഥലത്ത് മൊബൈല്‍ പൊലീസ് സ്‌റ്റേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് സാധനങ്ങള്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാനാണ് ഇതെന്ന് അജ്മാന്‍ പൊലീസിലെ ജനറല്‍ ഓഫ് പൊലീസ് ഓപ്പറേഷന്‍സ് വിഭാഗം അറിയിച്ചു. യു എ ഇയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കെട്ടിട തീപിടിത്തങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
ഇത് സംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ട് അധികം ദിവസമായിട്ടില്ല. 2022 ല്‍ 3000 ത്തില്‍ അധികം തീപിടിത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 2169 ഉം കെട്ടിട തീപിടിത്തങ്ങള്‍ ആണ്. 2021 ല്‍ കെട്ടിട തീപിടിത്തം 2090 ഉം 2020 ല്‍ ഇത് 1968 ഉം ആയിരുന്നു എന്നാണ് ദി നാഷണല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂരിഭാഗം തീപിടിത്തങ്ങളും ജനവാസ കേന്ദ്രങ്ങളിലാണ് നടന്നത് എന്നതാണ് ഗൗരവം വര്‍ധിപ്പിക്കുന്നത്.
ഏപ്രിലില്‍ ദുബായിലെ അല്‍ റാസിലെ അല്‍ ഖലീജ് സ്ട്രീറ്റിലെ അഞ്ച് നിലകളുള്ള അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 16 പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ തീപിടിത്തങ്ങള്‍ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് മേധാവി സാമി അല്‍ നഖ്ബി ദി നാഷണല്‍ ന്യൂസിനോട് പറഞ്ഞു.












Click it and Unblock the Notifications