കുവൈത്ത് ദിനാര്‍ മൂല്യം കൂടുമെങ്കിലും ഇന്ത്യയ്ക്ക് നല്ലത് സൗദി അറേബ്യ; കാരണമുണ്ട്, ഈ കണക്ക് പറയും
ഗള്‍ഫിലെ ആറ് രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് നല്ല ബന്ധമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കുവൈത്ത് സന്ദര്‍ശിച്ചതും ഇനി സൗദി അറേബ്യ സന്ദര്‍ശിക്കാനിരിക്കുന്നതുമെല്ലാം ഈ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമാണ്. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണയ്ക്ക് വേണ്ടി ആശ്രയിക്കുന്നത് പശ്ചിമേഷ്യയിലെ രാജ്യങ്ങളെയാണ്. ജിസിസി രാജ്യങ്ങള്‍ മാത്രമല്ല, ഇറാഖ് ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളും ഇതില്‍പ്പെടും.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ സൗദി അറേബ്യയുടേതാണ്. അതുകൊണ്ടുതന്നെ സൗദിയുമായുള്ള ബന്ധം ഇന്ത്യയ്ക്ക് കൂടുതല്‍ മെച്ചവുമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധവും ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നുണ്ട്. സൗദിയാണോ കുവൈത്ത് ആണോ ഇന്ത്യയ്ക്ക് കൂടുതല്‍ നല്ലത് എന്നത് ഇനി പറയുന്ന കണക്ക് വ്യക്തമാക്കും...

നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം രണ്ട് തവണയാണ് സൗദി അറേബ്യ സന്ദര്‍ശിച്ചത്. 2016ലും 2019ലും. സൗദിയുമായുള്ള ബന്ധത്തിന് ഇന്ത്യ എത്രത്തോളം പ്രാധാന്യം നല്‍കുന്നു എന്നതിന്റെ സൂചനയാണിത്. എന്നാല്‍ കുവൈത്തിലേക്ക് ഇപ്പോഴാണ് മോദി എത്തുന്നത്. 43 വര്‍ഷത്തിന് ശേഷം കുവൈത്ത് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ് മോദി.
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം ശക്തമാണ്. 2022-23 സാമ്പത്തിക വര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 5200 കോടി ഡോളറിന്റേതായിരുന്നു. ഇക്കാലയളവില്‍ കുവൈത്തുമായുള്ള വ്യാപാരം 1300 കോടി ഡോളറിന്റേതും. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ നല്‍കുന്ന മൂന്നാമത്തെ രാജ്യം സൗദിയാണ്. കുവൈത്തിന് ആറാം സ്ഥാനമാണുള്ളത്.
സൗദിയില്‍ 26 ലക്ഷം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നു എന്നാണ് കണക്ക്. കുവൈത്തില്‍ പത്ത് ലക്ഷത്തോളം ഇന്ത്യക്കാരാണുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അതുകൊണ്ടു തന്നെ വാര്‍ഷിക ഹജ്ജ് കര്‍മത്തിന് വേണ്ടി ക്വാട്ട അനുവദിക്കുമ്പോള്‍ ഇന്ത്യയ്ക്ക് സൗദി അറേബ്യ കൂടുതല്‍ നല്‍കാറുണ്ട്.

സൗദി അറേബ്യയുടെയും കുവൈത്തിന്റെയും പ്രധാന വരുമാന മാര്‍ഗം ക്രൂഡ് ഓയിലും പ്രകൃതി വാതകവും തന്നെയാണ്. എന്നാല്‍ സൗദി അറേബ്യ അടുത്തിടെ മറ്റു വരുമാന മാര്‍ഗങ്ങളും തേടുന്നുണ്ട്. ഈ അവസരം ഇന്ത്യയും ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ്. സൗദിയുടെ പുതിയ സംരംഭങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള കമ്പനികളും ഭാഗമായിട്ടുണ്ട്.
1.11 ലക്ഷം കോടി ഡോളറിന്റെ ജിഡിപിയാണ് സൗദി അറേബ്യയുടേത്. 3.60 കോടി ജനങ്ങളും ഇവിടെയുണ്ട്. കുവൈത്തില്‍ പക്ഷേ, 45 ലക്ഷം ജനങ്ങളേയുള്ളൂ. അതായത്, ഏകദേശം മലപ്പുറം ജില്ലയില്‍ താമസിക്കുന്നതിന് തുല്യമായ അത്രയും ജനങ്ങള്‍. കുവൈത്തിന്റെ ജിഡിപി 17300 കോടി ഡോളറിന്റേതാണ്. സൗദിയേക്കാള്‍ എത്രയോ കുറഞ്ഞ ജിഡിപിയാണ് എന്ന് ചുരുക്കം.
എന്നാല്‍ കുവൈത്തിന്റെ പബ്ലിക് വെല്‍ത്ത് ഫണ്ടിന്റെ ആസ്തി 80000 കോടി ഡോളറാണ്. സൗദിയുടേത് 77600 കോടിയും. കുവൈത്തിന്റെ ആളോഹരി വരുമാനം 37000 ഡോളര്‍ വരും. സൗദിയുടേത് 30800 ആണുള്ളത്. എണ്ണ സംഭരണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് സൗദിക്ക്. 267 ബില്യണ്‍ ബാരല്‍ ശേഖരം സൗദിക്കുള്ളപ്പോള്‍ 102 ബില്യണ്‍ ബാരല്‍ മാത്രമേ കുവൈത്തിനുള്ളൂ. രൂപയുമായുള്ള കുവൈത്ത് ദിനാറിന്റെ മൂല്യം 276.26 ആണ്. സൗദി റിയാലുമായി 22.64 മാത്രം.












Click it and Unblock the Notifications