ഹജ്ജ്: അറഫയില്‍ സംഗമിച്ചത് 20 ലക്ഷത്തിലേറെ വിശ്വാസികള്‍, സൂര്യാസ്തമയത്തിന് ശേഷം മുസ്ദലിഫയിലേക്ക്
മക്ക: ഹജ്ജ് തീർത്ഥാടനത്തിലെ പ്രധാന ചടങ്ങായ അറഫ സംഗമത്തിന് തുടക്കം. രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി വന്നെത്തിയ 20 ലക്ഷത്തിലേറെ തീർത്ഥാടകരാണ് അറഫയില്‍ സംഗമിച്ചിരിക്കുന്നത്. അറഫ മൈതാനത്തെ നമിറാ പള്ളിയിൽ മുതിർന്ന പണ്ഡിത സഭാംഗം ശൈഖ് ഡോ. യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ്, അറഫ പ്രഭാഷണം നിർവഹിച്ചതോടെ സംഗമത്തിന് വിശ്വാസപരമായ തുടക്കം കുറിച്ചു.
വിശ്വാസ പ്രകാരം മുഹമ്മദ് നബി അദ്ദേഹത്തിന്റെ ഹജ്ജ് വേളയിൽ നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ചാണ് അറഫാ സംഗമവും പ്രഭാഷണവും നടത്തുന്നത്. ളുഹര്‍, അസര്‍ നമസ്കാരങ്ങൾ അറഫയില്‍ നിര്‍വഹിക്കുന്ന ഹാജിമാര്‍ സൂര്യാസ്തമനത്തിന് ശേഷം മുസ്ദലിഫയിലേക്ക് പോകും. അവിടെയാണ് രാപ്പാർക്കല്‍.

മുസ്ദലിഫയില്‍ നിന്നാണ് ജംറയിൽ പിശാചിനെ എറിയാനുള്ള കല്ലുകള്‍ ശേഖരിക്കുക. നാളെ ബലി പെരുന്നാള്‍ ദിനത്തില്‍ ബലികര്‍മവും മുടി മുറിക്കലും നടത്തും. തുടര്‍ന്ന് ജംറയിലെ ആദ്യ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജിന്‍റെ പ്രധാന ചടങ്ങുകൾ അവസാനിക്കും. തുടര്‍ന്ന് ഹറം പള്ളിയിലേക്കെത്തുന്ന തീര്‍ഥാടകര്‍ സഫ, മര്‍വ മലകൾക്കിടയില ഓട്ടം പൂര്‍ത്തീകരിച്ച് മിനായിലേക്ക് മടങ്ങും. ശനിയാഴ്ച വിടവാങ്ങൽ പ്രദക്ഷിണം കൂടി പൂർത്തിയാവുന്നതോടെ ഹജ്ജിന്റെ ചടങ്ങുകള്‍ പൂർത്തീകരിക്കും.
അതേസമയം, മക്കയിലും പരിസര പ്രദേശങ്ങളിലും അന്തരീക്ഷ താപനില ഉയർന്ന് വരുന്നതിനിടെ ഹജ്ജ് തീർത്ഥാടകർക്ക് സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയം ആരോഗ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തീർത്ഥാടകർ കുടകൾ ഉപയോഗിക്കുന്നതിനോടൊപ്പം ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നത്. പകല്‍ സമയങ്ങളില്‍ പരമാവാധി ശാരീരിക അദ്ധ്വാനമേറിയ പ്രവർത്തികള്‍ ഒഴിവാക്കുന്നതും ചൂട് മൂലമുണ്ടാകുന്ന ആരാഗ്യപ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ നല്ലതാണെന്നും ആരോഗ്യവകുപ്പ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
തലകറക്കം, അമിതമായ വിയർപ്പ്, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം, ക്ഷീണം, തലവേദന, പേശി അല്ലെങ്കിൽ വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, വിളറിയ ചർമ്മം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവർത്തകരുടെ സഹായം തേടണം. ചികിത്സതേടിയില്ലെങ്കില്‍ രോഗാവസ്ഥ ഗുരുതരമായ സാഹചര്യത്തിലേക്ക് നയിച്ചേക്കും. തീർഥാടകർക്ക് ഉഷ്ണാഘാതമുണ്ടായാൽ ചികിത്സ ഉറപ്പ് വരുത്താനായി 217 കിടക്കകൾ അടങ്ങുന്ന സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
പുണ്യസ്ഥലങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും സൂര്യാഘാതം എങ്ങനെ നേരിടണമെന്നത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും തീർത്ഥാടക സംഗമമായ ഹജ്ജ് തീർത്ഥാടനത്തിൽ പ്രതിവർഷം 2.6 ദശലക്ഷം മുസ്ലിം വിശ്വാസികളാണ് പങ്കെടുക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം ഇത് ആദ്യമായാണ് തീർത്ഥാടനത്തിനായി പരമാവധി പേർക്ക് സൗദി അറേബ്യ അനുമതി നല്‍കുന്നത്.












Click it and Unblock the Notifications