വേനല്‍ കടുക്കുന്നു; പുറംജോലികള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ യുഎഇ; ലംഘിച്ചാല്‍ 50,000 ദിര്‍ഹം വരെ പിഴ
ദുബായ്: യുഎഇയില്‍ ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ വാര്‍ഷിക സൂര്യാഘാത നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് 12:30 നും 3:00 നും ഇടയില്‍ നേരിട്ടുള്ള സൂര്യപ്രകാശത്തിലും തുറന്ന സ്ഥലങ്ങളിലുമുള്ള ഔട്ട്‌ഡോര്‍ ജോലികള്‍ക്ക് ഈ സമയപരിധിക്കുള്ളില്‍ വിലക്കുണ്ടാകും. തുടര്‍ച്ചയായി 22-ാം വര്‍ഷമാണ് ഈ നടപടി നടപ്പിലാക്കുന്നത്.
യുഎഇയുടെ സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനും വേനല്‍ക്കാലത്ത് തൊഴിലാളികളെ ചൂടുമായി ബന്ധപ്പെട്ട പരിക്കുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. നിബന്ധനകള്‍ അനുസരിച്ച്, നിരോധന സമയത്ത് തൊഴിലാളികള്‍ക്ക് തണലുള്ള വിശ്രമ സ്ഥലങ്ങള്‍ നിര്‍ബന്ധമായും ഒരുക്കണം. കൂടാതെ, ഫാനുകള്‍ പോലുള്ള തണുപ്പിക്കാനുള്ള ഉപകരണങ്ങള്‍, ആവശ്യത്തിന് കുടിവെള്ളം, മറ്റ് ജലാംശം നല്‍കാനുള്ള സജ്ജീകരണങ്ങള്‍ എന്നിവയും കമ്പനികള്‍ ഉറപ്പാക്കണം.

ചില പ്രത്യേക ജോലികള്‍ക്ക് ഈ നിയന്ത്രണങ്ങളില്‍ നിന്ന് ഇളവുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. സാങ്കേതിക കാരണങ്ങളാല്‍ തടസപ്പെടുത്താന്‍ സാധിക്കാത്ത ജോലികള്‍ ഇതില്‍പ്പെടും. അസ്ഫാല്‍റ്റ് പാകല്‍, കോണ്‍ക്രീറ്റ് ഒഴിക്കല്‍, വെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങിയ അവശ്യ സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ആവശ്യമായ അടിയന്തര അറ്റകുറ്റപ്പണികള്‍ എന്നിവ ഉദാഹരണങ്ങളാണ്.
ഇത് പ്രകാരം ജലവിതരണ തടസങ്ങള്‍, വൈദ്യുതി തടസങ്ങള്‍ അല്ലെങ്കില്‍ ഗതാഗത തടസങ്ങള്‍ പോലുള്ള സമൂഹത്തെ ബാധിക്കുന്ന അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനോ തകരാറുകള്‍ പരിഹരിക്കുന്നതിനോ ആവശ്യമായ ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തില്ല. കൂടാതെ, ഗതാഗതത്തെയും പൊതുജീവിതത്തെയും ബാധിക്കുന്നതിനാല്‍ ഒരു പ്രത്യേക സര്‍ക്കാര്‍ സ്ഥാപനത്തിന്റെ അനുമതി ആവശ്യമുള്ള ജോലികളും ഒഴിവാക്കലുകളില്‍ ഉള്‍പ്പെടുന്നു.
ഇളവുകളില്‍ ഉള്‍പ്പെടാത്ത മറ്റെല്ലാ മേഖലയിലും പ്രസ്തുത വിലക്ക് കര്‍ശനമായി നടപ്പാക്കും. നിരോധനം ലംഘിക്കുന്ന കമ്പനികള്‍ക്ക് ഒരു തൊഴിലാളിക്ക് 5,000 ദിര്‍ഹം പിഴ ചുമത്തും. ഒന്നിലധികം തൊഴിലാളികള്‍ ഉള്‍പ്പെട്ടാല്‍ പരമാവധി 50,000 ദിര്‍ഹം വരെ പിഴ ഈടാക്കാം.
കഴിഞ്ഞ വര്‍ഷം, ഹീറ്റ് സ്‌ട്രെസ് പ്രൊട്ടക്ഷന്‍ കാമ്പെയ്നിനിടെ കമ്പനികളില്‍ 99 ശതമാനം നിയമപാലനം ഉറപ്പാക്കാന്‍ കഴിഞ്ഞതായി മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഈ പദ്ധതിയുടെ ഭാഗമായി, രാജ്യത്തുടനീളമുള്ള ഡെലിവറി റൈഡര്‍മാര്‍ക്കായി സൗകര്യങ്ങളോടുകൂടിയ 10,000 എയര്‍ കണ്ടീഷന്‍ ചെയ്ത വിശ്രമ കേന്ദ്രങ്ങളും ഒരുക്കിയിരുന്നു. ഇത്തവണയും സമാനമായ നടപടികളാണ് യുഎഇ തൊഴില്‍, മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം സജ്ജീകരിച്ചിരിക്കുന്നത്.















Click it and Unblock the Notifications