സ്വര്‍ണം കൈയ്യിലുണ്ടോ? വാങ്ങിയ രേഖ നിര്‍ബന്ധം, അല്ലെങ്കില്‍ പിടിവീഴും, നടപടി ശക്തമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: വിമാന യാത്രക്കാരുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ സംബന്ധിച്ച് വെളിപ്പെടുത്തണം എന്ന് കുവൈത്ത്. വിമാനത്താവളത്തില്‍ യാത്രയ്ക്ക് എത്തുന്നവരും വിദേശത്ത് നിന്ന് വരുന്നവരും ഡിക്ലറേഷന്‍ ഫോറം പൂരിപ്പിക്കണം. പുതിയ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പിടിവീഴുമെന്ന് സെന്റര്‍ ഫോര്‍ ഗവണ്‍മെന്റ്് കമ്യൂണിക്കേഷന്‍ (സിജിസി) അറിയിച്ചതായി അല്‍ സിയാസ പത്രം റിപ്പോര്‍ട്ട് ചെയ്തു.
പ്രവാസികളും ബിസിനസുകാരും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വിലപിടിപ്പുള്ള വസ്തുക്കളുമായി എത്തുന്നത് പതിവാണ്. കൃത്യമായ രേഖയുണ്ടെങ്കില്‍ പ്രയാസം നേരിടേണ്ടി വരില്ല. എന്നാല്‍ രേഖയില്ലാതെ ഒരു വസ്തുവും കൊണ്ടുപോകാനോ കൊണ്ടുവരാനോ സാധിക്കില്ല. എന്തൊക്കെയാണ് കൈവശമുള്ളത് എന്ന് വ്യക്തമാക്കുന്ന ഫോറം പൂരിപ്പിച്ചു നല്‍കണം. വിശദാംശങ്ങള്‍ അറിയാം...

3000 കുവൈത്ത് ദിനാര്‍, അല്ലെങ്കില്‍ അതിനു മുകളിലുള്ള തുക കൈവശമുണ്ടെങ്കിലാണ് വെളിപ്പെടുത്തേണ്ടത്. കുവൈത്ത് ദിനാര്‍ തന്നെയാകണം എന്നില്ല. തത്തുല്യമായ മൂല്യമുള്ള മറ്റു കറന്‍സികളായാലും മതി. കൂടാതെ വില കൂടിയ വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവ സംബന്ധിച്ചും വെളിപ്പെടുത്തണം. വിലയേറിയ ഉപകരണങ്ങള്‍ ഹാന്റ് ബാഗില്‍ കൊണ്ടുവരുമ്പോഴും വാങ്ങിയ രസീത് വേണം.
രേഖയില്ലാതെ ഒരു വസ്തുവും കുവൈത്തിന് പുറത്തേക്കോ അകത്തേക്കോ കൊണ്ടുവരാന്‍ സാധിക്കില്ല എന്ന് ചുരുക്കം. സ്വര്‍ണം ഏത് രൂപത്തിലുള്ളതാണെങ്കിലും തുകയുടെ പരിധി വിട്ടാല്‍ വെളിപ്പെടുത്തണം. ആഭരണമാകട്ടേ, കോയിന്‍ ആകട്ടെ, ബാര്‍ ആകട്ടെ എല്ലാം വെളിപ്പെടുത്തണം. വിലയേറിയ സമ്മാനങ്ങളാണെങ്കിലും രേഖ കൈവശമുണ്ടാകണം. വീഴ്ച സംഭവിച്ചാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരും.
സ്വര്‍ണം പരിധി വിട്ടാല്‍
പരിധി വിട്ടുള്ള പണം കൈവശമുണ്ടെങ്കില്‍ പിടിച്ചെടുക്കും. സ്വര്‍ണമുണ്ടെങ്കിലും പിടികൂടും. വ്യക്തമായ രേഖയുണ്ടെങ്കില്‍ യാതൊരു തടസവും നേരിടില്ല. കുവൈത്ത് അ്ന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശക്തമായ പരിശോധന തുടരും. ഇതുസംബന്ധിച്ച അവ്യക്തത നീക്കാനും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനും ജനറല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫ് കസ്റ്റംസിന്റെ (ജിഎസി) വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
പുതിയ ചട്ടങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വിമാനത്താവള അധികൃതര്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ യാത്രക്കാര്‍ക്ക് സംശയം സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ മറുപടി നല്‍കാന്‍ കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനിച്ചു. കുവൈത്ത് വിമാനത്താവളത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും ആധുനിക വല്‍ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
അതേസമയം, കുവൈത്തിലേക്ക് കൂടുതല്‍ പേര്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന വിധം വിമാന യാത്രക്കാരുടെ എണ്ണം കൂട്ടാന്‍ ഇന്ത്യ തീരുമാനിച്ചു. ആഴ്ചയില്‍ 18000 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തെ ഇത് 12000 ആയിരുന്നു. ഇനി 18000 പേര്‍ക്ക് കുവൈത്തിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ സാധിക്കും. വിസാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ഇ-വിസയും അനുവദിക്കുന്നുണ്ട്.












Click it and Unblock the Notifications