യുഎഇയില്‍ സ്വർണ വില പിടിവിട്ട് കുതിക്കുന്നു: നിരാശ വേണ്ട, താഴേക്ക് വരും; എന്തുകൊണ്ട്
ദുബായ്: അന്താരാഷ്ട്ര വിപണയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വർണ വിലയില്‍ വലിയ വർധനവാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം 16 ഡോളർ ഉയർന്നതോടെ ഒരു ട്രോയ് ഔണ്‍സിന്റെ വില 2676 ലേക്ക് എത്തി. ഇന്ത്യയിലും യു എ ഇയിലുമെല്ലാം ഇതിന്റെ അനുരണനങ്ങളുണ്ടായി. ഒരു ഇടവേളക്ക് ശേഷം വില വീണ്ടും കുത്തനെ ഉയർന്നതോടെ സ്വർണ്ണം വാങ്ങുന്നവരുടെ കാര്യത്തില്‍ യു എ ഇയില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
നിലവിലെ ഇടിവ് താല്‍ക്കാലികമാണെന്നും ഉടന്‍ തന്നെ താഴേക്ക് ഇറങ്ങിയേക്കാമെന്നുമാണ് യു എ ഇയിലെ ആളുകള്‍ കരുതുന്നത്. അതിന് അവർക്ക് വ്യക്തമായ ചില കാരണങ്ങളും ഉള്ളതായി ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. യു എ ഇയില്‍ ഇന്നലെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 300 ദിർഹമായിരുന്നു. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയർന്ന നിരക്ക് ജനുവരി 12 ലേതാണ്. ഗ്രാമിന് 301.75 ദിർഹം എന്നതായിരുന്നു അന്നത്തെ നിരക്ക്. ജനുവരി ഒന്നിന് 295.5 എന്നതായിരുന്നു വില നിലവാരം.

വില ഉയർന്നതോടെ വില്‍പ്പന വലിയ തോതില്‍ ഇടിഞ്ഞുവെന്ന് ദുബായിലെ ഒരു ജ്വല്ലറി റീട്ടെയിലർ പറയുന്നു. 'വില വർധനവോടെ ഡിമാന്‍ഡില്‍ കാര്യമായ കുറവുണ്ടായി. ഡിഎസ്എഫ് 2025 റാഫിൾ നറുക്കെടുപ്പിൽ സ്വർണം വാങ്ങുന്നവർ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നതിലൂടെയുള്ള ഇടപാടുകള്‍ മാത്രമാണ് പ്രധാനമായും നടക്കുന്നത്. താരതമ്യേന ചെറിയ മൂല്യത്തിലുള്ള വാങ്ങലുകള്‍ മാത്രമാണ് ഇവ' ജ്വല്ലറി ഉടമയെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ സ്വർണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടേയും ചില്ലറ വ്യാപാരികളായ ഞങ്ങളുടേയും പ്രതീക്ഷ വില ഉടൻ താഴേക്ക് വരുമെന്നാണ്. അന്താരാഷ്ട്ര വിപണിയിലെ നിരക്ക് ഔണ്‍സിന് 2600 എന്നതിലേക്കോ അതിന്റെ താഴേക്കോ എത്തിയേക്കും. ഇതോടെ യു എ ഇയിലും വിലയിടിവ് ഉണ്ടാകും. ഡൊണാൾഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡൻ്റായി ചുമതലയേൽക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ വില സ്വാധീനിച്ചേക്കുമെന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
'ട്രംപ് ഔദ്യോഗികമായി യുഎസ് പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുക്കുന്നതോടെ വിപണി കുറച്ച് സാധാരണ നിലയിലേക്ക് മാറിയേക്കും.ഇപ്പോൾ പോലും, സ്വർണ്ണത്തിൻ്റെ വില നിലവാരം സമീപ മാസങ്ങളിൽ നമ്മൾ കണ്ട ഉയർന്ന നിരക്കുകളേക്കാൾ വളരെ കുറവാണ്. അതോടൊപ്പം തന്നെ യു എ ഇയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കും അവരുടെ വാങ്ങലുകളും ഇപ്പോഴും ശക്തമായി തുടരുകയാണ്.' മലബാർ ഗോൾഡ് ഡയമണ്ട്സിലെ ഇൻ്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാല്‍ അഹമ്മദും.
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ സമയമായതിനാല്‍ തന്നെ കച്ചവടം വർധിപ്പിക്കുന്നതിനായി പ്രമുഖ ആഭരണ വ്യാപാരികളെല്ലാം ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ആഭരണങ്ങള്‍ വില്‍ക്കുന്നത്. 2% ൽ താഴെ മാത്രം പണിക്കൂലി മാത്രമായിരിക്കും ഇക്കാലയളവില്‍ തങ്ങള്‍ ഈടാക്കുകയെന്ന് കല്യാണ്‍ ജ്വല്ലേഴ്സ് നേരത്തെ അറിയിച്ചിരുന്നു. ഇത് അടക്കമുള്ള കാര്യങ്ങളാലെല്ലാം തന്നെ യു എ ഇയിലെ സ്വർണ വില ഇന്ത്യ അടക്കമുള്ള രാജ്യങ്ങളേക്കാള്‍ കുറവാണ്.
സ്ഥിരമായ വിലയിടിവ് പ്രതീക്ഷിക്കുന്നതിന് പകരം പെട്ടെന്ന് ഏതെങ്കിലും തരത്തിലുള്ള ഇടിവ് ഉണ്ടാകുകയാണെങ്കില്‍ അപ്പോള്‍ തന്നെ സ്വർണം വാങ്ങിക്കുന്നതായിരിക്കും നല്ലതെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഏതെങ്കിലും തരത്തിലുള്ള സ്ഥിരമായ വിലയിടിവ് നമ്മുക്ക് പ്രതീക്ഷിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ 4-5 വർഷങ്ങളിൽ, സ്വർണ്ണ വില 3-5 ദിവസത്തേക്ക് വലിയ രീതിയിലും കുറയുകയും പിന്നീട് ഉയർന്ന് കുതിക്കുന്നതും നാം കണ്ടു. അതുകൊണ്ട് ഈ വലിയ ഇടിവുണ്ടാകുന്ന അവസരം വേണം ഉപയോഗപ്പെടുത്താനെന്നും വിദഗ്ധർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications