ദുബായ്ക്കാരുടെ കുടി നിൽക്കുമോ? മദ്യത്തിന് ഒറ്റയടിക്ക് വില കൂടും, 30 ശതമാനം നികുതി..! എപ്പോൾ മുതൽ?
ദുബായ്: ആഗോള തലത്തിൽ തന്നെ ഏറ്റവും വലിയ ടൂറിസം ഹബ്ബായി മാറിയ എമിറാറ്റി നഗരമാണ് ദുബായ്. മറ്റ് നഗരങ്ങളിൽ ഉള്ളതിനേക്കാൾ ഇളവുകളും കൂടുതൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യവും നിരവധി പേരെയാണ് ദുബായിലേക്ക് ആകർഷിക്കുന്നത്. എന്നാൽ ഇനി ദുബായിലെത്തുന്ന വിദേശ ടൂറിസ്‌റ്റുകളായാലും ഇവിടെ കഴിയുന്നവർക്ക് ആയാലും മദ്യം കഴിക്കണമെങ്കിൽ കുറച്ചധികം പണം ചിലവാകും.
കാരണം ദുബായിൽ മദ്യത്തിന് അധിക നികുതി ഏർപ്പെടുത്താനാണ് തീരുമാനം. പുതുതായി വരുന്ന നികുതിയില്ല ഇത്, പകരം നേരത്തെ ഉണ്ടായിരുന്ന 30 ശതമാനം വിൽപ്പന നികുതി തിരികെ കൊണ്ട് വരാനാണ് തീരുമാനം. ഇതോടെ ദുബായിലെ ബാറുകളിൽ ഉൾപ്പെടെ വിളമ്പുന്ന മദ്യത്തിന്റെ വില വലിയ രീതിയിൽ വർധിക്കും.

ജനുവരി ഒന്ന് മുതൽ വിലവർധനവ് നടപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് റീട്ടെയിലർമാർക്കും ബാറുകൾക്കും കൈമാറി കഴിഞ്ഞു. ഇതോടെ ജനുവരി 1 മുതൽ ഇൻവോയിസ് ചെയ്യുന്ന എല്ലാ ഇടപാടുകൾക്കും 30 ശതമാനം നികുതി ചുമത്തപ്പെടും. ഇത് സംബന്ധിച്ച എല്ലാ മുൻ നടപടികളും കൈക്കൊള്ളാൻ ദുബായ് മുൻസിപ്പാലിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.
തീരുമാനം ബാറുകളും റസ്‌റ്റോറന്റുകളും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമായി ദുബായിൽ വിൽപ്പന നികുതി ഒഴിവാക്കിയിരുന്നു. 2023 ജനുവരിയിലാണ് ദുബായ് മുനിസിപ്പാലിറ്റി എമിറേറ്റിലെ മദ്യവിൽപ്പനയുടെ 30 ശതമാനം നികുതി ഒരു വർഷത്തേക്ക് നീക്കം ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. പിന്നീട് അത് ഈ വർഷം ഡിസംബർ അവസാനം വരെ നീട്ടുകയായിരുന്നു.
ഈ ഇളവ് തുടരുമോ എന്നായിരുന്നു ഹോട്ടലുകളും റസ്‌റ്റോറന്റുകളും ഉറ്റുനോക്കിയത്. എന്നാൽ ഇത് പുനഃസ്ഥാപിക്കാനാണ് ദുബായ് മുനിസിപ്പാലിറ്റി തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പഴയ നികുതി വീണ്ടും വരുമ്പോൾ അത് വിൽപ്പനയെ ഏത് രീതിയിൽ ബാധിക്കുമെന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്. പെട്ടെന്നുണ്ടാവുന്ന ഈ വർധനവിനെ എങ്ങനെ മറികടക്കും എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
പുതിയ വർഷം മുതൽ 15 ശതമാനം വിൽപ്പന നികുതി എന്നായിരുന്നു പല ഹോട്ടലുകളും ബാറുകളും കരുതിയിരുന്നത്. ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രഖ്യാപനം വരാൻ വൈകിയതോടെ ഈ ആശ്വാസത്തിലായിരുന്നു കമ്പനികൾ. എന്നാൽ ഇപ്പോഴാണ് പഴയ സ്ലാബിൽ തന്നെയാവും നികുതി ഈടാക്കുക എന്ന അറിയിപ്പ് വന്നിരിക്കുന്നത്.
ദുബായിലെ വിശാലമായ സാമ്പത്തിക നയത്തിന് അനുസൃതമായാണ് നികുതി പുനഃസ്ഥാപിക്കുന്നത് എന്നാണ് ലഭ്യമായ വിവരം. മുനിസിപ്പാലിറ്റിയുടെ വരുമാനത്തിൽ ഇതോടെ ഗണ്യമായ വർധന തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വർഷം തോറും ലക്ഷക്കണക്കിന് ടൂറിസ്‌റ്റുകൾ എത്തുന്ന ഇടംകൂടിയാണ് ദുബായ് എന്നത് ഈ തീരുമാനത്തിന്റെ ആക്കം കൂട്ടുന്നു.
എന്നാൽ ഈ തീരുമാനം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുമെന്നത് മാത്രമാണ് ഇതിലെ വെല്ലുവിളി. ദുബായ് മുൻസിപ്പാലിറ്റി തിരികെ കൊണ്ടുവരുന്ന വിൽപ്പന നികുതി നേരിട്ട് ഉപഭോക്താക്കളിലേക്ക് അടിച്ചേൽപ്പിക്കാൻ ബാറുകളും റസ്‌റ്റോറന്റുകളും ഇതോടെ നിർബന്ധിതരാവും. അങ്ങനെ വരുമ്പോൾ ആവശ്യക്കാർ കുറയുമോ എന്നതാണ് ആശങ്ക.












Click it and Unblock the Notifications