സ്വര്‍ണം കൈവശമുണ്ടോ? സൗദി അറേബ്യ യാത്രക്കാര്‍ സൂക്ഷിക്കണം, പരിധി മാറ്റി, പിഴ കൂടും
റിയാദ്: സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും അവിടെ നിന്നും വിദേശങ്ങളിലേക്ക് പോകുന്നവര്‍ക്കും കൈവശം സൂക്ഷിക്കാവുന്ന സ്വര്‍ണം, പണം എന്നിവയുടെ പരിധിയില്‍ മാറ്റം വരുത്തി സൗദി കസ്റ്റംസ്. രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഭേദഗതി.
ഇനി മുതല്‍ 40,000 സൗദി റിയാലോ (ഏകദേശം 10 ലക്ഷം ഇന്ത്യന്‍ രൂപയോ) അതില്‍ കൂടുതലോ മൂല്യമുള്ള സ്വര്‍ണക്കട്ടികള്‍, ആഭരണങ്ങള്‍, വിലപിടിപ്പുള്ള മറ്റ് ലോഹങ്ങള്‍, രത്നങ്ങള്‍ എന്നിവ കൈവശം വെക്കുന്നവര്‍ നിര്‍ബന്ധമായും അത് മുന്‍കൂട്ടി കസ്റ്റംസിന് മുന്‍പാകെ വെളിപ്പെടുത്തേണ്ടതുണ്ട്. മുന്‍പ് ഈ പരിധി 60,000 റിയാലായിരുന്നു.

പുതിയ നിയമപ്രകാരം യാത്രക്കാര്‍ തങ്ങളുടെ പക്കലുള്ള ഇത്തരം വസ്തുക്കളുടെ രേഖാമൂലമുള്ള കസ്റ്റംസ് ഡിക്ലറേഷന്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഒപ്പം ഈ വസ്തുക്കള്‍ വാങ്ങിയതിന്റെ ഒറിജിനല്‍ ഇന്‍വോയ്സ് (ബില്‍) തെളിവായി ഹാജരാക്കുകയും വേണം. വിമാനത്താവളങ്ങളിലും മറ്റ് അതിര്‍ത്തി കടന്നുപോകുന്ന ഇടങ്ങളിലും ഈ പരിശോധനകള്‍ കര്‍ശനമായിരിക്കും. സാധാരണക്കാരായ പ്രവാസികളും ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരുമായ നിരവധി മലയാളികളെ ഈ പുതിയ ഭേദഗതി നേരിട്ട് ബാധിക്കും എന്നതിനാല്‍ വരും ദിവസങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ആദ്യം 25 ശതമാനം വരെ പിഴ
നിയമം ലംഘിച്ച് കൂടുതല്‍ സ്വര്‍ണമോ പണമോ കടത്താന്‍ ശ്രമിച്ചാല്‍ ആദ്യ തവണ പിടിക്കപ്പെടുന്നവരില്‍ നിന്നും അതിന്റെ മൂല്യത്തിന്റെ പത്തു മുതല്‍ 25 ശതമാനം വരെ പിഴയായി ഈടാക്കും. ഇതേ കുറ്റം ആവര്‍ത്തിച്ചു ചെയ്താല്‍ പിഴ തുക 50 ശതമാനമായി ഉയരും. വാണിജ്യ ആവശ്യങ്ങള്‍ക്കായാണ് സ്വര്‍ണ്ണവും ആഭരണങ്ങളും കൊണ്ടുപോകുന്നതെന്ന് കണ്ടെത്തിയാല്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കസ്റ്റംസ് കടക്കും.
കൂടാതെ, സംശയാസ്പദമായ രീതിയില്‍ പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൈവശം വച്ചിരിക്കുന്നവരില്‍ നിന്നും അവ 72 മണിക്കൂര്‍ വരെ പിടിച്ചുവെക്കാന്‍ സക്കാത്ത്, ടാക്സ്, ആന്‍ഡ് കസ്റ്റംസ് അതോറിറ്റിക്ക് പൂര്‍ണ്ണ അധികാരമുണ്ട്. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തുന്ന കേസുകള്‍ ഉടന്‍ തന്നെ പബ്ലിക് പ്രോസിക്യൂഷനും ധനകാര്യ വിഭാഗത്തിനും വിടും.
സാമ്പത്തിക ഇടപാടുകളിലും നിയന്ത്രണം
സ്വര്‍ണവും പണവും കടത്തുന്നതില്‍ മാത്രമല്ല, സൗദിയിലെ ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികളുടെ സാമ്പത്തിക ഇടപാടുകള്‍ പ്രത്യേകം നിരീക്ഷണത്തിലായിരിക്കും. ഇത്തരം വ്യക്തികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വരുമാന സ്രോതസ്സ് വ്യക്തമാക്കുന്ന രേഖകള്‍ ഉറപ്പുവരുത്തിയ ശേഷമേ ഇടപാടുകള്‍ നടത്താന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതിയുള്ളൂ.
ആഭ്യന്തര, അന്തര്‍ദേശീയ തലങ്ങളില്‍ പണം കൈമാറുമ്പോള്‍ പണം അയക്കുന്ന ആളുടെയും അത് കൈപ്പറ്റുന്ന ആളുടെയും വ്യക്തമായ വിലാസം, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ഉറപ്പുവരുത്താന്‍ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപൂര്‍ണ്ണമായ വിവരങ്ങളുള്ള പണമിടപാടുകള്‍ പ്രോസസ്സ് ചെയ്യില്ല.
സൗദിയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളി പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുമ്പോഴും നാട്ടില്‍ നിന്നും തിരിച്ചും യാത്ര ചെയ്യുമ്പോഴും പുതിയ നിയമങ്ങളെ കുറിച്ച് പൂര്‍ണ്ണമായ ധാരണ ഉണ്ടായിരിക്കേണ്ടതാണ്. കടുത്ത സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സൗദി അറേബ്യ ഈ നിയമങ്ങള്‍ പരിഷ്കരിച്ചിരിക്കുന്നത്.















Click it and Unblock the Notifications