ബെംഗളൂരു ഹെബ്ബാളിൽ ടണൽ റോഡ് വരുന്നു; യാത്രാസമയം 30 മിനിറ്റിൽ നിന്ന് 2 മിനിറ്റായി കുറയും
ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവർ ജംഗ്ഷനിൽ തുരങ്കപാതയൊരുങ്ങുന്നു. ഹെബ്ബാൾ മുതൽ മേക്രി സർക്കിൾ വരെ 2.2 കിലോമീറ്റർ നീളത്തിലാണ് ആറുവരി തുരങ്കപാത നിർമ്മിക്കുക. നിർമ്മാണപ്രവർത്തനങ്ങളുടെ ഒരുക്കങ്ങൾ ബെംഗളൂരു വികസന അതോറിറ്റി ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു. നമ്മ മെട്രോ, സബർബൻ റെയിൽവേ തുടങ്ങി ഒട്ടേറെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾത്തന്നെ നടക്കുന്ന ഹെബ്ബാളിൽ പുതിയ ടണൽ ജോലികൾ കൂടി വരുന്നതോടെ പ്രദേശത്ത് തിരക്ക് കൂടും.
വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കാൻ 1,139.7 കോടി രൂപ ചെലവിട്ടാണ് പുതിയ പാത ഒരുക്കുന്നത്. ഹെബ്ബാൾ ജംഗ്ഷനിൽ നിന്ന് തുടങ്ങി റെയിൽവേ ലൈനിനും ഔട്ടർ റിംഗ് റോഡിനും അടിയിലൂടെ വെറ്ററിനറി കോളേജ് വഴി അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ക്വാർട്ടേഴ്സിന് സമീപം ബല്ലാരി റോഡിലാണ് ടണൽ അവസാനിക്കുക. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ മണ്ണെടുപ്പ് പ്രവൃത്തികൾ തുടങ്ങും. 18 മുതൽ 60 അടി വരെ ആഴത്തിലാണ് തുരങ്കം നിർമ്മിക്കുന്നത്.

റോഡ് തുരന്ന് കോൺക്രീറ്റ് പാത നിർമ്മിച്ച ശേഷം മുകളിൽ വീണ്ടും മണ്ണിട്ട് പഴയപടിയാക്കുന്ന 'കട്ട് ആൻഡ് കവർ' രീതിയാണ് ഇതിനായി ഉപയോഗിക്കുന്നത്. പദ്ധതിയുടെ ഡിസൈൻ ഇതിനകം അംഗീകരിച്ചിട്ടുണ്ടെന്നും ട്രാഫിക് പൊലീസുമായി ചേർന്ന് പ്രത്യേക ഗതാഗത നിയന്ത്രണ പ്ലാൻ തയ്യാറാക്കുമെന്നും ബിഡിഎ അധികൃതർ വ്യക്തമാക്കി. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് പദ്ധതിക്ക് ശിലാസ്ഥാപനം നിർവ്വഹിക്കുന്നത്. 18 മാസമാണ് ഇതിന് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
ഹെബ്ബാൾ ഫ്ലൈഓവറിന്റെ ട്രീ പാർക്കിന് സമീപമുള്ള ലൂപ്പിൽ നിന്നാണ് തുരങ്കം തുടങ്ങുന്നത്. വിമാനത്താവള ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് കയറാനും ഹെബ്ബാൾ തടാകത്തിന് എതിർവശത്തുള്ള ബല്ലാരി റോഡിലേക്ക് ഇറങ്ങാനും പ്രത്യേക റാമ്പുകളുണ്ടാകും. അതേസമയം നമ്മ മെട്രോയുടെ ബ്ലൂ, ഓറഞ്ച് ലൈനുകൾ, സബർബൻ റെയിൽ എന്നിവയ്ക്ക് പുറമെ മേക്രി സർക്കിൾ വഴിയുള്ള മെട്രോ റെഡ് ലൈൻ കൂടിയെത്തുന്ന ഹെബ്ബാളിൽ ഈ പുതിയ നിർമ്മാണം യാത്രാക്കർക്ക് വലിയ തലവേദന തീർക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
എങ്കിലും ടണൽ വരുന്നതോടെ വലിയ സമയലാഭമുണ്ടാകുമെന്നാണ് ഗതാഗത മന്ത്രി ബൈരതി സുരേഷ് പറയുന്നത്. നിലവിൽ തിരക്കുള്ള സമയങ്ങളിൽ ഈ ഭാഗം കടക്കാൻ അരമണിക്കൂറോളം വേണം. എന്നാൽ ടണൽ തുറക്കുന്നതോടെ 60 കിലോമീറ്റർ വേഗതയിൽ വെറും രണ്ട് മിനിറ്റ് കൊണ്ട് യാത്രക്കാർക്ക് ഹെബ്ബാൾ കടക്കാം. യുഎസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും മുംബൈയിലും സമാനമായ തുരങ്കപ്പാതകൾ വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടി വരില്ല.












Click it and Unblock the Notifications